'രക്തത്തേക്കാൾ പണത്തിന് പ്രാധാന്യം, ഇത് ശപിക്കപ്പെട്ട പണം'; പാകിസ്താനെതിരേ കളിക്കുന്നതിൽ വിമർശനം

5 months ago 5

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസമാണ് ഏഷ്യാ കപ്പ് ടൂര്‍ണമെന്റിന്റെ വേദികള്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രഖ്യാപിച്ചത്. ടൂര്‍ണമെന്റ് യുഎഇയില്‍ വെച്ചാണ് നടക്കുന്നത്. അബുദാബി, ദുബായ് എന്നിങ്ങനെ രണ്ടു വേദികളാണുള്ളത്. ഇന്ത്യ-പാകിസ്താന്‍ പോരാട്ടം സെപ്റ്റംബര്‍ 14-ന് ദുബായിലാണ്. വീണ്ടും ഇന്ത്യ-പാക് പോരാട്ടം നടക്കുന്നതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകർ. എന്നാൽ പാകിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നതിൽ എതിർപ്പുകളും ഉയരുന്നുണ്ട്. പാകിസ്താനെതിരേ കളിക്കുന്നതിൽ വിമർശനമുന്നയിച്ചിരിക്കുകയാണ് ശിവ്സേന (ഉദ്ധവ് താക്കറെ) എംപി പ്രിയങ്ക ചതുർവേദി. മത്സരത്തിലൂടെ ബിസിസിഐ സമ്പാദിക്കുന്നത് ശപിക്കപ്പെട്ട പണമാണെന്ന് അവർ പ്രതികരിച്ചു.

നമ്മുടെ പൗരന്മാരുടെയും സൈനികരുടെയും രക്തത്തേക്കാൾ പണത്തിന് പ്രാധാന്യം കൽപ്പിക്കുന്നു. ഓപ്പറേഷൻ സിന്ദൂറിൻ്റെ കാര്യത്തിൽ കാപട്യം കാണിക്കുന്ന സർക്കാരിനെ കാണുമ്പോൾ ലജ്ജ തോന്നുന്നു. പ്രിയപ്പെട്ട ബിസിസിഐ, നിങ്ങൾ സമ്പാദിക്കാൻ ശ്രമിക്കുന്നത് രക്തക്കറ പുരണ്ട പണം മാത്രമല്ല, ശപിക്കപ്പെട്ട പണം കൂടിയാണ്," പ്രിയങ്ക ചതുർവേദി പറഞ്ഞു.

ഈ ഇന്ത്യ-പാക് മത്സരത്തിൽ നിന്ന് പണമുണ്ടാക്കാൻ ശ്രമിക്കുന്ന ഓരോ സ്പോൺസറെയും, ബ്രോഡ്കാസ്റ്ററെയും, സ്ട്രീമിംഗ് ആപ്പിനെയും പേരെടുത്ത് പറഞ്ഞ് നാണം കെടുത്തണമെന്നും അവർ ട്വിറ്ററിൽ കുറിച്ചു. ബിസിസിഐയും ഇന്ത്യാ ഗവൺമെൻ്റും ലജ്ജയില്ലാതെ ഈ മത്സരവുമായി മുന്നോട്ട് പോകുകയാണ്. ഇന്ത്യൻ പൗരന്മാരായ നമ്മൾ നമ്മുടെ ശബ്ദം ഉച്ചത്തിലും വ്യക്തമായും ഉയർത്തേണ്ടതുണ്ട്. - പ്രിയങ്ക കുറിച്ചു.

ഇന്ത്യ-പാക് മത്സരം തത്സമയം കാണിക്കുന്ന എല്ലാ സ്ട്രീമിംഗ് ആപ്പുകളും ബ്രോഡ്കാസ്റ്റ് ചാനലുകളും നിരോധിക്കാൻ വാർത്താവിതരണ മന്ത്രാലയത്തോട് ആവശ്യപ്പെടുന്നു. അതോ അവരും മുട്ടുമടക്കുമോ?- പ്രിയങ്ക ചോദിച്ചു.

ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 19 മത്സരങ്ങളാണുള്ളത്. ഇതിൽ 11 മത്സരങ്ങൾ അബുദാബിയിലും 8 മത്സരങ്ങൾ ദുബായിലും നടക്കും. ഇന്ത്യയും പാകിസ്താനും യുഎഇയും ഒമാനും ഒരേ ഗ്രൂപ്പിലാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ രണ്ടാമത്തെ ഗ്രൂപ്പിലും. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ടു ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും. സൂപ്പര്‍ ഫോറില്‍ ഓരോ ടീമും മറ്റ് മൂന്ന് ടീമുകളുമായി ഓരോ തവണ ഏറ്റുമുട്ടും. ഇതില്‍ മികച്ച രണ്ട് ടീമുകള്‍ ഫൈനലില്‍ കളിക്കും.

Content Highlights: shiv sena MP Slams BCCI Over India-Pak Asia Cup Match

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article