02 April 2025, 05:45 PM IST

Photo: AP
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ യുവതാരങ്ങളില്‍ പ്രധാനിയായ യശസ്വി ജയ്‌സ്വാള്‍ കരിയറില്‍ ഒരു സുപ്രധാന തീരുമാനമെടുക്കാന്‍ ഒരുങ്ങുന്നു. അണ്ടര്‍ 19 മുതല്‍ മുംബൈ ടീമില്‍ കളിച്ചുവരുന്ന താരം അടുത്ത സീസണില്‍ മുംബൈ വിട്ട് ഗോവയിലേക്ക് ചേക്കേറാനൊരുങ്ങുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടീം മാറാന്‍ എന്‍ഒസി ആവശ്യപ്പെട്ട് ആവശ്യപ്പെട്ട് ജയ്സ്വാള്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന് ഇ-മെയില്‍ അയച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് താരം ടീം മാറാന്‍ തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
അടുത്തിടെ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍, സിദ്ധേഷ് ലാഡ് എന്നിവരും മുംബൈ ടീം വിട്ട് ഗോവന്‍ ടീമിലേക്ക് മാറിയിരുന്നു. താരങ്ങള്‍ അന്താരാഷ്ട്ര മത്സരങ്ങളില്ലാത്ത സമയത്ത് ആഭ്യന്തര മത്സരങ്ങള്‍ കളിക്കണമെന്ന് ബിസിസിഐയുടെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. ഇതോടെ ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ ട്രോഫിക്കു ശേഷം തിരികെയെത്തിയ ജയ്‌സ്വാള്‍ മുംബൈക്കായി രഞ്ജി ട്രോഫിയില്‍ കളത്തിലിറങ്ങുകയും ചെയ്തിരുന്നു.
ജയ്‌സ്വാള്‍ ഗോവയ്ക്കു വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും തങ്ങള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഗോവ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ശംഭ ദേശായി പിടിഐയോട് പ്രതികരിച്ചു. അടുത്ത സീസണ്‍ മുതല്‍ ജയ്‌സ്വാള്‍ ഗോവയ്ക്കായി കളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Young cricketer Yashavi Jaiswal is reportedly leaving Mumbai to articulation Goa`s cricket team








English (US) ·