യുഎഇക്കെതിരെ സിക്സർ ‘അഭിഷേകം’, 27 പന്തിൽ കളി തീർത്ത് ഇന്ത്യ; 9 വിക്കറ്റിന്റെ ഗംഭീര ജയം

4 months ago 4

ദുബായ്∙ എത്ര ബോൾ വേണ്ടി വരും? ചേസിങ്ങിന് ഇന്ത്യ ഇറങ്ങിയപ്പോൾ ചോദ്യം അതു മാത്രമായിരുന്നു. ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ പോരാട്ടത്തിൽ യുഎഇക്കെതിരെ 58 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ, 27 ബോളിൽ കളി തീർത്തു. 4.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി. ഒൻപതു വിക്കറ്റിന്റെ ഗംഭീര വിജയം. വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും (9 പന്തിൽ 20*), ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (2 പന്തിൽ 7*) എന്നിവർ ചേർന്നാണ് വിജയ റൺ നേടിയത്.

ഓപ്പണർ അഭിഷേക് ശർമ 16 പന്തിൽ 30 റൺസുമായി തിളങ്ങി. ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ സിക്സറുമായി തുടങ്ങിയ ട്വന്റി20യിലെ ഒന്നാം നമ്പർ ബാറ്ററായ അഭിഷേക് ശർമ മൂന്നു സിക്സും രണ്ടു ഫോറും അടിച്ചു. ട്വന്റി20 ടീമിലേക്ക് തിരിച്ചെത്തിയ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 1 സിക്സും രണ്ടു ഫോറുമായി പുറത്താകാതെ നിന്നു. സൂര്യകുമാർ യാദവ് ഒരു സിക്സ് നേടി. 3.5 ഓവറിൽ ജുനൈദ് സിദ്ദിഖ് ആണ് അഭിഷേകിന്റെ വിക്കറ്റ് വീഴ്ത്തിയത്. 

∙ കുൽദീപിന്റ യുഎഇ ‘കിൽ’

ആദ്യം ബാറ്റു ചെയ്ത് യുഎഇ 13.1 ഓവറിൽ 57 റൺസിന് പുറത്താക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ്, മൂന്നു വിക്കറ്റെടുത്ത ശിവം ദുബെ എന്നിവരാണ് യുഎഇയെ ചുരുട്ടിക്കെട്ടിയത്. ജസ്പ്രീത് ബുമ്ര, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. യുഎഇ നിരയിൽ രണ്ടു ബാറ്റർ മാത്രമാണ് രണ്ടക്കം കടന്നത്.

ടോസ് നേടിയ ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ തീരുമാനം അക്ഷരാർഥത്തിൽ ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഇന്ത്യയുടെ ബോളിങ്. പവർപ്ലേയിൽ, നാലാം ഓവറിൽ തന്നെ യുഎഇയുടെ ആദ്യ വിക്കറ്റ് വീണു. ഓപ്പണറും മലയാളിയുമായ അലിഷൻ ഷറഫുവിനെ (22) ജസ്പ്രീത് ബുമ്രയാണ് കിടിലൻ യോർക്കറിൽ വീഴ്ത്തിയത്. തൊട്ടടുത്ത ഓവറിൽ മുഹമ്മദ് സൊഹൈബിനെ (2) വരുൺ ചക്രവർത്തി വീഴ്ത്തി. ഒൻപതാം ഓവറിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയാണ് കുൽദീപ് യാദവ് യുഎഇയുടെ നടുവൊടിച്ചത്.

ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ യുഎഇ ബാറ്ററുടെ വിക്കറ്റ് വീണപ്പോൾ ഇന്ത്യൻ താരങ്ങളുടെ ആഹ്ലാദം. (Photo by FADEL SENNA / AFP)

ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ യുഎഇ ബാറ്ററുടെ വിക്കറ്റ് വീണപ്പോൾ ഇന്ത്യൻ താരങ്ങളുടെ ആഹ്ലാദം. (Photo by FADEL SENNA / AFP)

ക്യാപ്റ്റൻ മുഹമ്മദ് വസീം (19), രാഹുൽ ചോപ്ര (3), ഹർഷിത് കൗശിക് (2) എന്നിവരുടെ വിക്കറ്റാണ് കുൽദീപ് ആ ഓവറിൽ വീഴ്ത്തിയത്. 2024 ട്വന്റി20 ലോകകപ്പിനു ശേഷം ആദ്യമായി ട്വന്റി20 കളിക്കുന്ന കുൽദീപ്, ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി. 9 ഓവറിൽ 50ന് 5 എന്ന നിലയിലായിരുന്നു യുഎഇക്ക്, പിന്നീട് 7 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ബാക്കിയുള്ള 5 വിക്കറ്റുകളും നഷ്ടമായി. ശിവം ദുബെ മൂന്നു വിക്കറ്റു നേടി. രണ്ടു കിടിലൻ ക്യാച്ചുകളുമായി സഞ‌്ജു സാംസൺ വിക്കറ്റ് കീപ്പിങ്ങിൽ തിളങ്ങി.

∙ തിരിച്ചെത്തി ടോസ് ഭാഗ്യംടോസ് നേടിയ ഇന്ത്യ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് യുഎഇയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 16 രാജ്യാന്തര മത്സരങ്ങൾക്കു ശേഷമാണ് ഇന്ത്യയ്ക്ക് ടോസ് ലഭിക്കുന്നത്. പ്ലേയിങ് ഇലവനിൽ ശുഭ്മാൻ ഗിൽ ഓപ്പണറായി എത്തിയപ്പോൾ സഞ്ജു സാംസൺ ആണ് വിക്കറ്റ് കീപ്പറായത്. പേസ് യൂണിറ്റിൽ ബുമ്രയെ ഉൾപ്പെടുത്തിയപ്പോൾ അർഷ്‌ദീപ് സിങ് പുറത്തായി. മൂന്ന് ഓൾറൗണ്ടർമാരും രണ്ടു സ്ന്നിർമാരുമായാണ് ഇന്ത്യ ഇറങ്ങിയത്.

∙ സഞ്ജു ഇൻഇന്ത്യ അവസാനമായി ട്വന്റി20 പരമ്പര കളിച്ചപ്പോൾ അഭിഷേക് ശർമയ്ക്കൊപ്പം ഓപ്പണറായിരുന്നു സഞ്ജു. എന്നാൽ ശുഭ്മൻ ഗിൽ ടീമിലേക്കു തിരിച്ചെത്തിയതോടെയാണ് ഓപ്പണിങ് സ്ഥാനം സഞ്ജുവിനു നഷ്ടപ്പെട്ടത്. മൂന്നാം നമ്പറിൽ സൂര്യകുമാർ യാദവ്, നാലാം നമ്പറിൽ തിലക് വർമ എന്നിവർ കളിക്കും. മികച്ച ഫോമിൽ കളിക്കുന്ന സഞ്ജുവിനെ അഞ്ചാം സ്ഥാനത്തേയ്ക്കു പരിഗണിക്കുകയായിരുന്നു.

∙ ബോളിങ്6,7 സ്ഥാനങ്ങളിൽ ഓൾറൗണ്ടർമാരായ ശിവം ദുബെയും ഹാർദിക് പാണ്ഡ്യയും കളിച്ചു. സ്പെഷലിസ്റ്റ് പേസറായി ജസ്പ്രീ ബുമ്രയെ ഇലവനിൽ ഉൾപ്പെടുത്തിയപ്പോൾ അർഷ്ദീപ് സിങ്ങും ഹർഷിത് റാണയും പുറത്തായി. രണ്ടു സ്പിന്നർമാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിവരാണ് സ്പെഷലിസ്റ്റ് സ്പിന്നർമാർ. 2024 ട്വന്റി20 ലോകകപ്പിനു ശേഷം ആദ്യമായാണ് കുൽദീപ് യാദവ് ട്വന്റി20യിൽ കളിക്കുന്നത്.

∙ പ്ലേയിങ് ഇലവൻ

ഇന്ത്യ: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി

യുഎഇ: മുഹമ്മദ് വസീം (ക്യാപ്റ്റൻ), അലിഷാൻ ഷറഫു, മുഹമ്മദ് സൊഹൈബ്, രാഹുൽ ചോപ്ര (വിക്കറ്റ് കീപ്പർ), ആസിഫ് ഖാൻ, ഹർഷിത് കൗശിക്, ഹൈദർ അലി, ധ്രുവ് പരാശർ, മുഹമ്മദ് രോഹിത് ഖാൻ, ജുനൈദ് സിദ്ദിഖ്, സിമ്രൻജീത് സിങ്

English Summary:

Asia Cup 2025: India vs United Arab Emirates, 2nd Match, Group A - Match Updates

Read Entire Article