അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ എല്ലാ മുസ്ലീം രാജ്യങ്ങളും ഒരുമിച്ച് നിൽക്കണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല മൊജ്തബ ഖമേനി ആഹ്വാനം ചെയ്തതായി റിപ്പോർട്ട്. യുഎസിനെയും ഇസ്രയേലിനെയും എല്ലാ ഇസ്ലാമിക രാജ്യങ്ങളുടെയും പൊതു ശത്രുക്കളായി വിശേഷിപ്പിച്ച ഖമേനി, തങ്ങളുടെ യഥാർഥ ശത്രുക്കളെ തിരിച്ചറിഞ്ഞ് അവരുടെ നീക്കങ്ങൾ മനസ്സിലാക്കാനും പ്രതിരോധിക്കാനും മുസ്ലീം രാജ്യങ്ങളിലെ ഭരണാധികാരികളോട് ആവശ്യപ്പെട്ടതായാണ് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്യുന്നത്.
ടെഹ്‌റാനിൽ നടന്ന മതനേതാക്കളുടെ സമ്മേളനത്തിന് അയച്ച കത്തിലാണ് ഖമേനി നിലപാട് വ്യക്തമാക്കിയത്. ആറ് മാസം മുമ്പ് യുഎസും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണത്തിൽ അദ്ദേഹത്തിന്റെ പിതാവും നിരവധി മുതിർന്ന നേതാക്കളും കൊല്ലപ്പെട്ടതിന് പിന്നാലെ മൊജ്തബ ഖമേനി പൊതുവേദികളിൽ നിന്ന് വിട്ടുനിന്നിരുന്നു. ഇതിന് ശേഷം ആറുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് അദ്ദേഹത്തിന്റെ സന്ദേശം പുറത്തുവരുന്നത്.
അതേസമയം, ഇറാൻ-അമേരിക്ക-ഇസ്രയേൽ സംഘർഷം മുസ്ലീം ലോകത്തിനുള്ളിലെ ഭിന്നതകളും കൂടുതൽ പ്രകടമാക്കിയെന്നാണ് വിലയിരുത്തൽ. ഗൾഫ് അറബ് രാജ്യങ്ങളിലെ വിവിധ കേന്ദ്രങ്ങൾക്കെതിരെ ഇറാൻ നടത്തിയ ആക്രമണങ്ങളും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമാണ് മേഖലയിൽ കൂടുതൽ വിള്ളലുകൾക്ക് കാരണമായത്.
മേഖലയിലെ അമേരിക്കൻ സൈനിക സാന്നിധ്യത്തെ ഇറാൻ തുടക്കം മുതൽ ശക്തമായി എതിർത്തുവരികയാണ്. പുതിയ ആഹ്വാനത്തോടെ പശ്ചിമേഷ്യയിലെ രാഷ്ട്രീയ-സൈനിക സംഘർഷത്തിൽ ഇറാൻ കൂടുതൽ രാജ്യങ്ങളുടെ പിന്തുണ തേടുന്നതായുള്ള സൂചനകളും ശക്തമായിരിക്കുകയാണ്.
2 weeks ago
3





English (US) ·