Published: January 11, 2026 03:23 PM IST Updated: January 11, 2026 11:49 PM IST
1 minute Read
വഡോദര∙ ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിനത്തിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചതിനു പിന്നാലെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ഇലവനിൽ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെ ഒഴിവാക്കിയതിനെതിരെയാണ് ഇർഫാൻ രംഗത്തെത്തിയത്. സിലക്ടർമാരും ടീം മാനേജ്‌മെന്റും നിതീഷിന് കൂടുതൽ അവസരങ്ങൾ നൽകണമെന്ന് താരം അഭിപ്രായപ്പെട്ടു. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്കു പകരമാണ് പേസ് ബോളിങ് ഓൾറൗണ്ടറായ നിതീഷ് കുമാറിനെ ടീമിലുൾപ്പെടുത്തിയത്. എന്നാൽ പ്ലേയിങ് ഇലവനിൽനിന്നു താരം നിരന്തരം തഴയപ്പെടുകയായിരുന്നു. ഇതിനെതിരെയാണ് ഇർഫാൻ പഠാൻ കടുത്ത വിമർശനം ഉന്നയിച്ചത്.
‘‘അവനെ കളിപ്പിച്ചില്ലെങ്കിൽ ഒരു ഓൾറൗണ്ടറായി അവനെ വളർത്തിയെടുക്കാൻ കഴിയില്ല. അവനെ ടീമിലുൾപ്പെടുത്തും, ടീമിനൊപ്പം സഞ്ചരിക്കും, പക്ഷേ ഇലവനിൽ ഇടം നേടാറില്ല. അവനെ ഉൾപ്പെടുത്താത്തതിന് എന്തെങ്കിലും ഒരു കാരണം വേണ്ടേ’’ – ആദ്യ ഏകദിനത്തിനുള്ള പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചതിനു പിന്നാലെ ഇർഫാൻ പറഞ്ഞു. ഇതിനു മുൻപ് തന്റെ യൂട്യൂബ് ചാനലിലും നിതീഷ് കുമാറിന് കൂടുതൽ അവസരം നൽകണമെന്ന് ഇർഫാൻ പഠാൻ ആവശ്യപ്പെട്ടിരുന്നു.
‘‘നിതീഷ് കുമാർ റെഡ്ഡി പരാജയപ്പെട്ടാലും അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ നൽകണം. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ പന്തെറിയാൻ കഴിയുന്ന, മധ്യനിരയിൽ ബാറ്റ് ചെയ്യാൻ കഴിയുന്ന ഓൾറൗണ്ടർമാർ കുറവാണ്. ആദ്യത്തെ 2-3 വർഷത്തേക്ക് പതിവായി കളിച്ചതിനാലാണ് ഹാർദിക് പാണ്ഡ്യ ഇപ്പോൾ കാണുന്ന രീതിയിലായത്. സിലക്ടർമാരും ടീം മാനേജ്‌മെന്റും ആരാധകരും നിതീഷ് കുമാർ റെഡ്ഡിയോട് ക്ഷമ കാണിക്കേണ്ടിവരും, പണ്ട് ഹാർദിക് പാണ്ഡ്യയോട് കാണിച്ചതു പോലെ.’’– ഇർഫാൻ പഠാൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
‘‘നമ്മൾ ക്ഷമ കാണിച്ചില്ലെങ്കിൽ, പ്രകടനത്തിനുള്ള സാധ്യതകൾ ഒരിക്കലും നമുക്ക് കാണാൻ കഴിയില്ല. ഇതുവരെ, നിതീഷ് കുമാർ റെഡ്ഡിയിൽ മികച്ച പ്രകടനങ്ങൾ ഉണ്ടായിട്ടില്ല. മെൽബണിലെ ടെസ്റ്റ് സെഞ്ചറിക്ക് ശേഷം, ടെസ്റ്റുകളിൽ അദ്ദേഹത്തിൽ നിന്ന് പ്രത്യേകിച്ചൊന്നും കണ്ടിട്ടില്ല, വൈറ്റ്-ബോൾ ക്രിക്കറ്റിൽ അവസരങ്ങൾ ലഭിച്ചപ്പോൾ, അവിടെയും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിട്ടില്ല. എന്നാൽ ഈ കഴിവുകളെല്ലാം ഒത്തിണങ്ങിയ മറ്റൊരു കളിക്കാരനുമില്ല.’’– ഇർഫാൻ കൂട്ടിച്ചേർത്തു.
അതേസമയം, ആദ്യ ഏകദിനത്തിൽ സ്പിൻ ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയെയും വാഷിങ്ടൻ സുന്ദറിനെയുമാണ് ഇന്ത്യ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്. പേസർമാരായി മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവർ ഉൾപ്പെട്ടപ്പോൾ അർഷ്ദീപ് സിങ് പുറത്തായി. യശസ്വി ജയ്സ്വാൾ, ധ്രുവ് ജുറേൽ എന്നിവരാണ് പ്ലേയിങ് ഇലവനിൽ സ്ഥാനമില്ലാത്ത മറ്റു രണ്ടു താരങ്ങൾ.
English Summary:








English (US) ·