Published: April 03 , 2025 08:27 PM IST
1 minute Read
മുംബൈ∙ ആഭ്യന്തര ക്രിക്കറ്റിൽ ഗോവയ്ക്കായി കളിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാൾ തീരുമാനിച്ചത്, മുംബൈ ടീമിലെ പ്രശ്നങ്ങളെ തുടർന്നെന്നു റിപ്പോർട്ട്. മുംബൈ ടീം മാനേജ്മെന്റിലെ ചിലരുമായി ജയ്സ്വാളിന് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. കഴിഞ്ഞ സീസണിലെ പ്രശ്നങ്ങളെ തുടർന്നാണ് ജയ്സ്വാൾ ക്ലബ്ബ് വിടുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അടുത്ത ആഭ്യന്തര ക്രിക്കറ്റ് സീസണിൽ ക്യാപ്റ്റനായാണ് ജയ്സ്വാൾ ഗോവയിൽ കളിക്കുക.
‘‘ഗോവ എന്നെ ക്യാപ്റ്റനാക്കാമെന്നു പറഞ്ഞിട്ടുണ്ട്. ടീം ഇന്ത്യയ്ക്കു വേണ്ടി തിളങ്ങുകയെന്നതാണ് എപ്പോഴും എന്റെ പ്രഥമ പരിഗണന. മത്സരങ്ങൾ ഇല്ലാത്ത സമയങ്ങളിൽ ഗോവയ്ക്കു വേണ്ടി കളിക്കും. അവരെ കൂടുതൽ കരുത്തരാക്കുകയാണു ലക്ഷ്യം. മുംബൈ വിടുകയെന്നത് ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. എന്നെ ഞാനാക്കിയത് മുംബൈ ആയിരുന്നു. അതിന്റെ കടപ്പാട് മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് എപ്പോഴും ഉണ്ടാകും.’’– ജയ്സ്വാൾ ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.
കഴിഞ്ഞ സീസണിലെ ജമ്മു കശ്മീരിനെതിരായ മത്സരത്തിനിടെ ജയ്സ്വാൾ മുംബൈ മാനേജ്മെന്റിലെ ഒരു മുതിർന്ന അംഗവുമായി തർക്കിച്ചിരുന്നു. മത്സരം തിരിച്ചുപിടിക്കാൻ മുംബൈ പൊരുതുന്നതിനിടെ, ജയ്സ്വാളിന്റെ ഷോട്ട് സിലക്ഷനെ മുംബൈ മാനേജ്മെന്റ് ചോദ്യം ചെയ്തെന്നാണു വിവരം. മുംബൈ പ്രതിനിധിക്ക് മറുപടിയുമായി ജയ്സ്വാളുമെത്തിയതോടെ പ്രശ്നങ്ങൾ തുടങ്ങി. ടീം മാറണമെന്ന ആവശ്യം ജയ്സ്വാൾ ഉന്നയിച്ചതിനു പിന്നാലെ മുംബൈ മാനേജ്മെന്റ് കൂടുതൽ ചര്‍ച്ചകൾക്കു നിൽക്കാതെയാണു താരത്തിന് അനുമതി നൽകി.
ആഭ്യന്തര സീസണിന്റെ സമയത്തു തന്നെ രാജ്യാന്തര മത്സരങ്ങളും നടക്കുന്നതിനാൽ ജയ്സ്വാളിനെ ഗോവയ്ക്ക് എത്ര മത്സരങ്ങളിൽ ലഭിക്കുമെന്നു വ്യക്തമല്ല. ഉത്തർപ്രദേശിലെ ബദോഹി സ്വദേശിയായ ജയ്സ്വാൾ ക്രിക്കറ്റിലെ കൂടുതൽ സൗകര്യങ്ങൾ തേടി 12–ാം വയസ്സിലാണു മുംബൈയിലെത്തിയത്. മുംബൈയുടെ താരമായിരുന്ന അർജുൻ തെൻഡുൽക്കറും കഴിഞ്ഞ സീസണിൽ ഗോവയിലാണു കളിച്ചത്.
2022 ലെ ദുലീപ് ട്രോഫിക്കിടെ മോശം പെരുമാറ്റത്തിന്റെ പേരിൽ ജയ്സ്വാളിനെ ഗ്രൗണ്ടിൽനിന്ന് പുറത്താക്കിയിരുന്നു. സൗത്ത് സോൺ താരം രവി തേജയെ തുടര്‍ച്ചയായി സ്ലെഡ്ജ് ചെയ്തതോടെ, വെസ്റ്റ് സോൺ ക്യാപ്റ്റനായിരുന്ന അജിൻക്യ രഹാനെയാണു താരത്തോട് ഗ്രൗണ്ട് വിടാൻ ആവശ്യപ്പെട്ടത്. ഈ മത്സരത്തിൽ ജയ്സ്വാൾ ഡബിൾ സെഞ്ചറി സ്വന്തമാക്കിയിരുന്നു.
English Summary:








English (US) ·