കഴിഞ്ഞ ദിവസമാണ് തന്റെ 14 വര്‍ഷത്തെ ടെസ്റ്റ് കരിയറിന് വിരാട് കോലി വിരാമമിട്ടത്. ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് കോലിയുടെ പ്രഖ്യാപനമെത്തിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കണമെന്നും വിരമിക്കല്‍ തീരുമാനം പുനരാലോചിക്കണമെന്നും ബിസിസിഐ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും അതിന് വഴങ്ങാതെയാണ് കോലി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ടീം മാനേജ്മെന്റിന് കീഴിൽ കോലി സംതൃപ്തനായിരുന്നില്ലെന്നും അധികൃതരുടെ തീരുമാനങ്ങളിലുള്ള അതൃപ്തിയാണ് വിരമിക്കലിലേക്ക് നയിച്ചതെന്നുമാണ് പുറത്തുവരുന്ന വിവരം.
കോലി വിരമിക്കാനുള്ള തീരുമാനമെടുക്കുന്നത് മാനേജ്‌മെന്റിന്റെ നീക്കങ്ങളിലുള്ള അതൃപ്തി കാരണമാണെന്നാണ് ക്രിക്ക്ബസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ മാനേജ്‌മെന്റിന്റെ കീഴില്‍ താരത്തിന് വേണ്ടത്ര സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ലെന്നും പ്രതീക്ഷിച്ചതുപോലെയുള്ള ഒരു അന്തരീക്ഷമല്ല ഡ്രസ്സിങ് റൂമിലുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുൻകാലങ്ങളിലുള്ളതിനേക്കാൾ വ്യത്യസ്തമായിരുന്നു പുതിയ ഡ്രസ്സിങ് റൂം സാഹചര്യങ്ങൾ. മാത്രമല്ല, ടീം ഒന്നടങ്കം ഒരു മാറ്റത്തിന് തയ്യാറെടുക്കുന്ന ഘട്ടത്തിലായിരുന്നു. ടെസ്റ്റില്‍ ടീമിന്റെ നായകസ്ഥാനം ഒരു യുവതാരത്തിന് ഏല്‍പ്പിക്കുന്നതായി കോലിയെ അറിയിച്ചിരുന്നു. അതോടെ ക്യാപ്റ്റനായി തിരിച്ചുവരാനുമായില്ല. ഇതിന് പിന്നാലെയാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനവും.
കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി റെഡ്‌ബോള്‍ ക്രിക്കറ്റില്‍ അത്ര മികച്ച പ്രകടനമല്ല കോലിയുടെത്. ശരാശരി ഏകദേശം 32-നോട് അടുത്താണ്. ഇനിയും വെള്ളക്കുപ്പായത്തില്‍ തുടരേണ്ടെന്ന് കോലി തീരുമാനിച്ചതിന് പിന്നില്‍ ഫോമും ഘടകമാണ്. ഇംഗ്ലണ്ട് പര്യടനത്തില്‍ കളിക്കണമെന്ന ബിസിസിഐയുടെ ആവശ്യത്തിന് വഴങ്ങിയുമില്ല. മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറുമായി രണ്ടുതവണ കോലി ഫോണില്‍ സംസാരിച്ചതായാണ് വിവരം. എന്നിട്ടും സൂപ്പര്‍താരത്തിന്റെ മനസ് മാറ്റാനായില്ല.
കോലി വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയോട് ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നുവെന്നാണ് വിവരം. രവി ശാസ്ത്രി കോലിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ്. ശാസ്ത്രി ഇന്ത്യയുടെ പരിശീലകനായിരുന്നപ്പോള്‍ കോലി ഇന്ത്യയെ നയിച്ചിട്ടുണ്ട്. പരിശീലകനായും നായകനായും ഇരുവരും മികച്ച നിലയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളതാണ്.
അതേസമയം ബിസിസിഐ അധികൃതരെ കോലി കാണാന്‍ ശ്രമിച്ചിരുന്നതായും എന്നാല്‍ അത് സാധിച്ചില്ലെന്നും ക്രിക്ക് ബസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐസിസി ചെയര്‍മാനും മുന്‍ ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷാ, ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല എന്നിവരുമായാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. പക്ഷേ പാകിസ്താനെതിരായ സൈനികനടപടികള്‍ കാരണം കൂടിക്കാഴ്ച നടന്നില്ലെന്നുമാണ് ക്രിക്ക് ബസിന്റെ റിപ്പോര്‍ട്ട്.
തിങ്കളാഴ്ച സാമൂഹിക മാധ്യമങ്ങളിലൂടെയാണ് കോലി വിരമിക്കൽ വിവരം പ്രഖ്യാപിച്ചത്. ഇത് എളുപ്പമല്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് താന്‍ പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരിച്ചുതന്നെന്നും കോലി പോസ്റ്റിൽ പറഞ്ഞു. മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് പിന്നാലെയാണ് കോലിയും ടെസ്റ്റ് ക്രിക്കറ്റിന്റെ പടിയിറങ്ങുന്നത്.
2011-ൽ വെസ്റ്റ് ഇൻഡീസിനെതിരേയായിരുന്നു ടെസ്റ്റിൽ കോലിയുടെ അരങ്ങേറ്റം. ഈ വർഷം ഓസ്‌ട്രേലിയക്കെതിരേ ബോർഡർ-ഗാവസ്‌കർ ട്രോഫിയിലാണ് അവസാനമായി കളിച്ചത്. ടെസ്റ്റിൽ 14 സീസണുകളിലായി ഇന്ത്യൻ കുപ്പായമണിയുന്ന കോലി 123 ടെസ്റ്റുകളിൽ കളിച്ചു. 9230 റൺസ് നേടിയിട്ടുണ്ട്. 68 ടെസ്റ്റുകളിൽ ടീമിനെ നയിച്ചു. 40 ജയം നേടി. ഇന്ത്യയെ കൂടുതൽ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ്. ക്യാപ്റ്റനായിരിക്കുന്ന കാലത്ത് ബാറ്ററായും തിളങ്ങി. ഏഴ് ഇരട്ടസെഞ്ചുറികളും കോലിയുടെ അക്കൗണ്ടിലുണ്ട്. ടി20 ലോകകപ്പ് വിജയത്തിനുശേഷം ട്വന്റി-20 ക്രിക്കറ്റിൽനിന്ന് കോലി വിരമിച്ചിരുന്നു. ഇനി ഏകദിനത്തിൽ മാത്രമാണ് താരത്തെ കാണാനാവുക.
Content Highlights: kohli trial vocation status deficiency of state dressing country report








English (US) ·