യുവേഫ ചാംപ്യൻസ് ലീഗ്: റയൽ മഡ്രിഡിന് വിജയത്തുടക്കം, ഈസിയായി ആർസനൽ

4 months ago 5

മ‍ഡ്രിഡ്∙ പുതിയ സീസണിൽ പുത്തൻ പ്രതീക്ഷകളുമായി ഇറങ്ങിയ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന് യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ വിജയത്തുടക്കം. സ്വന്തം തട്ടകമായ സാന്തിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ ഫ്രഞ്ച് ക്ലബ് മാഴ്സൈയെ 2–1നാണ് റയൽ തോൽപിച്ചത്. ഇരു പകുതികളിലുമായി ലഭിച്ച പെനൽറ്റി കിക്കുകൾ ലക്ഷ്യത്തിലെത്തിച്ച സൂപ്പർ താരം കിലിയൻ എംബപെയാണ് റയലിന്റെ വിജയശിൽപി.

ചാംപ്യൻസ് ലീഗ് ചരിത്രത്തിൽ 200 വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ ക്ലബ് എന്ന നേട്ടവും മത്സരത്തിലൂടെ റയൽ സ്വന്തമാക്കി.‌ മറ്റു പ്രധാന മത്സരങ്ങളിൽ ഇംഗ്ലിഷ് ക്ലബ് ആർസനൽ 2–0ന് സ്പാനിഷ് ടീം അത്‌ലറ്റിക് ക്ലബ്ബിനെയും ഇംഗ്ലിഷ് ക്ലബ് ടോട്ടനം 1–0ന് സ്പാനിഷ് ക്ലബ് വിയ്യാറയലിനെയും തോൽപിച്ചപ്പോൾ ഇറ്റാലിയൻ ക്ലബ് യുവന്റസും ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടും (4–4) സമനിലയിൽ പിരിഞ്ഞു.

വീഴാതെ റയൽകാര്യമായ വെല്ലുവിളികൾ ഇല്ലാതെ ആദ്യ മത്സരം ജയിച്ചുകയറാമെന്നു പ്രതീക്ഷിച്ചിറങ്ങിയ റയലിനെ ഞെട്ടിച്ചുകൊണ്ട് 22–ാം മിനിറ്റിൽ തിമോത്തി വിയയിലൂടെ മാഴ്സൈ ലീഡ് നേടി. മിനിറ്റുകൾക്കുള്ളിൽ ലഭിച്ച പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച എംബപെ (29–ാം മിനിറ്റ്) റയലിനെ ഒപ്പമെത്തിച്ചു.

ആദ്യ പകുതിയിൽ ലീഡ് നേടാൻ ഇരുടീമുകളും കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടാം പകുതിയിലും ബലാബലം പോരാട്ടം തുടർന്നതോടെ മത്സരം സമനിലയിൽ അവസാനിക്കുമെന്ന സ്ഥിതിയായി. ഇതിനിടെ 72–ാം മിനിറ്റിൽ ക്യാപ്റ്റൻ ഡാനി കാർവഹാൽ റെഡ് കാർഡ് കണ്ടു പുറത്തായതും റയലിന് തിരിച്ചടിയായി. 81–ാം മിനിറ്റിൽ വീണുകിട്ടിയ പെനൽറ്റി കിക്കാണ് റയലിന് രക്ഷയായത്. ഇത്തവണയും ഷോട്ടെടുത്ത എംബപെയ്ക്ക് പിഴച്ചില്ല. റയൽ– 2, മാഴ്സൈ– 1.

ഈസി ആർസനൽഇംഗ്ലിഷ് പ്രിമിയർ ലീഗിൽ മിന്നും ഫോമിലുള്ള ആർസനൽ ചാംപ്യൻസ് ലീഗിലും തുടക്കം ഗംഭീരമാക്കി. സ്പാനിഷ് ടീം അത്‌ലറ്റിക് ക്ലബ്ബിനെതിരായ ആദ്യ മത്സരത്തിൽ 2 ഗോളുകൾക്കാണ് ഇംഗ്ലിഷ് ടീം ജയം സ്വന്തമാക്കിയത്. രണ്ടാം പകുതിയിൽ ഗബ്രിയേൽ മാർട്ടിനെല്ലി (72), ലിയാൻഡ്രോ ട്രൊസാർഡ് (87) എന്നിവരിലൂടെ ആർസനൽ ലക്ഷ്യം കണ്ടു.

English Summary:

UEFA Champions League: Mbappé Powers Real Madrid to Champions League Opening Victory

Read Entire Article