യുഎസ് ഓപ്പണിൽ കാർലോസ് അൽക്കരാസിന് കിരീടം; സിന്നറിനെ തകർത്ത് ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു

4 months ago 4

08 September 2025, 06:36 AM IST

carlos alcaraz

കാർലോസ് അൽക്കരാസ് യുഎസ് ഓപ്പൺ കിരീടവുമായി | ഫോട്ടോ - എഎഫ്പി

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ കാര്‍ലോസ് അല്‍ക്കരാസിന് കിരീടം. നാല് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ യാനിക് സിന്നറിനെ പരാജയപ്പെടുത്തിയാണ് സ്പാനിഷ് താരം തന്റെ രണ്ടാമത്തെ യുഎസ് ഓപ്പണ്‍ കിരീടവും ആറാമത്തെ ഗ്രാന്‍ഡ്സ്ലാം കിരീടവും സ്വന്തമാക്കിയത്. 6-2, 3-6, 6-1, 6-4 എന്ന സ്‌കോറിനാണ് വിജയം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മത്സരം വീക്ഷിക്കാനെത്തിയിരുന്നത് ശ്രദ്ധേയമായി.

ആദ്യ സെറ്റില്‍ അല്‍ക്കരാസ് ആധിപത്യം പുലര്‍ത്തി. എന്നാല്‍ രണ്ടാം സെറ്റില്‍ ഇറ്റാലിയന്‍ താരമായ സിന്നര്‍ മികച്ച തിരിച്ചുവരവ് നടത്തി. എന്നാല്‍ മൂന്നാം സെറ്റും നാലാം സെറ്റും അല്‍ക്കരാസ് തന്നെ കൈവശപ്പെടുത്തുകയായിരുന്നു. ജയത്തോടെ 22-കാരനായ അല്‍ക്കരാസ് ലോക ഒന്നാംനമ്പര്‍ സ്ഥാനം സിന്നറില്‍നിന്ന് തിരിച്ചുപിടിക്കുകയും ചെയ്തു. 2023 സെപ്റ്റംബറിന് ശേഷം ആദ്യമായാണ് അല്‍ക്കരാസ് ഒന്നാംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നത്. ഹാര്‍ഡ് കോര്‍ട്ട്, ഗ്രാസ്, ക്ലേ കോര്‍ട്ടുകളില്‍ ഒന്നിലധികം കിരീടം നേടുന്ന ചരിത്രത്തിലെ നാലാമത്തെ കളിക്കാരനായി അല്‍ക്കരാസ് മാറി.

അതിനിടെ ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിധ്യം കാരണം ഏര്‍പ്പെടുത്തിയ അധിക സുരക്ഷാ നടപടികളെത്തുടര്‍ന്ന് ഫൈനല്‍ അരമണിക്കൂര്‍ വൈകി. ട്രംപിന്റെ സാന്നിധ്യം കാണികളില്‍നിന്ന് സമ്മിശ്ര പ്രതികരണങ്ങള്‍ക്ക് ഇടയാക്കി. ദേശീയഗാനത്തിന് മുന്‍പ് ട്രംപ് എത്തിയപ്പോള്‍ കാണികളില്‍നിന്ന് ആര്‍പ്പുവിളികളും കൂവലുകളുമുണ്ടായി. പിന്നീട് സ്റ്റേഡിയത്തിലെ സ്‌ക്രീനുകളില്‍ അദ്ദേഹത്തെ കാണിച്ചപ്പോള്‍ എതിര്‍പ്പ് രൂക്ഷമായി.

Content Highlights: Alcaraz Triumphs Over Sinner, Claims Second US Open Title

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article