‘യാതൊരു ഈഗോയുമില്ലാത്ത നല്ലൊരു ക്യാപ്റ്റൻ’: കിരീടവിജയത്തിനു പിന്നാലെ ആർസിബി ക്യാപ്റ്റൻ രജത് പാട്ടിദാറിനെ പുകഴ്ത്തി ഗാവസ്കർ

7 months ago 9

ഓൺലൈൻ ഡെസ്ക്

Published: June 05 , 2025 09:20 AM IST

1 minute Read

സുനിൽ ഗാവസ്കർ, വിരാട് കോലിയും രജത് പാട്ടിദാറും
സുനിൽ ഗാവസ്കർ, വിരാട് കോലിയും രജത് പാട്ടിദാറും

മുംബൈ∙ വിരാട് കോലി ഉൾപ്പെടെ ലോക ക്രിക്കറ്റിലെ മഹാരഥൻമാരിൽ പലരും പയറ്റി നോക്കിയിട്ടും വഴങ്ങാതെ നിന്ന ഐപിഎൽ കിരീടമാണ്, അത്രയൊന്നും പ്രശസ്തനല്ലാത്ത രജത് പാട്ടിദാർ എന്ന മധ്യപ്രദേശുകാരൻ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനു നേടിക്കൊടുത്തിരിക്കുന്നത്. താരനിബിഡമായിരുന്ന കാലത്തുപോലും ആർസിബിക്ക് നേടാനാകാതെ പോയ കിരീടമാണ്, അത്ര താരനിബിഡമല്ലാത്തൊരു സ്ക്വാഡുമായി പാട്ടിദാർ സ്വന്തമാക്കിയിരിക്കുന്നത്. ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെ ആറു റൺസിനു തകർത്താണ് ആർസിബി കന്നി ഐപിഎൽ കിരീടം സ്വന്തമാക്കിയത്.

ഇതിനു പിന്നാലെ രജത് പാട്ടിദാറിന്റെ നായകമികവിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകാണ് മുൻ ഇന്ത്യൻ നായകനും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ. യാതൊരു ഈഗോയുമില്ലാത്ത നല്ലൊരു നായകനെന്നാണ് രജതിന് ഗാവസ്കറിന്റെ വിശേഷണം.

‘‘അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി വളരെ മികച്ചതായിരുന്നു. ഇത്രയും സൂപ്പർതാരങ്ങൾ നിറഞ്ഞ ഒരു ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരും ഒന്നു മടിക്കേണ്ടതാണ്. അവരെ വേണ്ടവിധം കൈകാര്യം ചെയ്യാൻ തന്നെക്കൊണ്ട് സാധിക്കുമോ എന്ന സംശയമാകും കാരണം. എന്നാൽ, രജത് പാട്ടിദാർ ഈ ടീമിനെ നയിച്ച രീതിയും അതിനായി സൂപ്പർതാരങ്ങളിൽനിന്ന് ഉൾപ്പെടെ പിന്തുണ ആർജിച്ചതും അദ്ദേഹത്തിന്റെ നായക മികവിന്റെ ഉദാഹരണങ്ങളാണ്’ – ഗാവസ്കർ പറഞ്ഞു.

‘‘യാതൊരു വിധത്തിലുമുള്ള ഈഗോയില്ലാത്ത വ്യക്തിയാണ് പാട്ടിദാർ. ഏതു സമയത്ത് ആവശ്യം വന്നാലും യാതൊരു മടിയും കൂടാതെ സീനിയർ താരങ്ങളെ സമീപിക്കാനും അവരുടെ ഉപദേശങ്ങൾ തേടാനും അദ്ദേഹം മടി കാണിച്ചില്ല. സീനിയർ താരങ്ങളെ സമീപിക്കാനുള്ള അദ്ദേഹത്തിന്റെ താൽപര്യം തന്നെ ഈഗോയില്ലാത്ത ഒരു നല്ല നായകന്റെ ലക്ഷണമാണ്. ഈഗോയൊന്നുമില്ലാത്ത ഒരു വ്യക്തിയായിരിക്കണം ക്യാപ്റ്റൻ. ടീമിന്റെ നന്മയാകണം ക്യാപ്റ്റന്റെ ലക്ഷ്യം. പാട്ടിദാറിന്റെ കാര്യത്തിൽ ഇതെല്ലാം ഒത്തുവന്നു’ – ഗാവസ്കർ പറഞ്ഞു.

രജത് പാട്ടിദാറിനു പുറമേ ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യർ, ശുഭ്മൻ ഗിൽ തുടങ്ങിയവരും അവരുടെ ടീമുകളെ നല്ല രീതിയിൽ നയിച്ചതായി ഗാവസ്കർ വിലയിരുത്തി. എത്ര മികച്ച ക്യാപ്റ്റൻമാരായാലും ഒരാൾക്കു മാത്രമേ കിരീടം നേടാനാകൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ ക്രിക്കറ്റിൽ ഇപ്പോൾ നേതൃമികവുള്ള ഒട്ടേറെപ്പേരുണ്ടെന്നും ഗാവസ്കർ പറഞ്ഞു.

English Summary:

Sunil Gavaskar lauds Rajat Patidar's captaincy successful RCB's IPL 2025 win

Read Entire Article