
ലോകേഷ് കനകരാജ്, രജനീകാന്തിനൊപ്പം കൂലിയുടെ സെറ്റിൽ | ഫോട്ടോ: X
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനീകാന്ത് നായകനാവുന്ന കൂലി എന്ന ചിത്രം ആഗസ്റ്റ് 14-ന് തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ ലൊക്കേഷനിൽവെച്ച് രജനീകാന്ത് ജീവചരിത്രം എഴുതുകയായിരുന്നുവെന്ന് ലോകേഷ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. രജനിയുടെ ജീവിതം സിനിമയാവുകയാണെങ്കിൽ ആരായിരിക്കും അദ്ദേഹത്തെ അവതരിപ്പിക്കുക എന്ന ചോദ്യത്തിന് ലോകേഷ് പറഞ്ഞ മറുപടി ശ്രദ്ധേയമാവുകയാണ്.
തമിഴ് ചാനലായ ഗലാട്ട പ്ലസിനോട് സംസാരിക്കവേയാണ് രജനീകാന്തിന്റെ ജീവചരിത്രം സിനിമയായാൽ ആരായിരിക്കും സൂപ്പർതാരത്തെ അവതരിപ്പിക്കാൻ ഏറ്റവും അനുയോജ്യനെന്ന് ലോകേഷ് പറഞ്ഞത്. ധനുഷ്, വിജയ് സേതുപതി, ശിവ കാർത്തികേയൻ എന്നീ മൂന്നുപേരുടെ പേരുകളാണ് സംവിധായകൻ പറഞ്ഞത്. ഇവർ രജനീകാന്തിന്റെ വിവിധ കാലഘട്ടങ്ങളെ അവതരിപ്പിച്ചാൽ നന്നാവുമെന്നും ലോകേഷ് കനകരാജ് അഭിപ്രായപ്പെട്ടു.
'രജനി സാറിന്റെ പഴയകാല ലുക്ക് ചെയ്യാൻ ധനുഷ് സാറിനെ തിരഞ്ഞെടുക്കാം. അദ്ദേഹത്തിന്റെ 90'കളിലെ ജീവിതം അവതരിപ്പിക്കാനായി വിജയ് സേതുപതി, ശിവകാർത്തികേയൻ എന്നിവർ നന്നായിരിക്കും. കാരണം അവരിൽ എവിടെയോ ഞാൻ രജനി സാറിന്റെ ഒരു ചാം കണ്ടിട്ടുണ്ട്. നമുക്ക് ഒരുപാട് മികച്ച അഭിനേതാക്കൾ ഉണ്ട്. അവരിൽ ആര് ചെയ്താലും നല്ലതായിരിക്കും. ഇപ്പോൾ ഉള്ള ഈ തലമുറയിൽപ്പെട്ട അഭിനേതാക്കൾ അടുത്ത അഞ്ചു വർഷത്തിൽ ടോപ്പിൽ എത്താനിരിക്കുന്നവരാണ്,' ലോകേഷിന്റെ വാക്കുകൾ.
"മറ്റാരുമായും പങ്കുവെക്കാത്ത കാര്യങ്ങൾ സൂപ്പർസ്റ്റാർ പങ്കുവെച്ചിട്ടുണ്ട്. ആ അനുഭവം എപ്പോഴും എൻ്റെ ഹൃദയത്തോട് ചേര്‍ന്നുനിൽക്കുന്ന ഒന്നായിരിക്കും. ആ മനുഷ്യൻ കടന്നുപോയ അനുഭവങ്ങളാണ് അതിൽ നിന്നും ഉൾക്കൊള്ളാനാവുന്നത്. അദ്ദേഹം തരണം ചെയ്ത പ്രതിസന്ധികളാണ് ഞാനുൾപ്പെടെ എല്ലാവരെയും അദ്ദേഹവുമായി ബന്ധിപ്പിക്കുന്ന ഒരു പൊതുഘടകം," രജനീകാന്ത് ജീവചരിത്രം എഴുതുന്നതിനെക്കുറിച്ച് ലോകേഷ് പറഞ്ഞത് ഇങ്ങനെയായിരുന്നു.
നാഗാർജുന, സത്യരാജ്, ആമിർ ഖാൻ, ഉപേന്ദ്ര, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സംവിധായകൻ ലോകേഷ് കനകരാജിനൊപ്പമുള്ള അദ്ദേഹത്തിന്റെ തുടർച്ചയായ നാലാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും എഡിറ്റിംഗ് ഫിലോമിൻ രാജുമാണ് നിർവഹിക്കുന്നത്. അന്താരാഷ്ട്ര ചലച്ചിത്ര വിതരണ രംഗത്തെ പ്രമുഖരായ ഹംസിനി എന്റർടെയ്ൻമെന്റ് ആണ് ചിത്രത്തിന്റെ ആഗോള വിതരണം ഏറ്റെടുത്തിരിക്കുന്നത്. 100-ലധികം രാജ്യങ്ങളിൽ ചിത്രം പ്രദർശനത്തിനെത്തും.
Content Highlights: Lokesh Kanagaraj reveals his imagination formed for a Rajinikanth biopic
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·