Published: October 18, 2025 01:10 PM IST Updated: October 18, 2025 03:24 PM IST
2 minute Read
തിരുവനന്തപുരം ∙ സിദ്ധേഷിന്റെയും ഗെയ്‌ക്‌വാദിന്റെയും നിശ്ചയദാർഢ്യത്തിനു മുന്നിൽ ‘കൈകൊടുക്കുക’ അല്ലാതെ കേരളത്തിനു മാർഗമില്ലായിരുന്നു. മഹാരാഷ്ട്രയ്ക്കെതിരായ കേരളത്തിന്റെ രഞ്ജി ട്രോഫി മത്സരം സമനിലയിൽ പിരിഞ്ഞു. അവസാന ദിനം രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ രണ്ടാം ഇന്നിങ്സിൽ മഹാരാഷ്ട്ര 224 റൺസെടുത്തു നിൽക്കെയാണ് മത്സരം സമനിലയിൽ പിരിയാൻ ഇരു ക്യാപ്റ്റന്മാരും തീരുമാനിച്ചത്. അർധസെഞ്ചറിയുമായി . സിദ്ധേഷ് വീറും (197 പന്തിൽ 55*), ഋതുരാജ് ഗെയ്ക്‌വാദും (81 പന്തിൽ 55*) ആയിരുന്നു ക്രീസിൽ. ആദ്യ ഇന്നിങ്സിൽ 20 റൺസ് ലീഡ് നേടിയ മഹാരാഷ്ട്രയുടെ ആകെ ലീഡ് 244 ആയി. ഒന്നാം ഇന്നിങ്സ് ലീഡിലൂടെ മഹാരാഷ്ട്രയ്ക്കു മൂന്നു പോയിന്റ് ലഭിച്ചു. രണ്ടു ഇന്നിങ്സിലും മികച്ച ബാറ്റിങ് പുറത്തെടുത്ത ഋതുരാജ് ഗെയ്‌ക്‌വാദാണ് പ്ലെയർ ഓഫ് ദ് മാച്ച്.
സ്കോർ: മഹാരാഷ്ട്ര: 239, 242/2 കേരളം: 219. വിക്കറ്റ് നഷ്ടപ്പെടാതെ 51 റൺസ് എന്ന നിലയിലാണ് നാലാം ദിനത്തിൽ മഹാരാഷ്ട്ര ബാറ്റിങ് ആരംഭിച്ചത്. അർധസെഞ്ചറി നേടിയ ഓപ്പണർ പൃഥ്വി ഷായുടെ (102 പന്തിൽ 75) ബാറ്റിങ് കരുത്തിലാണ് മഹാരാഷ്ട്ര അതിവേഗം സ്കോർ ഉയർത്തിയത്.ഏഴു ഫോറാണ് പൃഥ്വിയുടെ ബാറ്റിൽനിന്നു പിറന്നത്. മറ്റൊരു ഓപ്പണർ അർഷിൻ കുൽക്കർണി 36 റൺസെടുത്ത് പുറത്തായി. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 84 റൺസെടുത്തു. അർഷിനെ പുറത്താക്കി ബേസിൽ എൻ.പിയാണ് കൂട്ടുകെട്ട് പൊളിച്ചത്. അക്ഷയ് ചന്ദ്രനാണ് പൃഥ്വി ഷായെ പുറത്താക്കിയത്.
∙ കൈവിട്ട് കേരളം
5 വിക്കറ്റിന് 18 റൺസെന്ന നിലയിൽ തകർന്നടിഞ്ഞ മഹാരാഷ്ട്ര കാട്ടിത്തന്ന അതിജീവന പാഠം കേരളത്തിന്റെ ബാറ്റിങ് നിരയ്ക്കു പാഠമായില്ല. മഹാരാഷ്ട്രയ്ക്കെതിരെ ഒന്നാം ഇന്നിങ്സ് ലീഡ് നേടാനുള്ള സുവർണാവസരം സ്വന്തം മണ്ണിൽ 21 റൺസ് അകലെ കേരളം കൈവിടുകയായിരുന്നു. മഹാരാഷ്ട്രയുടെ 239 റൺസിനെതിരെ കേരള ഇന്നിങ്സ് 219ൽ അവസാനിച്ചു. അർധ സെഞ്ചറി നേടിയ സഞ്ജു സാംസണും (54) വാലറ്റത്തു പൊരുതിയ സൽമാൻ നിസാറും (49) ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദീനും (36) ഒഴികെ മറ്റു ബാറ്റർമാരെല്ലാം പരാജയപ്പെട്ടു. കേരള താരങ്ങളുടെ ശക്തിയും ദൗർബല്യവും നന്നായറിയാവുന്ന മുൻ കേരള താരം ജലജ് സക്സേന 3 വിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിങ്സ് ലീഡിലൂടെ നേടാമായിരുന്ന 3 പോയിന്റാണ് കേരളം കളഞ്ഞുകുളിച്ചത്.
3ന് 35 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിങ്സ് പുനരാരംഭിച്ച കേരളത്തിന് 75ൽ സച്ചിൻ ബേബിയെ (7) നഷ്ടമായി. ആദ്യം മുതൽ മികച്ച സ്ട്രൈക്കോടെ കളിച്ച സഞ്ജുവിനൊപ്പം അസ്ഹറുദീൻ എത്തിയതോടെ കേരള ഇന്നിങ്സ് താളം വീണ്ടെടുത്തു. എന്നാൽ അർധ സെഞ്ചറി നേടിയതിനു പിന്നാലെ ഇടംകൈ സ്പിന്നർ വിക്കി ഓസ്‌വാളിന്റെ പന്തിൽ കീപ്പർ നവാലെ പിടിച്ച് സഞ്ജു പുറത്തായി. 63 പന്തിൽ 5 ഫോറും ഒരു സിക്സും ഉൾപ്പെട്ടതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്.
കഴിഞ്ഞ സീസണിൽ തിളങ്ങിയ അസ്ഹറുദീൻ–സൽമാൻ നിസാർ സഖ്യത്തിലായിരുന്നു പിന്നെ പ്രതീക്ഷയെങ്കിലും അടുത്ത ഓവറിൽ ഓസ്‌വാൾ തന്നെ അസ്ഹറിനെയും കീപ്പറുടെ കൈകളിലെത്തിച്ചത് വഴിത്തിരിവായി. അങ്കിത് ശർമയെ (17) ജലജ് മടക്കിയതോടെ പൊരുതാൻ സൽമാൻ മാത്രമായി. അവസാന വിക്കറ്റിൽ വൻ അടികളിലൂടെ ഇന്നിങ്സ് ലീഡ് നേടാനുള്ള ശ്രമത്തിൽ ബൗണ്ടറിക്കരികിൽ ക്യാച്ച് നൽകി അർധ സെഞ്ചറിക്ക് ഒരു റൺ അകലെ സൽമാനും വീണു.
English Summary:








English (US) ·