Published: March 28 , 2025 01:03 PM IST
1 minute Read
മുംബൈ∙ ചാംപ്യന്‍സ് ട്രോഫി കിരീടം ഇന്ത്യൻ ക്രിക്കറ്റ് ടീം വിജയിച്ചെങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ രോഹിത് ശർമയുടെ ഫോം ഇപ്പോഴും ടീം ഇന്ത്യയുടെ ആശങ്കയുയർത്തുന്നതാണ്. ട്വന്റി20 ക്രിക്കറ്റിൽനിന്ന് വിരമിച്ച രോഹിത്, ഐപിഎല്ലിനു ശേഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ നയിക്കുമെന്നാണു വിവരം. അതേസമയം രോഹിത്തിനെപ്പോലൊരു ബാറ്ററെ മാറ്റിനിർത്തരുതെന്നും അദ്ദേഹത്തെ ഫോമിലേക്കു തിരിച്ചുകൊണ്ടുവരണമെന്നും വ്യക്തമാക്കുകയാണ് മുൻ ഇന്ത്യൻ താരം യോഗ്‍രാജ് സിങ്. താൻ ഇന്ത്യൻ ടീം പരിശീലകനായാൽ നിലവിലെ ടീമിനെ തന്നെ ആർക്കും തകർക്കാനാകാത്ത സംഘമാക്കി വളർത്തുമെന്നും യോഗ്‍രാജ് സിങ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
‘‘നിങ്ങൾ എന്നെ ഇന്ത്യൻ ടീമിന്റെ പരിശീലകനാക്കിയാൽ, ഈ ടീമിനെ ആർക്കും തകർക്കാൻ പറ്റാത്ത രീതിയിൽ മാറ്റിയെടുക്കാൻ സാധിക്കും. നിലവിലെ താരങ്ങളെ തന്നെ കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കും. താരങ്ങളെ ടീമിനു പുറത്താക്കാനാണ് എല്ലാവരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രോഹിത് ശർമയെയും കോലിയെയും പുറത്തിരുത്തുന്നത് എന്തിനാണ്? അവർ ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെയാണു കടന്നുപോകുന്നത്. എന്നാൽ അവരോടൊപ്പം ഞാനും ഉണ്ടെന്നാണ് എനിക്കു പറയാനുള്ളത്.’’
‘‘രഞ്ജി ട്രോഫി കളിക്കാൻ ഞാന്‍ അവരോട് ആവശ്യപ്പെടും. രോഹിത് ശർമയെ 20 കിലോമീറ്റർ ഓടിക്കും. ആരും അങ്ങനെയുള്ള കാര്യങ്ങൾ ചെയ്യില്ല. ഈ താരങ്ങൾ ശരിക്കും വജ്രക്കല്ലുകൾ പോലെയാണ്. അവരെ വെറുതെ അങ്ങ് പുറത്താക്കരുത്. ഞാൻ അവരുടെ പിതാവിനെപ്പോലെയായിരിക്കും. എല്ലാ താരങ്ങളെയും മകനായ യുവരാജ് സിങ്ങിനെപ്പോലെയാണു ഞാൻ കാണുന്നത്.’’– യോഗ്‍രാജ് സിങ് പ്രതികരിച്ചു.
English Summary:








English (US) ·