Published: July 09 , 2025 10:48 AM IST
2 minute Read
ഈസ്റ്റ് റുഥർഫോർഡ് (യുഎസ്എ) ∙ കഴിഞ്ഞ വർഷം ഒക്ടോബർ – നവംബർ മാസങ്ങൾ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കു കഷ്ടകാലമായിരുന്നു! യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ഇംഗ്ലിഷ് ക്ലബ് ആർസനലിനോടു തോൽവി; ഡച്ച് ക്ലബ് പിഎസ്‌വിയോടു സ്വന്തം മൈതാനത്തു സമനില; അതേ ഗ്രൗണ്ടിൽ സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മഡ്രിഡിനോടു തോൽവി; ജർമൻ ക്ലബ് ബയൺ മ്യൂണിക്കിനോട് അവരുടെ ഗ്രൗണ്ടിലും വൻ പരാജയം... പക്ഷേ, ജനുവരിയിൽ കഥമാറി! 0–2നു പിന്നിൽനിന്ന ശേഷം 4 ഗോളുകൾ തിരിച്ചടിച്ച് അവർ ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയെ തോൽപിച്ചു. അതൊരു തുടക്കമായിരുന്നു. പിന്നീടു ഫൈനൽ വരെയുള്ള കുതിപ്പിനിടെ പിഎസ്ജിക്കു മുന്നിൽ, ഇംഗ്ലിഷ് ക്ലബ്ബുകളായ ലിവർപൂൾ, ആസ്റ്റൻ വില്ല, ആർസനൽ എന്നിവരൊക്കെ കാലിടറി വീണു.
ഫൈനലിൽ പിഎസ്ജി തോൽക്കുമെന്നു കരുതിയവരെ അമ്പരപ്പിച്ച് ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെ 5–0ന് നിലംപരിശാക്കി ഫ്രഞ്ച് ക്ലബ് ചരിത്രത്തിലേക്കു നടന്നു കയറി. ക്ലബ് ചരിത്രത്തിലെ ആദ്യത്തെ ചാംപ്യൻസ് ലീഗ് കിരീടനേട്ടത്തിനു പിന്നാലെ വേണ്ടത്ര വിശ്രമം പോലുമില്ലാതെ യുഎസിലേക്കു ക്ലബ് ലോകകപ്പ് കളിക്കാൻ വിമാനം കയറിയ പിഎസ്ജിയുടെ ഉദ്ദേശ്യം വളരെ വ്യക്തമാണ്; ഈ ക്ലബ് ലോകകപ്പ് കിരീടം അവർ വളരെയേറെ ആഗ്രഹിക്കുന്നു. എന്നാൽ, ഈ ലക്ഷ്യത്തിലേക്കുള്ള വഴിയിൽ പിഎസ്ജിക്കു നേരിടേണ്ടി വരുന്ന ഏറ്റവും കടുപ്പമേറിയ പരീക്ഷ ഇന്നാണ്. ക്ലബ് ലോകകപ്പ് സെമിഫൈനലിൽ പിഎസ്ജിയുടെ എതിരാളികൾ കരുത്തരായ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ്; കിക്കോഫ് ഇന്ത്യൻ സമയം ഇന്ന് അർധരാത്രി 12.30ന്.
ഫേവറിറ്റുകൾ പിഎസ്ജി
ക്ലബ് ലോകകപ്പ് കിരീടം ഇത്തവണ പിഎസ്ജിക്കാണ് എന്നു വിശ്വസിക്കുന്നവരാണ് അധികവും. ഓൺലൈൻ വാതുവയ്പ് വെബ്സൈറ്റുകളിൽ പിഎസ്ജിക്കു സാധ്യത കൽപിക്കുന്നവരുടെ എണ്ണമാണ് ഇതിനു തെളിവ്. ചാംപ്യൻസ് ലീഗ് ഫൈനൽ കളിച്ച ടീമിൽ കാര്യമായ ഒരുമാറ്റവും വരുത്താതെയാണ് കോച്ച് ലൂയി എൻറിക്വെ ടീമിനെ ക്ലബ് ലോകകപ്പിനു കൊണ്ടുവന്നത്. ഇതിനകം ‘സെറ്റായിക്കഴിഞ്ഞ’ ടീമിന്റെ ആക്രമണനിര പോലെ തന്നെ ശക്തമാണ് പ്രതിരോധവും. ഗ്രൂപ്പ് ബി ജേതാക്കളായി നോക്കൗട്ടിലെത്തിയ പിഎസ്ജി ഇന്റർ മയാമിയെയും (4–0) ബയൺ മ്യൂണിക്കിനെയും (2–0) തോൽപിച്ചാണ് വരുന്നത്. ബയണിനെതിരെ ഗോൾ നേടിയ ഉസ്മാൻ ഡെംബലെ, ഡിസിറെ ഡുവെ എന്നിവരാണു ടൂർണമെന്റിൽ ഫ്രഞ്ച് ക്ലബ്ബിന്റെ തുറുപ്പുചീട്ടുകൾ. ബയണിനെതിരായ കളിയിൽ സസ്പെൻഷൻ ലഭിച്ച വില്യം പാച്ചോ, ലൂക്കാസ് ഹെർണാണ്ടസ് എന്നിവർ ഇന്നു കളിക്കില്ലെന്നതാണു പിഎസ്ജി നേരിടുന്ന വലിയ തിരിച്ചടി.
ഇതു പുതിയ റയൽ
സാബി അലോൻസോ പരിശീലകനായി ചുമതലയേറ്റ ശേഷം റയൽ മഡ്രിഡിനു സംഭവിച്ച മാറ്റങ്ങൾ ലോകം ചർച്ച ചെയ്യുകയാണ്. അലോൻസോയുടെ ടാക്ടിക്കൽ മികവ് പിഎസ്ജിയെ മറികടക്കാൻ ടീമിനെ തുണയ്ക്കുമോ എന്നാണ് അറിയേണ്ടത്. വയറുവേദന ഭേദമായി കിലിയൻ എംബപെ തിരിച്ചെത്തിയത് റയലിന് ആശ്വാസമാണ്. എംബപെയുടെ മുൻ ക്ലബ് പിഎസ്ജി എതിരാളികളാകുമ്പോൾ പ്രത്യേകിച്ചും. എംബപെയുടെ അഭാവത്തിൽ താരമായി മാറിയ ഗോൺസാലോ ഗാർഷ്യ (4 ഗോൾ) ടൂർണമെന്റിലെ ടോപ്സ്കോറർമാരുടെ പട്ടികയിലുണ്ട്. വിനീസ്യൂസ്, ജൂഡ് ബെലിങ്ങാം എന്നിവരുടെ സാന്നിധ്യം കൂടിയാകുമ്പോൾ പിഎസ്ജിയുടെ യുവനിരയെ പിടിച്ചുനിർത്താൻ കഴിയുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ. പ്രീക്വാർട്ടറിൽ യുവന്റസിനെയും (1–0) ക്വാർട്ടർ ഫൈനലിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിനെയും (3–2) തോൽപിച്ചാണ് റയൽ സെമിയിൽ എത്തിയത്.
English Summary:








English (US) ·