31 May 2025, 06:52 PM IST
.jpg?%24p=c2fae31&f=16x10&w=852&q=0.8)
യാത്രയയപ്പ് യോഗത്തിൽ മറുപടി പ്രസംഗത്തിനിടെ ഷൈനി വിൽസൺ വിങ്ങിപ്പൊട്ടിക്കരയുന്നു
ചെന്നൈ: യാത്രയയപ്പ് യോഗത്തിനിടെ വിങ്ങിപ്പൊട്ടി ഇന്ത്യയുടെ അഭിമാനമായ കായികതാരം ഒളിമ്പ്യന്‍ ഷൈനി വില്‍സണ്‍. ചെന്നൈയിലെ ഹോട്ടലില്‍ സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്രയയപ്പിലാണ് ഷൈനി സംസാരം തുടരാനാകാതെ വിങ്ങിപ്പൊട്ടിയത്. എല്ലാവര്‍ക്കും ഒറ്റവാക്കില്‍ നന്ദിപറഞ്ഞ് ഷൈനി മറുപടി പ്രസംഗം അവസാനിപ്പിച്ചു. തുടര്‍ന്ന് ഇരിപ്പിടത്തിലേക്ക് മടങ്ങിയ അവര്‍ സാരിത്തലപ്പുകൊണ്ട് കണ്ണുതുടച്ചതോടെ സദസ്സ് വികാരനിര്‍ഭരമായി. തൊടുപുഴ സ്വദേശിയായ ഷൈനി വില്‍സണ്‍ തുടര്‍ച്ചയായി നാല് ഒളിമ്പിക്‌സുകളില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തിട്ടുള്ള കായികതാരമാണ്.
41 വര്‍ഷത്തെ സേവനത്തിനുശേഷമാണ് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എഫ്‌സിഐ) ജനറല്‍ മാനേജര്‍ പദവിയില്‍നിന്ന് ഷൈനി വിരമിക്കുന്നത്. 1984 മാര്‍ച്ച് 16-ന് പതിനെട്ടാം വയസ്സില്‍ എഫ്‌സൈഐയുടെ തിരുവനന്തപുരം ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ച ഷൈനി മുംബൈയിലും ജോലിചെയ്തു.
ഇടുക്കി ജില്ലയിലെ തൊടുപുഴ വഴിത്തല കുരിശിങ്കല്‍ എബ്രാഹമിന്റെയും മറിയാമ്മയുടെയും മകളായി 1965 മേയ് എട്ടിനായിരുന്നു ജനനം. പാലാ അല്‍ഫോന്‍സാ കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ അഖിലേന്ത്യാ അന്തസ്സര്‍വകലാശാലാ അത്‌ലറ്റിക് മീറ്റില്‍ വ്യക്തിഗത ചാമ്പ്യനായതിനു പിന്നാലെ എഫ്‌സിഐയില്‍ ക്ലാര്‍ക്കായി നിയമനം കിട്ടി. തുടര്‍ന്ന് പ്രമോഷനുകള്‍ ലഭിച്ചു.
ലോസ് ആഞ്ജലീസ്, സോള്‍, ബാഴ്‌സലോണ, അറ്റ്‌ലാന്റ ഒളിമ്പിക്‌സുകളില്‍ തുടര്‍ച്ചയായി പങ്കെടുത്ത ഷൈനി 1992-ല്‍ ബാഴ്‌സലോണ ഒളിമ്പിക്‌സില്‍ ദേശീയ പതാകയേന്തിയ ആദ്യ ഇന്ത്യന്‍ വനിതയായി. 75 രാജ്യാന്തര മീറ്റുകളില്‍ മത്സരിച്ചു. എണ്‍പതിലേറെ രാജ്യാന്തര മെഡലുകള്‍ സ്വന്തമാക്കി. അര്‍ജുന, പദ്മശ്രീ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മക്കള്‍: ശില്പ വില്‍സണ്‍, സാന്ദ്ര വില്‍സണ്‍, ഷെയിന്‍ വില്‍സണ്‍.
Content Highlights: shiny wilson status farewell speech








English (US) ·