യാചിക്കുകയല്ല; ചാൾസ് രാജാവ് എന്റെ സിനിമ കാണണം, കണ്ടാൽ അവർ മാപ്പുപറയും- അക്ഷയ് കുമാർ

9 months ago 11

12 April 2025, 12:52 PM IST

Akshay Kumar Kesari Chapter 2

അക്ഷയ് കുമാർ, കേസരി ചാപ്റ്റർ 2-ന്റെ പോസ്റ്റർ | Photo: AFP, Special Arrangement

വരാനിരിക്കുന്ന തന്റെ ചിത്രം 'കേസരി ചാപ്റ്റര്‍ 2' ചാള്‍സ് രാജാവും ബ്രിട്ടീഷ് സര്‍ക്കാരും കാണണമെന്ന ആവശ്യവുമായി അക്ഷയ് കുമാര്‍. തന്റെ സിനിമ കണ്ടുകഴിഞ്ഞാല്‍ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടന്‍ മാപ്പുപറയുമെന്നും അക്ഷയ് കുമാര്‍ അവകാശപ്പെട്ടു. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അക്ഷയ് കുമാര്‍. ഏപ്രില്‍ 18-നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

'അവര്‍ മാപ്പ് പറയണമെന്ന് പിച്ചപ്പാത്രവുമായി ഞാന്‍ യാചിക്കുകയല്ല. അവര്‍ ഈ ചിത്രം കണ്ടശേഷം തെറ്റ് തിരിച്ചറിയണം. മറ്റ് കാര്യങ്ങള്‍ അവരുടെ വായില്‍നിന്ന് സ്വാഭാവികമായി വരും. ക്ഷമാപണം തീര്‍ച്ചയായും സംഭവിക്കും, അത് സ്വാഭാവികമായി നടക്കും. പക്ഷേ അവര്‍ ഈ സിനിമ കാണണം. ബ്രിട്ടീഷ് സര്‍ക്കാരും ചാള്‍സ് രാജാവും സിനിമ കാണണം. എന്താണ് സംഭവിച്ചതെന്ന് അവര്‍ മനസിലാക്കണം. ബാക്കിയെല്ലാം സ്വാഭാവികമായി സംഭവിക്കും',- എന്നായിരുന്നു അക്ഷയ് കുമാറിന്റെ വാക്കുകള്‍.

'എന്റെ മുത്തച്ഛന്‍ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ ദൃക്‌സാക്ഷിയാണ്. അദ്ദേഹം എന്റെ അച്ഛനോടും അച്ഛന്‍ എന്നോടും സംഭവത്തിന്റെ കഥകള്‍ പറഞ്ഞുതന്നിട്ടുണ്ട്. ഞാന്‍ കുട്ടിക്കാലംതൊട്ട് കൂട്ടക്കൊലയെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്, അതിനാല്‍ ചിത്രം എനിക്ക് ഒരുപാട് വിശേഷപ്പെട്ടതാണ്. സംഭവം എന്റെ മനസ്സില്‍ പതിഞ്ഞുകിടപ്പുണ്ട്. നാം ശരിക്കുമെന്താണോ അറിയേണ്ടത്, അത് ചരിത്രം പഠിപ്പിക്കുന്നില്ല എന്നതാണ് അത്ഭുതപ്പെടുത്തുന്നകാര്യം',- നടന്‍ അഭിപ്രായപ്പെട്ടു.

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ കഥപറയുന്ന ചിത്രമാണ് 'കേസരി ചാപ്റ്റര്‍ 2'. 1919-ലെ ബ്രിട്ടീഷുകാര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതാവായ ബാരിസ്റ്റര്‍ സി. ശങ്കരന്‍ നായര്‍ നടത്തിയ പോരാട്ടമാണ് ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. യഥാര്‍ഥ സംഭവങ്ങള്‍ക്കൊപ്പം ശങ്കരന്‍ നായരുടെ ചെറുമകനും സാഹിത്യകാരനുമായ രഘു പാലാട്ട് അദ്ദേഹത്തിന്റെ ഭാര്യ പുഷ്പ പാലാട്ട് എന്നിവര്‍ ചേര്‍ന്നെഴുതിയ 'ദി കേസ് ദാസ് ഷൂക്ക് ദി എംപയര്‍' എന്ന പുസ്‌തകത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊള്ളുന്നതാണ് സിനിമ. ശങ്കരന്‍ നായരുടെ വേഷത്തിലാണ് ചിത്രത്തില്‍ അക്ഷയ് കുമാര്‍ എത്തുന്നത്.

Content Highlights: Akshay Kumar: ‘I privation the British Government, King Charles to ticker Kesari 2’

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article