Published: December 19, 2025 09:35 AM IST
1 minute Read
പുണെ∙ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാളിന് ഭക്ഷ്യവിഷബാധ. മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയ്ക്കു വേണ്ടി കളിച്ച താരത്തെ, ചൊവ്വാഴ്ച പുണെയിൽ രാജസ്ഥാനെതിരെ നടന്ന മത്സരത്തിനു ശേഷമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത വയറുവേദനയെ തുടർന്നു ചികിത്സ തേടിയ താരത്തെ അൾട്രാസൗണ്ട് സ്കാനിങ്ങിനും സിടി സ്കാനിങ്ങിനും വിധേയനാക്കിയിരുന്നു. ഹോട്ടലിൽനിന്നു കഴിച്ച ഭക്ഷണത്തിൽനിന്നാണ് ജയ്സ്വാളിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതെന്നു വൃത്തങ്ങൾ അറിയിച്ചു.
‘‘താരത്തിനു ഭക്ഷ്യവിഷബാധയാണ്. പുണെയിലെ ഹോട്ടലിൽ നിന്ന് എന്തോ കഴിച്ചതാണ് കാരണം. വേദന ഉണ്ടായിരുന്നു, പക്ഷേ കൃത്യസമയത്ത് മരുന്ന് കഴിച്ചതിനാൽ അദ്ദേഹത്തിന്റെ നില വളരെ മെച്ചപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ അദ്ദേഹത്തിന് രണ്ട് കിലോയിലധികം ഭാരം കുറഞ്ഞു, അടുത്ത 7-10 ദിവസത്തേക്കെങ്കിലും വിശ്രമിക്കാൻ ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്.’’– ആശുപത്രി അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
മത്സരത്തിലുടനീളം ജയ്സ്വാളിനു വയറുവേദന അനുഭവപ്പെട്ടിരുന്നു. മത്സരത്തിനു ശേഷം നില വഷളായതോടെ ആദിത്യ ബിർള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടർമാർ വിശ്രമം നിർദേശിച്ചതോടെ ഡിസംബർ 24ന് ആരംഭിക്കുന്ന ആഭ്യന്തര ഏകദിന ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ കുറച്ച് റൗണ്ട് മത്സരങ്ങൾ ജയ്സ്വാളിന് നഷ്ടമായേക്കാം. ജനുവരിയിൽ ആരംഭിക്കുന്ന ന്യൂസീലൻഡിനെതിരായ പരമ്പരയ്ക്കു മുൻപു താരം ആരോഗ്യം വീണ്ടെടുക്കുമെന്നാണ് കരുതുന്നത്.
English Summary:








English (US) ·