ന്യൂഡല്‍ഹി: ഐപിഎൽ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പേസർ യാഷ് ദയാലിനെതിരേ കൂടുതൽ ആരോപണങ്ങളുമായി യുവതി. യാഷ് ദയാൽ പണം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതായി ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിനിയായ യുവതി ആരോപിക്കുന്നു. യാഷ് ദയാലിന്റെ വീട്ടിൽ 15 ദിവസം താമസിച്ചിരുന്നുവെന്നും ഇരുവരും ഒന്നിച്ച് ഊട്ടിയിലേക്ക് യാത്ര പോയിരുന്നതായും അവർ പറഞ്ഞു. യാഷ് ദയാൽ വിവാഹ വാഗ്ദാനം നല്‍കി ചൂഷണം ചെയ്തുവെന്ന് യുവതി പരാതി നൽകിയതായുള്ള വാർത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.
ഞാൻ യാഷ് ദയാലിന്റെ വീട്ടിൽ 15 ദിവസം താമസിച്ചു. യാഷ് എന്നെ ഊട്ടിയിലേക്ക് ഒരു യാത്രയ്ക്കും കൊണ്ടുപോയിട്ടുണ്ട്. ഞാൻ പലതവണ വീട്ടിൽ പോകുകയും യാഷിന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. വിവാഹ വാഗ്ദാനം നൽകി യഷ് ദയാലും കുടുംബവും എനിക്ക് പ്രതീക്ഷ നൽകിക്കൊണ്ടിരുന്നു. - യുവതി പറഞ്ഞതായി ദൈനിക് ഭാസ്കർ റിപ്പോർട്ട് ചെയ്യുന്നു.
യാഷ് ദയാൽ പണം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമം നടത്തിയതായും യുവതി ആരോപിച്ചു. എനിക്ക് നിയമത്തിൽ പൂർണ്ണ വിശ്വാസമുണ്ട്. യാഷ് ദയാലിന് നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് പോലീസ് അറിയിച്ചത്- യുവതി പറഞ്ഞു. 2022 ഐപിഎൽ ഫൈനൽ കാണാൻ യാഷ് ദയാലിന്റെ കുടുംബത്തോടടൊപ്പം യുവതി സ്റ്റേഡിയത്തിൽ എത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.
യാഷ് ദയാലുമായി അഞ്ചു വര്‍ഷത്തോളമായി അടുത്ത ബന്ധമുണ്ടെന്നും അയാള്‍ തന്നെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്‌തെന്നുമാണ് നേരത്തേ യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് ഇയാള്‍ പലപ്പോഴായി പണം വാങ്ങിയിട്ടുണ്ടെന്നും നിരവധി പെണ്‍കുട്ടികളെ ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ടെന്നും യുവതി ആരോപിച്ചു. ഇക്കാര്യങ്ങള്‍ സാധൂകരിക്കുന്ന ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍, വിഡിയോ കോള്‍ രേഖകള്‍, ഫോട്ടോകള്‍ എന്നിവ തെളിവായി തന്റെ പക്കലുണ്ടെന്നും പരാതിയിലുണ്ട്.
മരുമകളെന്ന് പറഞ്ഞാണ് കുടുംബം പരിചയപ്പെടുത്തിയത്. ഭര്‍ത്താവിനെ പോലെയായിരുന്നു യാഷിന്റെ പെരുമാറ്റം. അങ്ങനെയാണ് താന്‍ അദ്ദേഹത്തെ വിശ്വസിച്ചത്. കബളിപ്പിക്കുകയാണെന്ന് മനസിലാക്കി പ്രതികരിച്ചപ്പോള്‍ യാഷ് ദയാല്‍ മര്‍ദിച്ചതായും പരാതിയിലുണ്ട്. തന്നെ ശാരീരികവും മാനസികവുമായി ദയാല്‍ പീഡിപ്പിച്ചുവെന്നും യുവതി പറയുന്നു. താനുമായി ബന്ധത്തിലായിരുന്ന സമയത്ത് ദയാലിന് മറ്റ് സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും യുവതി ആരോപിച്ചു.
പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗാസിയാബാദിലെ ഇന്ദിരാപുരം പോലീസിനോട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഐജിആര്‍എസില്‍ സമര്‍പ്പിച്ച പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിന് ജൂലൈ 21 വരെ സമയം നല്‍കിയിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു. 2025 ജൂണ്‍ 14-ന് വനിതാ ഹെല്‍പ്പ് ലൈനിലും പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. പക്ഷേ, ആ പരാതി മുന്നോട്ടുപോയില്ല. ഇതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാന്‍ യുവതി തീരുമാനിച്ചത്. ഇത്തവണ ഐപിഎല്‍ കിരീടം നേടിയ ആര്‍സിബിക്കായി 15 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ താരമാണ് യാഷ് ദയാല്‍.
Content Highlights: allegation against yash dayal rcb prima constabulary investigation








English (US) ·