രജനികാന്തിന്റെയും ബച്ചന്റെയും പ്രിയ ഷൂട്ടിങ് സ്ഥലം, മൈസൂരുവിൽ 160 ഏക്കറിൽ ഫിലിം സിറ്റി വരുന്നു

5 months ago 6

Mysore Premier Studio

പൂട്ടിയ മൈസൂരു പ്രീമിയർ സ്റ്റുഡിയോ (ഫയൽ ചിത്രം)

മൈസൂരു: സെല്ലുലോയ്ഡിൽ ഇനി മൈസൂരുവിന്റെ കാഴ്ചകൾ കഥ പറയും. കൊട്ടാരവം ശ്രീരംഗപട്ടണവും കെആർഎസ് ഡാമും ചാമുണ്ഡി കുന്നുകളും ഇനി അഭ്രപാളികളിൽ നിറയും. അങ്ങനെ സിനിമാചിത്രീകരണത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കാനും ഇന്ത്യൻ സിനിമയുടെ തലസ്ഥാനമാക്കാനും ഒരുങ്ങുകയാണ് നഗരം.

160 ഏക്കറാണ് മൈസൂരുവിൽ ഫിലിം സിറ്റിക്കായ് സർക്കാർ ഏറ്റെടുത്തത്. ഷൂട്ടിങ്മുതൽ അവസാന എഡിറ്റിങ് ജോലിവരെ പൂർത്തിയാക്കാൻ കഴിയുന്ന എകജാല കേന്ദ്രമാണ് ഒരുങ്ങുന്നത്. പൊതു, സ്വകാര്യ പങ്കാളിത്ത മാതൃകയിൽ നിർമിക്കാൻ ഹിമാവു ഗ്രാമത്തിലാണ് സ്ഥലം കണ്ടെത്തിയത്. ഇതിനായി ബജറ്റിൽ 500 കോടിയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്. രാജ് കപൂർ, മണിരത്നം, മൻമോഹൻ ദേശായി, പി. വാസു, ഭാരതിരാജ തുടങ്ങിയ പ്രശസ്ത സംവിധായകരുടെ ചിത്രീകരണകേന്ദ്രമായിരുന്നു ഒരുകാലത്ത് മൈസൂരു. 1940-കളിൽ ഹോളിവുഡ് സിനിമകളും ഇവിടെ ചിത്രീകരിച്ചിരുന്നു. എംജിആർ, രാജ്കുമാർ, രജനീകാന്ത്, അമിതാഭ് ബച്ചൻ തുടങ്ങിയ നടന്മാരുടെ പ്രിയ ഷൂട്ടിങ് കേന്ദ്രമായിരുന്നു ഇവിടം.

ഫിലിംസിറ്റി വരുന്നതോടെ ശ്രീരംഗപട്ടണ, മെലുക്കോട്ട്, കെആർഎസ് അണക്കെട്ട്, മൃഗശാല, ചാമുണ്ഡികുന്ന്, നാഗർഹോളെ തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലും സിനിമകൾ ചിത്രീകരിക്കാൻ കഴിയും. പദ്ധതി പൂർണമായും യാഥാർഥ്യമായാൽ മൈസൂരുവിന്റെ ടൂറിസം മേഖലയ്ക്കും ഇത് ഇരട്ടി ഉണർവേകും.

പ്രതിവർഷം ഏകദേശം 120 സിനിമകൾ നിർമിക്കുന്ന കന്നഡ ചലച്ചിത്ര വ്യവസായത്തിന് രാമോജി ഫിലിം സിറ്റി മാതൃകയിൽ ഒരു ഫിലിം സിറ്റി ആവശ്യമാണെന്ന് കന്നഡ സംവിധായകൻ രാജേന്ദ്രസിങ്‌ ബാബു പറഞ്ഞു. സിറ്റിയുടെ ബ്ലൂപ്രിന്റ് തയ്യാറാക്കുമെന്നും അത് ഘട്ടംഘട്ടമായി നിർമിക്കുമെന്നും അദ്ദേഹം മുഖ്യമന്ത്രി സിദ്ധരാമയ്യയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞു.

ഫ്ലാഷ്ബാക്കിൽ മൈസൂരു പ്രീമിയർ സ്റ്റുഡിയോ

1980-കളുടെ തുടക്കംവരെ ദക്ഷിണേന്ത്യൻ സിനിമകളിൽ ഭൂരിഭാഗവും ചിത്രീകരിച്ചിരുന്ന മൈസൂരു പ്രീമിയർ സ്റ്റുഡിയോ പൂട്ടിയിട്ട് നാലരവർഷമായി. ഒരുകാലത്ത് ഏഷ്യയിലെ രണ്ടാമത്തെ വലിയ ഫിലിം ഷൂട്ടിങ് സ്റ്റുഡിയോ ആയിരുന്നു പ്രീമിയർ സ്റ്റുഡിയോ. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, തുളു, കൊങ്കണി, ഇംഗ്ലീഷ്, ഇറ്റാലിയൻ ഭാഷകളിലായി 750-ലധികം സിനിമകൾ ഇവിടെ ചിത്രീകരിച്ചിരുന്നു.

മൈസൂരു കൊട്ടാരത്തിന്റെ ഭാഗമായ ചിത്തരഞ്ജൻ മഹലിലായിരുന്നു ആദ്യം പ്രവർത്തിച്ചത്. 1954-ൽ ഹുൻസൂർ റോഡിലേക്ക് മാറ്റി. 10 ഏക്കർ സ്ഥലത്ത് ഏഴുനില കെട്ടിടത്തിലായിരുന്നു സ്ഥിതി ചെയ്തത്. ഒരേസമയം ഏഴുസിനിമകൾ ചിത്രീകരിക്കാനുള്ള സൗകര്യം സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു.

1989-ൽ ഇവിടെയുണ്ടായ തീപ്പിടിത്തത്തിൽ 42 കലാകാരന്മാർ, സാങ്കേതികവിദഗ്ധർ, തൊഴിലാളികൾ എന്നിവർ മരിച്ചിരുന്നു. പിന്നീട് സിനിമാ പ്രവർത്തകർ പതിയെ മൈസൂരു പ്രീമിയർ സ്റ്റുഡിയോവിനെ കൈയൊഴിയുകയായിരുന്നു.

Content Highlights: Mysore is acceptable to regain its cinematic glory with a caller 500 crore movie metropolis task spanning 160acres

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article