ന്യൂഡൽഹി ∙ വിവാദ പ്രസ്താവനകൾ കൊണ്ടും പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുള്ള വ്യക്തിയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ യുവരാജ് സിങ്ങിന്റെ പിതാവ് യോഗ്‌രാജ് സിങ്. യുവരാജ് സിങ്ങിന്റെ ക്രിക്കറ്റ് കരിയർ പെട്ടെന്ന് അവസാനിക്കുന്നതിനു കാരണം എം.എസ്.ധോണിയാണെന്ന് കുറ്റപ്പെടുത്തിയടക്കം യോഗ്‌രാജ് പലതവണ തുറന്നടിച്ചിട്ടുണ്ട്. ഇപ്പോഴിതാ, തന്റെ ഏകാന്ത ജീവിതത്തെക്കുറിച്ച് വിശദീകരിച്ചും ‘മരിക്കാൻ പോലും തയാറാണെന്നു’ തുറന്നുപറഞ്ഞും രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.
ഭാര്യയിൽനിന്നും മക്കളിൽനിന്നും അകന്നുകഴിയുന്ന താൻ പലപ്പോഴും അപരിചിതരെയാണ് ഭക്ഷണത്തിനു വേണ്ടി ആശ്രയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളെ സ്നേഹിക്കുന്നുണ്ടെങ്കിലും അവരോട് ഒന്നും ചോദിക്കാറില്ലെന്നും യോഗ്‌രാജ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനും നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ.
‘‘ഞാൻ വൈകിട്ട് ഒറ്റയ്ക്കിരിക്കും, വീട്ടിൽ ആരുമില്ല. ഭക്ഷണത്തിനായി ഞാൻ അപരിചിതരെയാണ് ആശ്രയിക്കുന്നത്. ചിലപ്പോൾ ഒരാൾ, ചിലപ്പോൾ മറ്റൊരാൾ. പക്ഷേ ഞാൻ ആരെയും ശല്യപ്പെടുത്താറില്ല. വിശന്നാൽ ആരെങ്കിലും എനിക്ക് ഭക്ഷണം തരും. എന്റെ അമ്മയെയും കുട്ടികളെയും മരുമകളെയും പേരക്കുട്ടികളെയും കുടുംബത്തിലെ എല്ലാവരെയും ഞാൻ സ്നേഹിക്കുന്നു. പക്ഷേ, ഞാൻ ഒന്നും ചോദിക്കുന്നില്ല. ഞാൻ മരിക്കാൻ തയാറാണ്. എന്റെ ജീവിതം പൂർത്തിയായി. ദൈവം തീരുമാനിച്ചാൽ അവൻ എന്നെ കൂടെ കൊണ്ടുപോകും. ഞാൻ ദൈവത്തോട് വളരെ നന്ദിയുള്ളവനാണ്, ഞാൻ പ്രാർഥിക്കുന്നു, അവൻ നൽകിക്കൊണ്ടിരിക്കുന്നു.’’– യോഗ്‌രാജ് പറഞ്ഞു.
ഭാര്യയും മകൻ യുവരാജും തന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ചപ്പോഴാണ് തനിക്കു ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലുണ്ടായതെന്നും യോഗ്‌രാജ് പറഞ്ഞു. ‘നിരപരാധി’ എന്ന് സ്വയം വിശേഷിപ്പിച്ച യോഗ്‌രാജ്, ഇത്രയും ഏകാന്തത അനുഭവിക്കാൻ താൻ എന്തു തെറ്റാണ് ചെയ്തതെന്ന് അറിയില്ലെന്നും പറഞ്ഞു. ‘‘യുവിയും അവന്റെ അമ്മയും എന്നെ ഉപേക്ഷിച്ചു പോകുന്ന ഒരു ഘട്ടത്തിലെത്തിയപ്പോൾ, അത് എനിക്ക് ഏറ്റവും വലിയ ഞെട്ടലാണ് നൽകിയത്. എന്റെ ജീവിതം മുഴുവൻ, എന്റെ യൗവനം മുഴുവൻ ഞാൻ സമർപ്പിച്ച സ്ത്രീക്ക്, അവർക്ക് എന്നെ ഉപേക്ഷിച്ച് പോകാൻ കഴിയുമോ?’’– യോഗരാജ് ചോദിച്ചു.
‘‘ഇങ്ങനെ ഒരുപാട് കാര്യങ്ങൾ നശിച്ചു. എല്ലാം കൃത്യമായി ചെയ്തിട്ടും എന്തുകൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നതെന്ന് ഞാൻ ദൈവത്തോട് ചോദിച്ചു. ഞാൻ ചില തെറ്റുകൾ ചെയ്തിരിക്കാം, പക്ഷേ ഞാൻ ഒരു നിരപരാധിയാണ്, ആർക്കും ഒരു ദോഷവും ചെയ്തിട്ടില്ല. ഞാൻ ദൈവത്തിന്റെ മുന്നിൽ കരഞ്ഞു, അവൻ എന്നെ ആ കടലിൽ നിന്ന് പുറത്തെടുത്തു.’’ അദ്ദേഹം പറഞ്ഞു.
ഷബ്നം കൗറുമായിട്ടായിരുന്നു യോഗ്‍രാജിന്റെ ആദ്യ വിവാഹം. ഈ ബന്ധത്തിൽ യുവരാജ്, സോരാവർ എന്നീ രണ്ട് ആൺമക്കളുണ്ട്. ഈ വിവാഹബന്ധം പിന്നീട് വേർപെടുത്തി. മാതാപിതാക്കൾ എപ്പോഴും വഴക്കിട്ടിരുന്നതിനാൽ വിവാഹമോചനം നേടാൻ താൻ നിർദേശിച്ചതായി യുവരാജ് സിങ് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.
‘‘എന്റെ വിധികൾ ദൈവത്തിന്റെ ഒരു കളിയായിരുന്നു. ഒരുപാട് ദേഷ്യവും പ്രതികാര ബുദ്ധിയും ഉണ്ടായിരുന്നു. പിന്നീട് എന്റെ ജീവിതത്തിൽ ക്രിക്കറ്റ് വന്നു, കളി നിർത്തി. യുവിയെ ക്രിക്കറ്റ് കളിക്കാൻ പ്രേരിപ്പിച്ചു, അവൻ കളിച്ചു, പോയി. പിന്നെ, ഞാൻ വീണ്ടും വിവാഹിതനായി, രണ്ടു കുട്ടികളുണ്ടായി, അവരും യുഎസിലേക്ക് പോയി. കുറച്ച് സിനിമകൾ പുറത്തിറങ്ങി, കാലം കടന്നുപോയി, എല്ലാം ആരംഭിച്ച സ്ഥലത്തേക്ക് തിരിച്ചുവന്നു. ഇതെല്ലാം ഞാൻ എന്തിനു വേണ്ടി ചെയ്തുവെന്ന് ഞാൻ സ്വയം ചോദിച്ചുകൊണ്ടിരുന്നു. ഇപ്പോൾ നിങ്ങളുടെ കൂടെ ആരെങ്കിലും ഉണ്ടോ? ഇത് എനിക്ക് സംഭവിക്കേണ്ടതായിരുന്നു, എല്ലാം നല്ലതിനാണ്.’’– യോഗ്‍രാജ് കൂട്ടിച്ചേർത്തു.
ഇന്ത്യൻ ടീമിനായി രാജ്യാന്തര ക്രിക്കറ്റിൽ കളിച്ചിട്ടുള്ള യോഗ്‍രാജ് സിങ്ങിന്റെ കരിയർ വളരെ ഹ്രസ്വമായിരുന്നു. 1980കളുടെ തുടക്കത്തിൽ അദ്ദേഹം ഇന്ത്യയ്ക്കായി ഒരു ടെസ്റ്റും ആറ് ഏകദിനങ്ങളും കളിച്ചു. തുടർച്ചയായി പരുക്കുകൾ അലട്ടിയതോടെ വിരമിച്ചു. എങ്കിലും പിന്നീട് പരിശീലകനായി തുടർന്നു.
English Summary:








English (US) ·