17 June 2025, 12:05 PM IST

യുവരാജ് സിങ്. Photo: AFP
ന്യൂഡല്‍ഹി: നിയമവിരുദ്ധ ബെറ്റിങ് ആപ്പുകള്‍ക്ക് പ്രചാരം നല്‍കിയതുമായി ബന്ധപ്പെട്ട അന്വേഷണം വ്യാപിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ക്രിക്കറ്റ് താരങ്ങളെയും സിനിമാ താരങ്ങളെയും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരാനാണ് ഇഡിയുടെ നീക്കം. ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ഭജന്‍ സിങ്, സുരേഷ് റെയ്‌ന, യുവ്‌രാജ് സിങ് എന്നിവരെയും നടി ഉര്‍വശി റൗട്ടേലയേയും ഇഡി ചോദ്യം ചെയ്തതായാണ് വിവരം.
രാജ്യത്ത് നിരോധിച്ച 1xബെറ്റ് പോലുള്ള ബെറ്റിങ് പ്ലാറ്റ്‌ഫോമുകള്‍ക്ക് താരങ്ങള്‍ പ്രചാരം നല്‍കുന്നതാണ് അന്വേഷണത്തിന് ആധാരം. താരങ്ങള്‍ ഇത്തരം പ്രചരണങ്ങൾ നടത്തി ജനങ്ങളെ വഞ്ചിച്ചെന്നാണ് കേസ്. ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ കഴിവുകള്‍ അടിസ്ഥാനമാക്കിയുള്ള ഗെയിമിങ് പ്ലാറ്റ്‌ഫോമുകളാണെന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നതെങ്കിലും രാജ്യത്തെ നിയമപ്രകാരം ഇത് നിയമവിരുദ്ധമാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവ്‌രാജ് സിങ്ങും ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ക്ക് പ്രചരണം നല്‍കിയതായാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ വിവിധ നിയമങ്ങള്‍ ലംഘിച്ചാണ് ബെറ്റിങ് പ്ലാറ്റ്‌ഫോമുകള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഏജന്‍സികള്‍ പ്രാഥമികമായി വിലയിരുത്തുന്നത്. ഐടി ആക്ട്, ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. നിയമവിരുദ്ധമായ ബെറ്റിങ് ആപ്പുകള്‍ക്ക് പ്രചാരം നല്‍കിയതിന്റെ പേരില്‍ 25 സെലിബ്രിറ്റികള്‍ക്കെതിരേ അടുത്തിടെ തെലങ്കാന പോലീസ് കേസെടുത്തിരുന്നു. റാണ ദഗ്ഗുബാട്ടി, വിജയ് ദേവരകൊണ്ട, മഞ്ചു ലക്ഷ്മി തുടങ്ങിയ അറിയപ്പെടുന്ന നിരവധി താരങ്ങള്‍ക്കെതിരെയാണ് കേസെടുത്തത്. വ്യവസായിയായ ഫനിന്ദ്ര ശര്‍മ നല്‍കിയ പരാതിയിലാണ് താരങ്ങള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Content Highlights: Harbhajan Yuvraj Singh Questioned Over Ads Promoting Illegal Betting Apps








English (US) ·