24 April 2025, 05:30 PM IST

അർജുൻ തെണ്ടുൽക്കർ, Photo: AP
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് യുവ്‌രാജ് സിങ്ങിന്റെ പിതാവ് യോഗ്‌രാജ് സിങ്. അര്‍ജുനെ യുവ്‌രാജ് പരിശീലിപ്പിച്ചാല്‍ താരം അടുത്ത ക്രിസ് ഗെയ്‌ലായി മാറുമെന്നും യോഗ്രാജ് പറയുന്നു. മുംബൈ ഇന്ത്യന്‍സ് താരമായ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ ഈ സീസണില്‍ ഇതുവരെ ഒരു മത്സരം പോലും ടീമിനായി കളത്തിലിറങ്ങിയിരുന്നില്ല. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് അര്‍ജുന്‍ തെണ്ടുല്‍ക്കറിനെ പരിശീലിപ്പിച്ചയാളാണ് യോഗ്‌രാജ് സിങ്.
അര്‍ജുന്‍ ബൗളിങ്ങില്‍ കുറച്ച് ശ്രദ്ധ മാത്രം നല്‍കിയാല്‍ മതി. കൂടുതലും ബാറ്റിങ്ങിലാണ് ശ്രദ്ധ കൊടുക്കേണ്ടത്. മൂന്ന് മാസം യുവ്‌രാജിന്റെ കീഴില്‍ സച്ചിന്റെ മകന്‍ പരിശീലിച്ചാല്‍ അവന്‍ അടുത്ത ക്രിസ് ഗെയ്‌ലാകും. പലപ്പോഴും ചെറിയ പരിക്ക് പറ്റിയാല്‍ പോലും ഒരു ഫാസ്റ്റ് ബൗളര്‍ക്ക് ശരിയായി പന്തെറിയാനാവില്ല. കുറച്ചുകാലത്തേക്ക് അര്‍ജുനെ യുവ്‌രാജിന് വിട്ടുകൊടുക്കണമെന്നാണ് എനിക്ക് തോന്നുന്നത്. - യോഗ്‌രാജ് സിങ് ക്രിക്‌നെക്സ്റ്റിനോട് പറഞ്ഞു.
കഴിഞ്ഞ ഡിസംബറില്‍ വിജയ് ഹസാരെ ട്രോഫിയിലാണ് അര്‍ജുന്‍ അവസാനമായി കളിച്ചത്. അടുത്തിടെ യുവതാരം അഭിഷേക് ശര്‍മയുടെ പ്രതിഭ തിരിച്ചറിഞ്ഞത് യുവ്‌രാജ് സിങ്ങാണെന്ന് യോഗ്‌രാജ് സിങ് പറഞ്ഞിരുന്നു. അഭിഷേകിന്റെ രാത്രി വൈകിയുള്ള പാര്‍ട്ടികളും പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ആഘോഷവും യുവി നിര്‍ത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. അഭിഷേക് ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ ഉള്‍പ്പെട്ടതിന് പിന്നാലെയായിരുന്നു യോഗ്‌രാജിന്റെ പ്രതികരണം.
'അഭിഷേകിന്റെ പ്രകടനത്തെ കുറിച്ച് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനിലെ പരിശീലകരോട് ഒരിക്കല്‍ അന്വേഷിച്ചു. അവന്‍ ഒരു ബൗളറാണെന്നാണ് നല്‍കിയ മറുപടി. അവന്റെ പ്രകടനം പരിശോധിച്ചപ്പോള്‍ 24 സെഞ്ചുറികള്‍ നേടിയിട്ടുണ്ടെന്ന് കണ്ടെത്തി. എന്തിനാണ് തെറ്റായ വിവരങ്ങള്‍ നല്‍കുന്നതെന്ന് യുവ്‌രാജ് അവരോട് പറഞ്ഞു. ആറോ ഏഴോ വര്‍ഷങ്ങള്‍ക്ക് മുമ്പാണിത്.' - യോഗ്‌രാജ് ന്യൂസ് 18 നോട് പറഞ്ഞു.
Content Highlights: Yograj Singh Says Arjun Tendulkar Can Become Next Chris Gayle








English (US) ·