യൂറോപ്യൻ ലീഗുകളിലെ മിന്നുംതാരങ്ങൾ ഇന്ത്യക്കായി കളിക്കുമോ? പ്രതീക്ഷ നൽകി പുതിയ നയം

6 months ago 7

കോഴിക്കോട്: പുതിയ ഫിഫ റാങ്കിങ്ങിൽ ഇന്ത്യ ആറുസ്ഥാനം പുറകോട്ടുപോയി 133-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും മോശം റാങ്കിങ്ങിന് (135) തൊട്ടരികിലാണിപ്പോൾ. ഏഷ്യൻ കപ്പ് ഫുട്‌ബോൾ യോഗ്യതാമത്സരങ്ങളിലെ തിരിച്ചടിയെത്തുടർന്ന് കോച്ച് മനോേളാ മാർക്കേസ് സ്ഥാനമൊഴിഞ്ഞു. കഴിഞ്ഞ കളിയിൽ സിംഗപ്പൂരിനോട് തോറ്റതോടെ ഇന്ത്യയുടെ യോഗ്യതാപ്രതീക്ഷയും മങ്ങി. കൊട്ടിഘോഷിക്കപ്പെട്ട് തുടങ്ങിയ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളും (ഐഎസ്എൽ) അനിശ്ചിതത്വത്തിലാണ്.

വലിയ പ്രതിസന്ധിയിലൂടെയാണ് ഇന്ത്യൻ ഫുട്‌ബോൾ കടന്നുപോവുന്നത്. ഇതിനിടയിൽ നേരിയ പ്രതീക്ഷയാവുകയാണ് രാജ്യത്തിന്റെ പുതിയ കായികനയം. വിദേശത്തുള്ള ഇന്ത്യൻ വംശജരായ കായികതാരങ്ങൾക്ക്‌ രാജ്യത്തിനായി കളിക്കാൻ പ്രോത്സാഹനംനൽകണമെന്നാണ് കായികമന്ത്രാലയത്തിന്റെ പുതിയ നയം പറയുന്നത്. ഫുട്ബോളിൽ പിഐഒ (പേഴ്സൻ ഓഫ് ഇന്ത്യൻ ഒറിജിൻ), ഒസിഐ (ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ) താരങ്ങൾക്ക് ഇന്ത്യക്കായി കളിക്കാനുള്ള സാധ്യതയാണ് നയംമാറ്റം തുറന്നിരിക്കുന്നത്. ഫിഫ നിയമപ്രകാരം ഇത്തരം താരങ്ങൾക്ക് അതത് ദേശീയടീമുകളിൽ കളിക്കാം. നിലവിലെ നിയമപ്രകാരം ഇന്ത്യൻ പാസ്‌പോർട്ട് ഉള്ളവർക്കുമാത്രമേ രാജ്യത്തെ പ്രതിനിധാനംചെയ്യാൻ കഴിയൂ. 2008 മുതലാണ് ഒസിഐ താരങ്ങളെ ഇന്ത്യ പരിഗണിക്കാതെയായത്.

അയൽരാജ്യങ്ങളെല്ലാം നാട്ടിൽ വേരുകളുള്ള വിദേശങ്ങളിലെ കളിക്കാരെ ടീമിൽ ഉൾപ്പെടുത്തുന്നത് ഇന്ത്യൻ ഫുട്ബോൾ ടീമിന് വലിയ വെല്ലുവിളിയുയർത്തുന്നുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിച്ച ഹംസ ചൗധരിയെ അണിനിരത്തിയാണ് ഏഷ്യൻ കപ്പ് യോഗ്യതാ പോരാട്ടത്തിൽ ബംഗ്ലാദേശ് ഇന്ത്യക്കെതിരേ കളിച്ചത്. മത്സരത്തിൽ റാങ്കിങ്ങിൽ ഏറെ പുറകിലുള്ള ബംഗ്ലാദേശ് ഇന്ത്യയെ സമനിലയിൽ തളയ്ക്കുകയും ചെയ്തിരുന്നു.

യൂറോപ്യൻ ലീഗുകളിലടക്കം ഇന്ത്യൻവംശജരായ മികച്ചതാരങ്ങൾ പ്രമുഖ ക്ലബ്ബുകൾക്കായി കളിക്കുന്നുണ്ട്. ഇവരിൽ പലരും ഇന്ത്യക്കായി കളിക്കാൻ തയ്യാറുമാണ്. ഏഷ്യൻ നിലവാരത്തിലെങ്കിലും ഇന്ത്യക്ക് വേഗത്തിൽ മുന്നേറാൻ പിഐഒ താരങ്ങളെ ഉൾപ്പെടുത്തുന്നതിലൂടെ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പട്ടികയിൽ 33 താരങ്ങൾ

ഫുട്ബോൾ ഫെഡറേഷൻ ദേശീയടീമിനായി കളിക്കാൻകഴിയുന്ന ഓവർസീസ് താരങ്ങളെ കണ്ടെത്താൻ ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിച്ചിരുന്നു. 33 താരങ്ങളുടെ പട്ടിക തയ്യാറാക്കിയതായും പലർക്കും ഒസിഐ കാർഡ് ലഭിച്ചതായും ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബെ വെളിപ്പെടുത്തിയിട്ടുണ്ട്. സർക്കാർ അനുമതിയുടെ അടിസ്ഥാനത്തിൽ തുടർനടപടികളുണ്ടാവുമെന്നും ചൗബെ വ്യക്തമാക്കിയിട്ടണ്ട്.

ഇന്ത്യൻ വംശജരായ താരങ്ങളിൽ ചിലർ

ഡാനി ബാത് (ഇംഗ്ലണ്ട്, ഡർബി കൗണ്ടി), യാൻ ദന്ത (സ്കോട്‌ലൻഡ് ഹാർട്ട് ഓഫ് മിഡിലോത്തിയൻ), ഡിലാൻ മാർക്കണ്ടെ (ഇംഗ്ലണ്ട്, ചെസ്റ്റർഫീൽഡ്), സർപ്രീത് സിങ് (ന്യൂസീലൻഡ്-എഫ്കെ ടിഎസ്‌സി), ആൻഡർ ലക്ഷ്മികാന്ത് (പോർച്ചുഗൽ, എസ്റ്റോറിൽ), റയാൻ വില്യംസ് (ഓസ്ട്രേലിയ, ബെംഗളൂരു എഫ്സി)

ഐഎസ്എലിെല അനിശ്ചിതത്വം ആശങ്കാജനകം -ഛേത്രി

ന്യൂഡൽഹി: ഐഎസ്എൽ ഫുട്‌ബോളിലെ അനിശ്ചിതത്വം ആശങ്കാജനകമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി. ലീഗിന്റെ ഭാവിയെക്കുറിച്ച് അറിയാനായി ദിവസേന കളിക്കാരുടെയും പരിശീലകരുടെയും സഹായികളുടെയുമടക്കം ഒട്ടേറെ ഫോൺകോളും സന്ദേശങ്ങളുമാണ് ലഭിക്കുന്നത്. ഇന്ത്യൻ ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാവരും ആശങ്കയിലാണ്. എന്നാൽ, താമസിയാതെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് വിശ്വാസമെന്നും താരങ്ങൾ പരിശീലനം മുടക്കരുതെന്നും ഛേത്രി സാമൂഹികമാധ്യമത്തിൽ കുറിച്ചു.

Content Highlights: amerind root players nationalist shot squad chances

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article