.jpg?%24p=12c13bc&f=16x10&w=852&q=0.8)
മനീഷ് ബിസിയും ഖേംരാജും വിരാട് കോലിയും രജത് പടിദാറും | Photo Courtesy: x.com/NDTV, AFP
ഗരിയബന്ദ് (ഛത്തീസ്ഗഡ്): ഒരു പുതിയ സിം എടുത്ത ശേഷം പെട്ടെന്ന് നിങ്ങള്‍ക്ക് ക്രിക്കറ്റ് താരങ്ങളായ വിരാട് കോലിയുടെയും എ ബി ഡിവില്ലിയേഴ്‌സിന്റെയും രജത് പടിദാറിന്റെയുമൊക്കെ കോളുകള്‍ വന്നാല്‍ എങ്ങനെയുണ്ടാകും. ആരെങ്കിലും കളിപ്പിക്കാന്‍ വിളിക്കുകയാണെന്നാകും എല്ലാവരും ധരിക്കുക. ഛത്തീസ്ഗഡിലെ ഗരിയബന്ദ് ജില്ലയിലെ ദേവ്‌ഭോഗ് ഗ്രാമത്തിലുള്ള സുഹൃത്തുക്കളായ മനീഷ് ബിസിയും ഖേംരാജും ഇങ്ങനെ തന്നെയാണ് കരുതിയത്. എന്നാല്‍ കഥ മറ്റൊന്നായിരുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ 28-ന് മനീഷും ഖേംരാജും ഒരു പ്രാദേശിക മൊബൈല്‍ ഷോപ്പില്‍ നിന്ന് ഒരു പുതിയ റിലയന്‍സ് ജിയോ സിം എടുത്തു. വാട്ട്‌സ്ആപ്പില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ പ്രൊഫൈല്‍ പിക് ആയി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റന്‍ രജത് പടിദാറിന്റെ ചിത്രം വന്നപ്പോള്‍ അവര്‍ അദ്ഭുതപ്പെട്ടു. എങ്കിലും അവരത് അങ്ങനെ കാര്യമാക്കിയില്ല.
എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു. തുടര്‍ച്ചയായി കോളുകള്‍. അതും ക്രിക്കറ്റ് താരങ്ങളില്‍ നിന്നും ക്രിക്കറ്റുമായി ബന്ധപ്പെട്ടവരില്‍ നിന്നും. ഒരാള്‍ വിളിച്ചത് താന്‍ വിരാട് കോലിയാണെന്ന് പറഞ്ഞായിരുന്നു. മറ്റൊരാള്‍ എ ബി ഡിവില്ലിയേഴ്‌സാണെന്നും പറഞ്ഞ് വിളിച്ചു. ഇതെല്ലാം ആരെങ്കിലും കളിപ്പിക്കാന്‍ ചെയ്യുന്നതാകുമെന്നാണ് മനീഷും ഖേംരാജും കരുതിയത്. അതോടെ ഇത്തരത്തില്‍ ഫോണ്‍ കോളുകള്‍ വരുമ്പോഴെല്ലാം അവര്‍ തമാശയായി ഇങ്ങേത്തലയ്ക്കല്‍ മഹേന്ദ്ര സിങ് ധോനിയാണെന്ന് പറയാന്‍ തുടങ്ങി. എന്നിട്ടും കോളുകള്‍ വരുന്നത് തുടര്‍ന്നു.
ഇതിനിടെ ജൂലായ് 15-ന് മനീഷിന് അജ്ഞാത നമ്പറില്‍ നിന്ന് വീണ്ടും ഒരു കോള്‍ വന്നു. ഇത്തവണ വിളിക്കുന്നത് രജത് പടിദാറാണെന്നു പറഞ്ഞാണ് വിളിച്ചയാള്‍ പരിചയപ്പെടുത്തിയത്. നിങ്ങളുടെ പക്കലുള്ള നമ്പര്‍ തന്റേതാണെന്നും ദയവായി അത് തിരിച്ചുതരണമെന്നും വിളിച്ചയാള്‍ പറഞ്ഞു. അപ്പോഴും അത് തമാശയായി എടുത്ത മനീഷ്, താന്‍ എം.എസ് ധോനിയാണെന്ന് മറുപടി നല്‍കി. നമ്പര്‍ പ്രധാനമാണെന്നും പരിശീലകരും സുഹൃത്തുക്കളും വിളിക്കുന്ന നമ്പറാണെന്നും വിളിച്ചയാള്‍ പറഞ്ഞിട്ടും മനീഷ് വിശ്വസിച്ചില്ല. ഒടുവില്‍ പോലീസിനെ അയക്കാമെന്നു പറഞ്ഞ് വിളിച്ചയാള്‍ ഫോണ്‍ കട്ട് ചെയ്തു.
ഫോണ്‍ വെച്ച് 10 മിനിറ്റിനുള്ളില്‍ വീടിന്റെ വാതില്‍ക്കല്‍ പോലീസ് എത്തുമ്പോഴാണ് മനീഷ് ബിസിയും ഖേംരാജും തങ്ങളുടെ പക്കലുള്ള നമ്പര്‍ യഥാര്‍ഥത്തില്‍ രജത് പടിദാറിന്റേതാണെന്നും തങ്ങളെ വിളിച്ചത് അദ്ദേഹം തന്നെയാണെന്നും ഇത്രയും നാള്‍ സംസാരിച്ചത് യഥാര്‍ഥ കോലി, ഡിവില്ലിയേഴ്‌സ് എന്നിവരുമായാണെന്നും യുവാക്കള്‍ തിരിച്ചറിയുന്നത്. പോലീസ് കാര്യം അറിയിച്ചതോടെ ഇവര്‍ തങ്ങളുടെ പക്കലുണ്ടായിരുന്ന സിം കാര്‍ഡ് അവരെ ഏല്‍പ്പിച്ചു.
90 ദിവസത്തിലേറെയായി നിഷ്‌ക്രിയമായി കിടക്കുന്ന നമ്പറുകള്‍ ടെലികോം കമ്പനികള്‍ പുനരുപയോഗിക്കാറുണ്ട്. ഇത്തരത്തില്‍ രജത് പടിദാറിന്റെ നിഷ്‌ക്രിയമായ ജിയോ നമ്പര്‍ കമ്പനി മനീഷിന് നല്‍കിപ്പോയതായിരുന്നു.
Content Highlights: Two friends get Kohli, de Villiers & Patidar`s calls connected caller SIM, prank them backmost arsenic Dhoni








English (US) ·