രജത് പാട്ടിദാറിന്റെ ‘കട്ടായ’ സിം ഛത്തീസ്ഗഡിലെ യുവാവിന്, പൊടുന്നനെ സൂപ്പർതാരങ്ങളുടെ ‘കോൾ ലിസ്റ്റി’ൽ; വിളിച്ചവരിൽ കോലി, ഡിവില്ലിയേഴ്സ്!

5 months ago 5

മുംബൈ∙ ഒരു ദിവസം നേരം ഇരുട്ടിവെളുത്തപ്പോൾ രാജ്യാന്തര ക്രിക്കറ്റിലെ സൂപ്പർതാരങ്ങളുടെ കോൾലിസ്റ്റിൽ ഇടംപിടിച്ചതിന്റെ ഞെട്ടൽ ഇപ്പോഴും വിട്ടുമാറിയിട്ടില്ല, ഛത്തീസ്ഗഡിൽ നിന്നുള്ള മനീഷ് എന്ന യുവാവിന്. എന്താണ് സംഭവമെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ആ ‘എലൈറ്റ്’ കോൾലിസ്റ്റിൽനിന്ന് മനീഷ് പുറത്താവുകയും ചെയ്തു. വിരാട് കോലി, എ.ബി. ഡിവില്ലിയേഴ്സ് തുടങ്ങി രാജ്യാന്തര ക്രിക്കറ്റിലെ സൂപ്പർതാരങ്ങൾ പോലും വിളിച്ചിട്ടും അവരോടെല്ലാം ആളറിയാതെ പുച്ഛത്തോടെ സംസാരിച്ചതിന്റെ ‘വേദന’യിലാണ് മനീഷ്. സൂപ്പർതാരങ്ങൾ ഉൾപ്പെടെയുള്ളവരുടെ പേരിൽ സ്ഥിരമായി വിളിയെത്തിയതോടെ മടുത്ത് ഒടുവിൽ ഇങ്ങേത്തലയ്ക്കൽ ‘എം.എസ്. ധോണിയാണ്’ എന്നുപോലും മനീഷിന് പറയേണ്ടിവന്നു. ഏറ്റവും ഒടുവിൽ വീട്ടുപടിക്കൽ പൊലീസ് എത്തിയപ്പോഴാണ് മനീഷിന് എന്താണ് സംഭവമെന്ന് മനസിലായത്.

മനീഷിന്റെ ജീവിതത്തിൽ ഏതാനും ദിവസങ്ങൾക്കിടെ സംഭവിച്ച ആ ‘അദ്ഭുതം’ എന്താണ് എന്നല്ലേ? ഇക്കഴിഞ്ഞ ജൂൺ 28ന് ഒരു പ്രാദേശിക മൊബൈൽ കടയിൽനിന്ന് റിലയൻസ് ജിയോയുടെ പുതിയ സിം കാർഡ് എടുത്തതിൽ തുടങ്ങുന്നു മനീഷിന്റെ ജീവിതത്തിലെ സംഭവബഹുലമായ ദിവസങ്ങളുടെ ചരിത്രം. ഏറെക്കുറെ അവിശ്വസനീയമായ ആ സംഭവത്തിന്റെ നാൾവഴികൾ ഇങ്ങനെ:

ഛത്തീസ്ഗഡിലെ ഗാരിയാബന്ധ് ജില്ലയിലുള്ള മഡഗോൺ ഗ്രാമത്തിലാണ് മനീഷിന്റെ വീട്. ജൂൺ 28ന് സുഹൃത്തായ ഖേംരാജിനൊപ്പമാണ് പ്രദേശത്തെ മൊബൈൽ കടയിൽനിന്ന് മനീഷ് പുതിയ സിം കാർഡ് വാങ്ങിയത്. പുതിയ സിം കാർഡ് ഫോണിൽ ‍ഇട്ടപ്പോഴാണ് മനീഷും ഖേംരാജും ഞെട്ടിയത്. വാട്സാപ്പ് ഇൻസ്റ്റാൾ ചെയ്തപ്പോൾ പ്രൊഫൈൽ പിക്ചറായി തെളിഞ്ഞത് ക്രിക്കറ്റ് താരം രജത് പാട്ടിദാറിന്റെ ചിത്രം. എന്താണ് സംഭവമെന്ന് പിടികിട്ടിയില്ലെങ്കിലും ഇരുവരും അത് തമാശയായി മാത്രമേ കണ്ടുള്ളൂ.

എന്നാൽ, അധികം വൈകാതെ തമാശ കാര്യമായി. പുതിയ സിം കാർഡിട്ട ഫോണിലേക്ക് പിന്നീട് വന്നത് ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ കോളുകൾ. വിരാട് കോലി, എ.ബി. ഡിവില്ലിയേഴ്സ് തുടങ്ങി ഒട്ടേറെ പ്രാദേശിക താരങ്ങളുടെ പേരിലും ഫോണിലേക്ക് കോളുകൾ വന്നു. എന്താണ് സംഭവമെന്ന് അറിയാതെ ആദ്യം അമ്പരന്നെങ്കിലും, പരിചയക്കാർ വിളിച്ച് കളിപ്പിക്കുന്നതാണെന്ന ധാരണയിൽ ഇങ്ങേത്തലയ്ക്കൽ മഹേന്ദ്രസിങ് ധോണിയാണെന്ന് മനീഷും മറുപടി നൽകിത്തുടങ്ങി. വിളിക്കുന്നയാൾ കോലിയാണെന്ന് പറഞ്ഞാൽ, ഇങ്ങേത്തലയ്‌ക്കൽ നിന്നും ധോണിയാണെന്ന് മറുപടി!

ഇതിനിടെ ജൂലൈ 15ന് മനീഷിന്റെ ഫോണിലേക്ക് പരിചയമില്ലാത്ത മറ്റൊരു നമ്പറിൽനിന്ന് കോൾ വന്നു. ‘എന്റെ പേര് രജത് പാട്ടിദാർ’ – വിളിച്ചയാൾ വളരെ മാന്യമായി പരിചയപ്പെടുത്തി. മനീഷ് ഉപയോഗിക്കുന്ന ഈ നമ്പർ തന്റേതാണെന്നും ദയവു ചെയ്ത് അത് തിരികെ നൽകണമെന്നുമായിരുന്നു ആ കോളിന്റെ ഉള്ളടക്കം. ഇത്തരം വിളികൾ പതിവായതിനാൽ, ഇങ്ങേത്തലയ്ക്കൽ മഹേന്ദ്രസിങ് ധോണിയാണെന്ന പതിവു മറുപടി നൽകി മനീഷ്.

ഇതോടെ തന്റെ അവസ്ഥ വളരെ പരിതാപകരമാണെന്നും ആ നമ്പർ നഷ്ടമായതോടെ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്നും അങ്ങേത്തലയ്ക്കലുള്ളയാൾ വിശദീകരിച്ചു. സുഹൃത്തുക്കളുടെയും പരിശീലകരുടെയും ഉൾപ്പെടെ കൈവശമുള്ളത് ഈ നമ്പറാണെന്നും, അത് തിരികെ ലഭിച്ചില്ലെങ്കിൽ പ്രയാസമാകുമെന്നും പാട്ടിദാർ എന്ന് പരിചയപ്പെടുത്തയയാൾ വ്യക്തമാക്കി.

മനീഷ് വീണ്ടും ഇതു തമാശയായി കണ്ട് മറുപടി നൽകിയതോടെ അങ്ങേത്തലയ്ക്കൽനിന്ന് മുന്നറിയിപ്പെത്തി. അങ്ങനെയെങ്കിൽ പൊലീസിനെ വീട്ടിലേക്ക് അയയ്ക്കാം എന്നു പറഞ്ഞ് വിളിച്ചയാൾ സംഭാഷണം അവസാനിപ്പിച്ചു. പത്ത് മിനിറ്റിനുള്ളിൽ പൊലീസ് വീട്ടുപടിക്കൽ എത്തിയപ്പോഴാണ് മനീഷിന്റെ കാര്യങ്ങളുടെ ഗൗരവം പിടികിട്ടിയത്. മനീഷ് അത്രയും നേരം സംസാരിച്ചുകൊണ്ടിരുന്നത് യഥാർഥ രജത് പാട്ടിദാറിനോടായിരുന്നു!

യാഥാർഥ്യം പൊലീസിൽനിന്ന് മനസിലാക്കിയ മനീഷും സുഹൃത്തും ഉടൻതന്നെ സിം  കാർഡ് മടക്കി നൽകുകയും ചെയ്തു. രജത് പാട്ടിദാർ ഉപയോഗിച്ചിരുന്ന ഈ നമ്പർ, ഏതാനും മാസങ്ങൾ ഉപയോഗിക്കാതിരുന്നതോടെയാണ് ടെലകോം കമ്പനി സിം കാർഡ് റദ്ദാക്കി മറ്റൊരാൾക്ക് നൽകിയതെന്നാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്ത ‘എൻഡിടിവി’യിലെ വിശദീകരണം.

English Summary:

Rajat Patidar's Old Number Re-Issued To Chhattisgarh Boys, Leads To Chats With Kohli, AB De Villiers

Read Entire Article