
പ്യാർ ഹുവാ... ഇഖാർ ഹുവാ ഗാനരംഗത്തിൽ നിന്നും ഇഞ്ചിയോൺ ഏഷ്യൻ ഗെംയിസിൻ്റെ ഓപ്പണിങ് സെറിമണിയിലവതരിപ്പിച്ച നൃത്തം | Photo: Screengrab, PTI
'ദംഗലും' 'ബജരംഗ് ദേ ബായീജാനു'മടക്കുമുള്ള ബോളിവുഡ് സിനിമകള്‍ ചൈനീസ് സിനിമാപ്രേമികളുടെ ഇടയില്‍ ഓളങ്ങള്‍ സൃഷ്ടിച്ചതും ദൃശ്യം ചൈനീസിലേക്ക് റീമേക്ക് ചെയ്തതും ശ്രദ്ധനേടിയതും അടുത്തിടെ തമിഴ് സിനിമ മഹാരാജ ചൈനാക്കാര്‍ രണ്ടുകയ്യും നീട്ടി സ്വീകരിച്ചതുമൊക്കെ വായിക്കുമ്പോള്‍ ഇഞ്ചിയോണിലെ ആ തണുത്ത വെളുപ്പാന്‍ കാലത്തേക്ക് പോകും. അവിടെ വച്ചാണല്ലോ ഹിന്ദി സിനിമാപ്പാട്ടു പാടി മുതിര്‍ന്ന ചൈനീസ് മാധ്യമ പ്രവര്‍ത്തകന്‍ ഞെട്ടിച്ചത്. അന്നനുഭവിച്ച ആ വികാരം എത്ര എഴുതിയാലും പ്രകടിപ്പിക്കാനാവില്ല.
വളണ്ടിയര്‍ പെണ്‍കുട്ടിയുടെ പിന്നാലെ വിമാനത്താവളത്തിലേക്കുള്ള ബസ് പിടിക്കാനോടിയ ഓട്ടത്തിന്റെ ടെന്‍ഷന്‍ മാറിയിട്ടില്ല. ബസ് വിടാന്‍ സമയവുമുണ്ട്. പരിസരമൊക്കെ വീക്ഷിച്ചു നില്‍ക്കുമ്പോള്‍ ചുമലില്‍ രണ്ട് വലിയ ബാഗുകളുമായി ഏകദേശം ആറടിയലധികം പൊക്കവും അതിനു തക്ക ശരീരവുമുള്ള ഒരു സ്ത്രീ ഓടിക്കിതച്ചു വരുന്നു. ക്യാമറയും മറ്റ് അനുബന്ധ ഉപകരണങ്ങളുമാണ് രണ്ടു വലിയ ബാഗുകളുമായി അവരുടെ തോളിലുള്ളതെന്ന് അടുത്തെത്തിയപ്പോള്‍ മനസിലായി. കസാഖ്സ്താനില്‍ നിന്നുള്ള ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകയാണ്.
അസാമാന്യ കരുത്തുണ്ടെങ്കിലേ ഇത്രയും ഭാരവും വഹിച്ചുകൊണ്ട് ഓടാനാകൂ. അടുത്തെത്തിയതോടെ അവര്‍ ഹൃദയം തുറന്നൊരു പുഞ്ചിരി പാസാക്കി. അതിനുശേഷം സംഭാഷണം തുടങ്ങി. ഇഞ്ചിയോണ്‍ വിമാനത്താവളത്തിലേക്കുള്ള ബസ് എപ്പോള്‍ പുറപ്പെടുമെന്നാണ് അവര്‍ക്ക് അറിയേണ്ടത്. നാലുമണിക്കെന്നു ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് സന്തോഷമായി. കൊണ്ടുവന്ന രണ്ട് ബാഗുകളും അവര്‍ എന്റെ അടുത്തു തന്നെ വച്ചു. ഇനി രണ്ട് ബാഗുകള്‍ കൂടി റൂമില്‍ നിന്ന് എടുക്കാനുണ്ട്. അവര്‍ വരുന്നതുവരെ ഈ രണ്ട് ബാഗുകളും ഞാന്‍ ഒന്നു ശ്രദ്ധിച്ചേക്കാമോ എന്നായി എന്നോടുള്ള ചോദ്യം. സന്തോഷത്തോടെ ഞാന്‍ തലയാട്ടി. ഒരിക്കല്‍ക്കൂടി വിശാലമായ ഒരു ചിരി സമ്മാനിച്ചശേഷം അവര്‍ ഇരുട്ടിലേക്ക് ധൃതിയില്‍ നടന്നു മറഞ്ഞു. വീണ്ടും ഓരോന്ന് ആലോചിച്ചുനില്‍ക്കുമ്പോഴാണ് എന്നെ എന്നും അസ്വസ്ഥനാക്കുന്ന ആ മണം കടന്നുവന്നത്. മറ്റൊന്നുമല്ല. സിഗരറ്റുപുകയുടെ മണം തന്നെ. എന്റെ ശ്വാസകോശവും സിഗരറ്റ് പുകയും ആജന്മശത്രുക്കളാണ്. സിഗരറ്റ് പുക അടിക്കുമ്പോള്‍ തന്നെ ശ്വാസം നിന്നുപോകുന്ന അവസ്ഥ. ഇതറിയാവുന്ന വലിയന്‍മാരായ സുഹൃത്തുക്കള്‍ ഞാനുള്ള കമ്പനിയില്‍ സിഗരറ്റ് വലിക്കാതെ ത്യാഗം ചെയ്യും. അല്ലെങ്കില്‍ അവിടെ നിന്നും മാറി ഞാന്‍ ത്യാഗിയാകും.
തണുപ്പിന്റെ അസ്‌കിതയ്ക്കിടെയാണ് അസ്വസ്ഥ സൃഷ്ടിച്ചുകൊണ്ട് സിഗരറ്റ് പുകയുടെ വരവ്. ഒരു പത്തുപതിനഞ്ച് മീറ്റര്‍ അകലെ നിന്നു ആരെങ്കിലും വലിച്ചാലും മണം എന്റെ ശ്വാസകോശത്തെ ബുദ്ധിമുട്ടിലാക്കും. ആരാണ് സിഗരറ്റ് വലിക്കുന്നതെന്നറിയാന്‍ ചുറ്റും നോക്കി. അടുത്തെങ്ങും ആരെയും കാണുന്നില്ല. ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് ബസ് സ്റ്റോപ്പിന്റെ പിന്നിലുള്ള ഒരു മരത്തിന്റെ ചുവട്ടില്‍ ഒരു കുറിയ മനുഷ്യന്‍ നിന്ന് ആസ്വദിച്ച് പുക ഊതി വിടുന്നു. ദൈവമേ... ഇയാളെപ്പോള്‍ വന്നു. ഞാന്‍ അറിഞ്ഞതേയില്ലല്ലോ?
തിരിഞ്ഞു നോക്കിയതോടെ അദ്ദേഹം എന്നെ കണ്ടു. തുടര്‍ന്ന് എന്റെ അടുത്തേക്ക് നടന്നു വന്നു. 'ഈ കുരിശ് എന്നെയുംകൊണ്ടേ പോകുകയുള്ളോ?'. ഏതായാലും സിഗരറ്റ് പുക അടിക്കാതിരിക്കാന്‍ ഞാന്‍ കയ്യിലുള്ള തൂവാല മൂക്കില്‍ അമര്‍ത്തിപ്പിടിച്ചു. ഭാഗ്യം... എന്റെ അടുത്തെത്തിയപ്പോഴേക്കും അദ്ദേഹം സിഗരറ്റ് ദൂരേയ്ക്ക് എറിഞ്ഞു കളഞ്ഞിരുന്നു. ഞങ്ങള്‍ മുഖാമുഖമെത്തിയപ്പോഴേക്കും അദ്ദേഹം നല്ലൊരു ചിരിയും പാസാക്കി. ഇതു കൊള്ളാമല്ലോ? പുലര്‍ച്ചെ ടെന്‍ഷനോടെയാണ് തുടങ്ങിയതെങ്കിലും ഇപ്പോള്‍ ഹൃദയം കുളിര്‍പ്പിക്കുന്ന ചിരികള്‍ ഒന്നിനു പിറകെ ഒന്നായി കിട്ടുന്നു. അല്ലേലും ആരെങ്കിലും നമ്മളെ നോക്കി ഒന്നു ചിരിക്കുന്നത് എത്ര സന്തോഷമുള്ള കാര്യമാണ്. നമ്മള്‍ പലപ്പോഴും ചിരിക്കാന്‍ മറക്കുമെങ്കിലും. ചിരിക്കു പിന്നാലെ ഒരു ചോദ്യമാണ് വന്നത്. 'യു ഇന്‍ഡ്യന്‍? 'യേസ് ' ഞാന്‍ മറുപടി പറഞ്ഞു. 'ഐആം ചൈനീസ്..' അദ്ദേഹം കൈ നീട്ടി. ചൈനീസ് മാധ്യമ പ്രവര്‍ത്തകനാണ്... പിന്നെ നടന്നത് എന്നെ ഞെട്ടിച്ചു കളഞ്ഞു. 'പ്യാര്‍ ഹുവാ.. ഇഖാര്‍ ഹുവാ, പ്യാര്‍ സെ ഫിര്‍ ക്യോ ദര്‍താ ഹേ ദില്‍.. 'ഇഞ്ചിയോണിലെ ആ തണുത്ത വെളുപ്പാന്‍കാലത്ത് അറുപതു വയസ്സെങ്കിലും വരുന്ന ആ ചൈനക്കാരൻ ചുവടുവച്ചു പാടുകയാണ്.
ദൈവമേ... രാജ്കപൂറിന്റെ ശ്രീ 420 (ശ്രീ ചാര്‍സൗ ബീസ് ) -യിലെ പ്രശസ്തമായ ഗാനം. നനുത്തു പെയ്യുന്ന മഴയത്ത് രാജ്കപൂറും നര്‍ഗീസും മന്നാഡേയുടെയും ലതാ മംഗേഷ്‌കറുടെയും സ്വരത്തില്‍ പാടിയഭിനയിച്ച രംഗം ഓര്‍മകളിലെത്തി. ഇഞ്ചിയോണിലെ ആ തണുപ്പിലും എന്റെ രോമങ്ങള്‍ അഭിമാനംകൊണ്ട് എഴുന്നുനിന്നു. മഴയും കുടയുമൊന്നുമില്ലെങ്കിലും എനിക്കും ഒന്നു ഡാന്‍സ് ചെയ്യാന്‍ തോന്നി.
നാലുവരികള്‍ പാടിയ ശേഷം അദ്ദേഹം പറഞ്ഞു... 'യുവര്‍ ഇന്ത്യന്‍ സോങ്.... വെരി ഗുഡ്' . ഒരിക്കല്‍ക്കൂടി അദ്ദേഹം എന്റെ കൈപിടിച്ചു കുലുക്കി. പിന്നീട് കൂടുതലൊന്നും സംസാരിക്കാതെ അദ്ദേഹം യാത്രയായി. സംഭവിച്ചതെന്തെന്നറിയാതെ കുറച്ചു സമയം ഞാന്‍ അന്തിച്ചു നിന്നുപോയി.
ചൈനക്കാര്‍ക്ക് ഹിന്ദി സിനിമയോടുള്ള ഇഷ്ടത്തെക്കുറിച്ച് വായിച്ചിട്ടുണ്ടെങ്കിലും അന്ന് അത് നേരിട്ടനുഭവിച്ചു. ഇഞ്ചിയോണില്‍ മത്സരവേദികളിലേക്ക് ടാക്സിയില്‍ പോകുമ്പോള്‍ 'ത്രീ ഇഡിയറ്റ്സ് ' പോലുള്ള ഹിറ്റ് ഹിന്ദി സിനിമകളിലെ പാട്ടുകള്‍ ഡ്രൈവര്‍മാര്‍ വച്ചിരുന്നു. ഹിന്ദി സിനിമ ദക്ഷിണ കൊറിയയിലുമെത്തിയെന്നു സാരം. ഇപ്പോള്‍ ഉണ്ണി മുകുന്ദന്റെ 'മാര്‍ക്കോ' റിലീസ് ചെയ്തതിലൂടെ മലയാള സിനിമയും കൊറിയയിലെത്തിയിട്ടുണ്ട്. ദൃശ്യം കൊറിയന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്നതിന്റെ വാർത്തകൾ നേരത്തേ തന്നെ കേട്ടിരുന്നല്ലോ? തിരിച്ച് നമ്മുടെ മലയാള യുവത കെ പോപ്പും കൊറിയന്‍ ഡ്രാമകളും നെഞ്ചിലേറ്റിക്കഴിഞ്ഞു. ഇതെഴുതുമ്പോള്‍ 'ഹോം ടൗണ്‍ ചാ...ചാ...ചാ... ' 'എന്ന കൊറിയന്‍ ഡ്രാമാ സീരീസില്‍ കുറഞ്ഞത് ഒരു പത്തുതവണയെങ്കിലും കേട്ട സംഭാഷണം ഓര്‍മ വരുന്നു- 'ഇറ്റ്‌സ് എ സ്‌മോള്‍ വേള്‍ഡ് ' (ഈ ലോകം എത്ര ചെറുതാണ്).
നാട്ടിലെത്തി നെറ്റില്‍ പരതിയപ്പോഴാണ് 1970-കള്‍ മുതല്‍ ചൈനാക്കാരും ഹിന്ദി സിനിമയുമായി ഇഷ്ടത്തിലാണെന്ന് മനസ്സിലായത്. രാജ്കപൂറിന്റെ 'അവാരാ' കണ്ട് ഹിന്ദി സിനിമയെ പ്രണയിച്ചവരാണ് ചൈനയിലെ പഴയ തലമുറ. പല കാരണങ്ങളാല്‍ എണ്‍പതുകളുടെ തുടക്കം മുതല്‍ ഹിന്ദി സിനിമയും ചൈനക്കാരുമായി അകന്നു. ചൈനയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട വിരലിലെണ്ണാവുന്ന ഹിന്ദി സിനിമകള്‍ ശ്രദ്ധിക്കപ്പെട്ടുമില്ല.
ആമിര്‍ ഖാന്റെ 'ദംഗലിലൂ'ടെയാണ് ബോളിവുഡ് ചൈനയില്‍ വലിയ തിരിച്ചുവരവ് നടത്തുന്നത്. ദംഗല്‍ ചൈനക്കാരുടെ ഹൃദയം കീഴടക്കിയെന്ന് അവിടെ നിന്ന് സിനിമ നേടിയ കളക്ഷന്‍ സാക്ഷ്യപ്പെടുത്തുന്നു സ്‌കാനില്‍ക്കിന്റെ കണക്കു പ്രകാരം 1305.29 കോടി രൂപയാണ് ചൈനീസ് മാര്‍ക്കറ്റില്‍ നിന്നും ദംഗല്‍ വാരിയത്. ചൈനയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമ എന്ന് ബഹുമതിയും ദംഗലിനാണ്. അതിനു മുമ്പ് ആമീര്‍ഖാന്റെ തന്നെ പി.കെ. ചൈനീസ് മാര്‍ക്കറ്റില്‍ നിന്ന് 128.58 കോടിയോളം രൂപ കളക്റ്റ് ചെയ്തിരുന്നു.
ദംഗലിൻ്റെ വിജയത്തോടെ ബോളിവുഡ് സിനിമകള്‍ ചൈനാക്കാരുടെ ഹൃദയം വീണ്ടും കീഴടക്കുന്നതാണ് കണ്ടത്. ആമിര്‍ഖാന്റെ തന്നെ സീക്രട്ട് സൂപ്പര്‍സ്റ്റാര്‍, ആയുഷ്മാന്‍ ഖുറേഷിയുടെ 'അന്ധാധുന്‍', സല്‍മാന്‍ ഖാന്റെ ബജരംഗി ഭായിജാന്‍, ഇര്‍ഫാന്‍ ഖാന്റെ ഹിന്ദി മീഡിയം തുടങ്ങിയവയൊക്കെ ചൈനയില്‍ നിന്ന് കോടികള്‍ വാരിയവയാണ്. ഇന്ന് ഹോളിവുഡ് സിനിമകളെയും കൊറിയന്‍ സിനിമകളെയും പിന്നിലാക്കി ഹിന്ദി സിനിമകള്‍ ചൈനയില്‍ വിജയം കൊയ്യുന്നു. യാഥാര്‍ത്ഥ്യങ്ങളോടടുത്തു നില്‍ക്കുന്ന പ്രമേയവും ശ്രദ്ധിക്കപ്പെടുന്ന സംഗീതവും നൃത്തവുമൊക്കെയാണ് ചൈനീസ് യുവതയെ ബോളിവുഡ് സിനിമകളിലേക്ക് ആകര്‍ഷിക്കുന്നത്.
സിനിമയ്ക്ക് വലിയൊരു മാര്‍ക്കറ്റാണ് ചൈന തുറന്നു തരുന്നത്. 86,000-ഓളം സ്‌ക്രീനുകളാണ് ചൈനയിലുള്ളതെന്നാണ് കണക്ക്. ഏതായാലും ഇഞ്ചിയോണിനെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ ' പ്യാര്‍ ഹുവാ'യും ചൈനീസ് മാധ്യമ പ്രവര്‍ത്തകനുമൊക്കെ തിളക്കത്തോടെ കടന്നുവരും.
Content Highlights: incheon metropolis asiatic games memories of PJ Jose
ABOUT THE AUTHOR
മാതൃഭൂമി ചീഫ് സബ് എഡിറ്റർ. ഗ്രന്ഥകർത്താവ്. അങ്ങനെ ഒരു ക്രിസ്മസ് കാലത്ത് എന്ന പുസ്തകത്തിന്റെ രചയിതാവ്









English (US) ·