Published: January 09, 2026 10:54 AM IST
1 minute Read
മുംബൈ ∙ വിവാഹമോചനം കഴിഞ്ഞ് ഒരു വർഷത്തോളമായെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹലും മുൻ ഭാര്യ ധനശ്രീ വർമയും ഇപ്പോഴും സമൂഹമാധ്യമങ്ങളിലെ ചർച്ചകളിൽ നിറഞ്ഞുനിൽക്കുകയാണ്. വിവാഹമോചനത്തിനു ശേഷം പലപ്പോഴും ഇരുവരും ആരോപണപ്രത്യാരോപണങ്ങളുമായി രംഗത്തെത്തുന്നതോടെയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇപ്പോഴിതാ വീണ്ടും ചെഹലും ധനശ്രീയുമാണ് സൈബർലോകത്തെ തലക്കെട്ടുകളിൽ നിറയുന്നത്. എന്നാൽ ഇപ്രാവശ്യം ഇവരുടെ തർക്കമല്ല ചർച്ചാവിഷയം. മറിച്ച്, ഇരുവരും വീണ്ടും ഒന്നിക്കുകയാണെന്ന റിപ്പോർട്ടിലാണ് ആരാധകർ അന്തംവിട്ടു നിൽക്കുന്നത്.
സംഭവം ഏറെക്കുറെ സത്യമാണെങ്കിലും ജീവിതത്തിൽ അല്ല ഇരുവരും ഒന്നിക്കുന്നതെന്നു മാത്രം. ഒരു ടിവി റിയാലിറ്റി ഷോയിൽ മത്സരാർഥികളായി ഇരുവരും ഒരുമിച്ചു പങ്കെടുക്കുന്നെന്നാണ് റിപ്പോർട്ട്. ഉടൻ സംപ്രേക്ഷണം ആരംഭിക്കുന്ന ‘ദ് 50’ എന്ന റിയാലിറ്റി ഷോയിൽ ഇരുവരെയും പങ്കെടുപ്പിക്കാനുള്ള ചർച്ചകൾ അണിയറയിൽ നടക്കുന്നതായാണ് വിവരം. ഷോയുടെ നിർമാതാക്കൾ ഇരുവരെയും സമീപിച്ചതായും പ്രാരംഭഘട്ട ചർച്ചകൾ നടന്നുവരികയാണെന്നും പറയപ്പെടുന്നു. എന്നാൽ ചെഹലോ ധനശ്രീയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ചർച്ചകൾ സത്യമായാൽ, 2025 ഫെബ്രുവരിയിൽ വിവാഹമോചനം നേടിയ ശേഷം യുസ്‌വേന്ദ്ര ചെഹലും ധനശ്രീ വർമയും ഒന്നിച്ചെത്തുന്ന ആദ്യ വേദിയായി ‘ദ് 50’ മാറും. ഇവരിൽ ഒരാളെയെങ്കിലും പങ്കെടുപ്പിക്കാൻ നിർമാതാക്കൾ ശ്രമിക്കുന്നുണ്ടെന്നും അതു ഷോയുടെ ജനപ്രീതി വർധിപ്പിക്കുമെന്നുമാണ് അവർ കരുതുന്നത്. കഴിഞ്ഞ വർഷം, ‘റൈസ് ആൻഡ് ഫോൾ’ എന്നി റിയാലിറ്റി ഷോയിൽ ധനശ്രീ വർമ പങ്കെടുത്തിരുന്നു. ഷോയിൽ ചെഹലിനെക്കുറിച്ച് ധനശ്രീ പറഞ്ഞ കാര്യങ്ങൾ വിവാദങ്ങൾക്ക് തിരികൊളുത്തുകയും ചെയ്തിരുന്നു.
കളേഴ്‌സ് ടിവിയിലും ജിയോ ഹോട്ട്‌സ്റ്റാറിലും സംപ്രേഷണം ചെയ്യുന്ന ‘ദ് 50’ ഫെബ്രുവരി ഒന്ന് മുതലാണ് സംപ്രേക്ഷണം ആരംഭിക്കുന്നത്. ബോളിവുഡ് സംവിധായകയും വ്ലോഗറുമായ ഫറാ ഖാനാണ് ഷോയുടെ അവതാരക. ബിഗ് ബോസിന് സമാനമായി മത്സരാർഥികൾ എല്ലാവരും ഒന്നിച്ച് ഒരിടത്ത് താമസിച്ചുകൊണ്ടാണ് ഷോയിൽ പങ്കെടുക്കുക.
2020 ഡിസംബറിൽ ഗുരുഗ്രാമിൽ വച്ചാണ് യുസ്വേന്ദ്ര ചെഹലും ധനശ്രീ വർമയും വിവാഹിതരായത്. കോവിഡ് ലോക്ഡൗൺ സമയത്ത്, ധനശ്രീയുടെ ഓൺലൈൻ നൃത്ത ക്ലാസുകളിൽ ചേർന്നതിനു പിന്നാലെയാണ് ഇരുവരും പ്രണയത്തിലായത്. 2022 മുതൽ ഇവർ വേർപിരിഞ്ഞാണ് താമസിക്കുന്നത്. 2025 ഫെബ്രുവരിയിൽ ദമ്പതികൾ കുടുംബ കോടതിയിൽ വിവാഹമോചനത്തിനായി സംയുക്ത ഹർജി ഫയൽ ചെയ്തു. 2025 ഐപിഎൽ സീസണിന് മുൻപ് വിവാഹമോചിതരായി. ഇതിന്റെ ഭാഗമായി ധനശ്രീക്ക് 4.75 കോടി രൂപ ചെഹൽ ജീവനാംശമായി നൽകി.
English Summary:








English (US) ·