'രക്ഷിതാക്കളുടെ നിർബന്ധത്തിൽ വിവാഹം,19-ാം വയസ്സിൽ കൈക്കുഞ്ഞുമായി വീടുവിട്ടിറങ്ങി'; ജീവിതം പറഞ്ഞ് നടി

8 months ago 11

Rukhsar Rehman

രുഖ്‌സാർ റഹ്‌മാൻ | Photo: Instagram/ Rukhsar Rehman

കേവലം രണ്ടുസിനിമകളിലെ അഭിനയത്തിലൂടെ ബോളിവുഡില്‍ നായികാപദവിയിലേക്ക് ഉയര്‍ന്ന അഭിനേത്രിയാണ് രുഖ്‌സാര്‍ റഹ്‌മാന്‍. 17-ാം വയസ്സില്‍ നായികാവേഷങ്ങള്‍ ചെയ്ത താരത്തിന് പക്ഷേ അധികകാലം വെള്ളിത്തിരയില്‍ തിളങ്ങാന്‍ കഴിഞ്ഞില്ല. കുടുംബത്തിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്ന് സിനിമ വിട്ട രുഖ്‌സാര്‍ റഹ്‌മാന്‍, വലിയ പല സിനിമകളും വേണ്ടെന്ന് വെച്ച് വിവാഹജീവിതത്തിലേക്ക് കടന്നു. തുടര്‍ന്ന് ജീവിത്തിലുണ്ടായ ഇടര്‍ച്ചകളേയും ഉയര്‍ത്തെഴുന്നേല്‍പ്പുകളേയും കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടി ഇപ്പോള്‍ .

റോജ അടക്കമുള്ള സിനിമകളിലെ വേഷങ്ങള്‍ വേണ്ടെന്നുവെച്ചാണ് താരം ബോളിവുഡ് വിട്ടത്. എന്നാല്‍, കുടുംബജീവിത്തിലെ ഇടര്‍ച്ചയ്ക്കുശേഷം 2005-ല്‍ അവര്‍ വീണ്ടും സിനിമയില്‍ തിരിച്ചെത്തി. ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് രുഖ്‌സാര്‍ റഹ്‌മാന്‍ തന്റെ പഴയ ജീവിതം ഓര്‍ത്തെടുത്തത്.

'ഋഷി കപൂറുമായി ഒന്നിച്ചഭിനയിക്കുമ്പോള്‍ ഞാന്‍ കൗമാരക്കാരിയാണ്. 17-ാം വയസ്സില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി സിനിമയിലെത്തിയ ഞാന്‍ യാദ് രഖേഗി ദുനിയ, ഇന്‍തേഹാ പ്യാര്‍ കി എന്നീ ചിത്രങ്ങളില്‍ നായികാവേഷങ്ങള്‍ ചെയ്തു. എന്നാല്‍, ഒരുവര്‍ഷത്തിന് ശേഷം എനിക്ക് സിനിമാമേഖലയില്‍നിന്ന് മാറി നില്‍ക്കേണ്ടി വന്നു. സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ല അത്. എന്റെ മാതാപിതാക്കള്‍ എനിക്ക് അഭിനയത്തില്‍ ഭാവി കണ്ടില്ല. പകരം അവര്‍ എന്നെ കല്യാണം കഴിപ്പിച്ചു', രുഖ്‌സാര്‍ റഹ്‌മാന്‍ പറഞ്ഞു.

'പുറത്തുനിന്ന് നോക്കുമ്പോള്‍ ജീവിതം പെര്‍ഫെക്ടായിരുന്നു. ഞാന്‍ നല്ലൊരു ഭാര്യയാവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു, ഉടനെ അമ്മയുമായി. ഐഷയുടെ ജനനത്തോടെ ഞാന്‍ ജീവിതത്തിന് പുതിയ അര്‍ഥം കണ്ടെത്തി. എന്നാല്‍, കാലംപോകെ വിള്ളലുകള്‍ വരാന്‍ തുടങ്ങി. ബന്ധം വേര്‍പ്പെടുത്തി. ഒരു രാത്രി കൈയില്‍ കിട്ടിയതെല്ലാമെടുത്ത് ഞാന്‍ ഇറങ്ങി. മകള്‍ക്ക് എട്ടുമാസം മാത്രമായിരുന്നു പ്രായം. ഞാന്‍ ജന്മദേശമായ രാംപുരിലേക്ക് തിരികെ പോയി. വാതില്‍ തുറന്ന പിതാവ് എന്നോട് ഒന്നും ചോദിച്ചില്ല, 'എല്ലാം ശരിയാവും' എന്നുമാത്രം പറഞ്ഞു', അവര്‍ ഓര്‍ത്തെടുത്തു.

'ഞാനൊരു ചെറിയ ബൂട്ടീക് തുടങ്ങി. എന്നാല്‍, സിനിമയിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹം കലശലായി. 2005-ല്‍ മകള്‍ ഐഷയെ മാതാപിതാക്കളെ ഏല്‍പ്പിച്ച് മുംബൈയിലേക്ക് മാറി. ജീവിത്തിലെ കഠിനമായ തീരുമാനമായിരുന്നു അത്. ചെറിയ വേഷങ്ങളിലൂടെയും ഒഡിഷനുകളില്‍ പങ്കെടുത്തും ജീവിതം തിരിച്ചുപിടിക്കാന്‍ തുടങ്ങി. ഡി, സര്‍ക്കാര്‍, പികെ, ഉറി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ഞാന്‍ എന്റെ ജീവിതം തന്നെ തിരിച്ചുപിടിക്കുകയായിരുന്നു', അവര്‍ കൂട്ടിച്ചേര്‍ത്തു.

2005-ല്‍ രാംഗോപാല്‍ വര്‍മയുടെ ഡി എന്ന ചിത്രത്തിലൂടെയാണ് രുഖ്‌സാര്‍ റഹ്‌മാന്‍ ബോളിവുഡില്‍ തിരിച്ചെത്തിയത്. പിന്നീട് ടെലിവിഷനിലും സജീവമായി. ആസാദ് അഹമ്മദുമായുള്ള വിവാഹബന്ധം വേര്‍പിരിയുമ്പോള്‍ രുഖ്‌സാര്‍ റഹ്‌മാന്‌ 19 വയസ്സായിരുന്നു പ്രായം. 2010-ല്‍ സംവിധായകന്‍ ഫാറൂഖ് കബീറിനെ വിവാഹംചെയ്‌തെങ്കിലും 2023-ല്‍ അദ്ദേഹം മരിച്ചു.

Content Highlights: Rukhsar Rehman`s inspiring story: aboriginal Bollywood success, forced retirement, matrimony struggles

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article