
രഞ്ജി ട്രോഫി ക്രിക്കറ്റിൽ റണ്ണറപ്പായ കേരള ക്രിക്കറ്റ് ടീമിനെ ആദരിച്ചപ്പോൾ | ഫോട്ടോ: പ്രവീൺദാസ്. എം
തിരുവനന്തപുരം: ഇത്തവണത്തെ രഞ്ജി ട്രോഫി ടൂര്‍ണമെന്റില്‍ റണ്ണറപ്പായ കേരള ക്രിക്കറ്റ് ടീമിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) ഒന്നരക്കോടി രൂപ പാരിതോഷികമായി നല്‍കും. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലാദ്യമായി ഫൈനലില്‍ എത്തിയ ടീമിനെ ആദരിക്കുന്നതിനായി തിരുവനന്തപുരം ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് കെസിഎ പാരിതോഷികം പ്രഖ്യാപിച്ചത്. പ്രസിഡന്റ് ജയേഷ് ജോര്‍ജും സെക്രട്ടറി വിനോദ് എസ്. കുമാറും ചേര്‍ന്നാണ് പാരിതോഷികം പ്രഖ്യാപിച്ചത്. തുക ടീം അംഗങ്ങള്‍ക്കും മാനേജ്‌മെന്റിനുമായി വീതിച്ചു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ടീമിന് ബിസിസിഐയുടെ സമ്മാനത്തുകയായ മൂന്നു കോടി രൂപയും ലഭിക്കും.
കേരളത്തിന്റേത് കിരീട സമാനമായ നേട്ടം
രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഫൈനലില്‍ എത്തിയ കേരളം കൈവരിച്ചത് വിജയസമാന നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റണ്ണര്‍ അപ്പ് സ്ഥാനം കരസ്ഥമാക്കിയ കേരള ടീമിനെ ആദരിക്കുന്നതിനായി ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരുത്തരായ വിദര്‍ഭയെ ആദ്യ ഇന്നിങ്‌സില്‍ മറികടക്കുമെന്ന പ്രതീതിയായിരുന്നു ഒരുഘട്ടത്തില്‍ നിലനിന്നിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിചയസമ്പന്നതയും യുവത്വവും കലര്‍ന്ന ടീമിന്റെ മികവാര്‍ന്ന പ്രകടനത്തിന്റെ ഫലമാണ് കേരളം കൈവരിച്ച ഈ നേട്ടം.ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച സച്ചിന്‍ ബേബി, മുഹമ്മദ് അസറുദ്ദീന്‍, സല്‍മാന്‍ നിസാര്‍, ജലജ് സക്‌സേന, ആദിത്യ സര്‍വാതെ, എം.ഡി നിധീഷ് തുടങ്ങിയ താരങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
സക്‌സേനയേയും സര്‍വാതെയേയും മറുനാടന്‍ താരങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടെന്നും അത് ശരിയല്ലെന്നും അവര്‍ കേരള സമൂഹത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും കെസിഎയുടെ ഇടപെടലിലൂടെ വലിയ മുന്നേറ്റമാണ് കായിക മേഖലയില്‍ കേരളത്തിനുണ്ടായിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ചെയ്യുവാന്‍ കെസിഎയ്ക്ക് സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ കേരള ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി റണ്ണര്‍ അപ്പ് ട്രോഫി മുഖ്യമന്ത്രിക്ക് കൈമാറി.
കേരളത്തിന് എന്നും അഭിമാനിക്കാവുന്ന മികച്ച വിജയം കൈവരിച്ച ടീമിലെ ഓരോ അംഗങ്ങളും ഭാവി തലമുറയ്ക്ക് മാതൃകയായി മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ലഹരിക്ക് എതിരേ ഉള്ള പോരാട്ടത്തില്‍ കായിക മേഖലയ്ക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ക്രിക്കറ്റ് താരങ്ങള്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ ഉണ്ടാകണമെന്നും അഭിപ്രായപ്പെട്ടു. കായിക മന്ത്രി അബ്ദു റഹ്‌മാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍, മന്ത്രിമാരായ കെ. രാജന്‍, ജി.ആര്‍ അനില്‍, പി. രാജീവ്, എം.ബി രാജേഷ്, എംഎല്‍എമാര്‍, പൗരപ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.
Content Highlights: Kerala`s Ranji Trophy squad receives ₹1.5 crore reward from KCA for reaching the final








English (US) ·