Published: October 31, 2025 11:41 PM IST
1 minute Read
ഇംഗ്ലണ്ട് മുൻ ക്രിക്കറ്റ് താരം സ്റ്റുവർട്ട് ബ്രോഡിന് സമ്മാനമായി യുവരാജ് സിങ് ഒപ്പിട്ട ജഴ്സി സമ്മാനിച്ച അനുഭവം വെളിപ്പെടുത്തി ഇംഗ്ലണ്ട് താരത്തിന്റെ പിതാവ് ക്രിസ് ബ്രോഡ്. 2007 ട്വന്റി20 ലോകകപ്പിൽ ബ്രോഡിന്റെ ഒരോവറിൽ യുവരാജ് ആറു സിക്സുകൾ അടിച്ചുകൂട്ടിയിരുന്നു. ഈ സംഭവത്തിനു ശേഷമായിരുന്നു സ്റ്റുവർട്ട് ബ്രോഡിന് പിതാവിന്റെ സർപ്രൈസ് സമ്മാനമെത്തിയത്. ക്രിസ്മസ് സമ്മാനമാണു ലഭിച്ചതെങ്കിലും യുവരാജ് സിങ്ങിന്റെ ഓട്ടോഗ്രാഫ് കണ്ടതോടെ സ്റ്റുവർട്ട് ബ്രോഡ് രോഷത്തോടെ അത് ചവറ്റുകുട്ടയിലെറിഞ്ഞതായും ക്രിസ് ബ്രോഡ് പ്രതികരിച്ചു.
‘‘ഞാന്‍ ചെയ്ത കാര്യത്തെ സ്റ്റുവർട്ട് ഒരിക്കലും പ്രോത്സാഹിപ്പിച്ചില്ല. ഞാൻ യുവരാജ് സിങ്ങിനെ കണ്ട് ഒരു ഇന്ത്യൻ ജഴ്സിയിൽ ഒപ്പിട്ടുവാങ്ങിച്ചു. പിന്നീട് അവന് ക്രിസ്മസിനു സമ്മാനമായി നൽകി. സമ്മാനം തുറന്നുനോക്കിയ അവൻ ഉടൻ തന്നെ അത് ചവറ്റുകുട്ടയിലേക്കു വലിച്ചെറിഞ്ഞു. ആ സംഭവത്തിനു ശേഷം സ്റ്റുവർട്ട് ബ്രോഡിന്റെ സെൻസ് ഓഫ് ഹ്യൂമർ കുറച്ചു കുറവായിരുന്നെന്നു തോന്നുന്നു.’’– ക്രിസ് ബ്രോഡ് ഒരു രാജ്യാന്തര മാധ്യമത്തോടു വെളിപ്പെടുത്തി.
2007 സെപ്റ്റംബർ 19നാണ് പ്രഥമ ട്വന്റി20 ലോകകപ്പിനിടെ യുവരാജ് സിങ്ങിന്റെ അദ്ഭുത ഇന്നിങ്സ് പിറന്നത്. ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ സൂപ്പര്‍ സിക്സ് മത്സരത്തിന്റെ 17–ാം ഓവറിലാണ് യുവരാജ് സിങ് ക്രീസിലെത്തുന്നത്. ഇംഗ്ലണ്ട് താരം ആന്‍ഡ്രു ഫ്ലിന്റോഫുമായി ബാറ്റിങ്ങിനിടെ യുവരാജ് സിങ് തർക്കിച്ചു. അംപയർമാർ ഇടപെട്ടാണ് അന്ന് താരങ്ങൾ തമ്മിലുള്ള പ്രശ്നം പരിഹരിച്ചത്. ഫ്ലിന്റോഫിനോടുള്ള രോഷം മുഴുവൻ യുവരാജ് തീർത്തത് അടുത്ത ഓവർ എറിയാനെത്തിയ ബ്രോഡിന്റെ പന്തുകളിലായിരുന്നു.
ആറു പന്തുകളും നിലം തൊടാതെ ഗാലറിയിലെത്തിയതോടെ യുവരാജ് സിങ്ങിനൊപ്പം സ്റ്റുവർട്ട് ബ്രോഡും ഏറെ നാൾ ചര്‍ച്ചകളിൽ നിറഞ്ഞുനിന്നു. തുടക്കത്തിലെ തിരിച്ചടിയേറ്റെങ്കിലും, ഇംഗ്ലണ്ട് ക്രിക്കറ്റിലെ ഇതിഹാസ താരമായാണ് ബ്രോഡ് കരിയർ അവസാനിപ്പിച്ചത്. ടെസ്റ്റിൽ 167 മത്സരങ്ങൾ കളിച്ച ബ്രോഡ് 604 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഏകദിനത്തിൽ 121 കളികളിൽനിന്ന് 178 വിക്കറ്റുകളും വീഴ്ത്തി. 56 ട്വന്റി20 മത്സരങ്ങൾക്ക് ഇറങ്ങി 65 വിക്കറ്റുകളും സ്വന്തമാക്കി. 2023 ൽ ഓസ്ട്രേലിയയ്ക്കെതിരെ ആഷസ് പരമ്പരയിലാണ് ബ്രോഡ് ഒടുവിൽ കളിച്ചത്.
English Summary:








English (US) ·