Published: November 08, 2025 03:17 PM IST
1 minute Read
മോങ് കോക്ക് (ഹോങ്കോങ്)∙ ടൂർണമെന്റിലെ ഫേവറേയിറ്റുകളായാണ് ഇന്ത്യൻ ടീം ഹോങ്കോങ് സിക്സസിന് എത്തിയത്. എന്നാൽ നാണംകെട്ടാണ് മടങ്ങുന്നത്. ദിനേശ് കാർത്തിക്, റോബിൻ ഉത്തപ്പ, പ്രിയങ്ക് പഞ്ചൽ, അഭിമന്യു മിഥുൻ, സ്റ്റുവർട്ട് ബിന്നി, ഷഹബാസ് നദീം തുടങ്ങിയ കളിക്കാർ ടീമിൽ ഉണ്ടായിരുന്നിട്ടും ആദ്യ നാലു മത്സരങ്ങളിൽ ഒരെണ്ണം മാത്രമാണ് ഇന്ത്യയ്ക്കു ജയിക്കാനായത്. പാക്കിസ്ഥാനെതിരായ വിജയം മഴനിയമപ്രകാരം രണ്ടു റൺസിനു കഷ്ടിച്ചായിരുന്നു.
ശനിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ കുവൈത്തിനോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ യുഎഇ, നേപ്പാൾ ടീമുകളോടും ഇന്ത്യ തോറ്റു. കുവൈത്തിനോട് 27 റൺസിനു തോറ്റതോടെ ക്വാർട്ടർ കാണാതെ ഇന്ത്യ പുറത്തായിരുന്നു. പിന്നീടെ പൂളിലെ അവസാനസ്ഥാനക്കാർ തമ്മിൽ കളിക്കുന്ന ബൗൾ ഘട്ടത്തിലാണ് യുഎഇയോടും നേപ്പാളിനോടു ഇന്ത്യ തോൽവിയറിഞ്ഞത്.
യുഎഇയ്ക്കെതിരെ നാലു വിക്കറ്റിനാണ് ഇന്ത്യയുടെ തോൽവി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, അഭിമന്യു മിഥുൻ (50), ദിനേശ് കാർത്തിക് (42) എന്നിവരുടെ മികച്ച ബാറ്റിങ് മികവിൽ 107/3 എന്ന ടോട്ടൽ ഉയർത്തി. എന്നാൽ ഖാലിദ് ഷായും സാഗീർ ഖാനും ആദ്യ രണ്ട് ഓവറിൽ 42 റൺസ് അടിച്ചുകൂട്ടിയതോടെ യുഎഇ അതിവേഗം ലക്ഷ്യത്തിലേക്ക് അടുത്തു. 5.5 ഓവറിൽ രണ്ടും വിക്കറ്റ് നഷ്ടത്തിൽ അവർ വിജയത്തിലെത്തുകയായിരുന്നു.
പിന്നീട് നേപ്പാളിനെതിരെയായിരുന്നു ഇന്ത്യയുടെ ഏറ്റവും നാണംകെട്ട തോൽവി. ആദ്യം ബാറ്റു ചെയ്ത നേപ്പാൾ, നിശ്ചിത ആറ് ഓവറിൽ ഒരു വിക്കറ്റു പോലും നഷ്ടപ്പെടുത്താതെ 137 റൺസെടുത്തു. ടൂർണമെന്റിലെ തന്നെ ഏറ്റവും ഉയർന്ന ടോട്ടലാണിത്. കൂറ്റൻ വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഇന്ത്യയ്ക്കു പക്ഷേ സമ്മർദത്തെ അതിജീവിക്കാനായില്ല. മൂന്ന് ഓവറിൽ 45 റൺസിന് ഇന്ത്യ ഓൾഔട്ടായി. ഇതോടെ ഇന്ത്യയ്ക്ക് 92 റൺസിന്റെ കൂറ്റൽ തോൽവി. ഞായറാഴ്ച, ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
English Summary:








English (US) ·