രഞ്ജി ട്രോഫി കളിക്കാമെങ്കിൽ ഏകദിനത്തിലും ഇറക്കാം: അജിത് അഗാർക്കറിനെതിരെ മുഹമ്മദ് ഷമി

3 months ago 3

ഓൺലൈൻ ഡെസ്ക്

Published: October 15, 2025 01:07 PM IST

1 minute Read

 X@BCCI
മുഹമ്മദ് ഷമി പരിശീലനത്തിനിടെ. Photo: X@BCCI

മുംബൈ∙ ഇന്ത്യൻ സീനിയർ ടീമിലേക്കു പരിഗണിക്കാത്തതിലുള്ള അമർഷം പങ്കുവച്ച് പേസ് ബോളർ മുഹമ്മദ് ഷമി. ഫിറ്റായി ഇരിക്കുന്നതു കൊണ്ടാണ് ബംഗാളിനു വേണ്ടി രഞ്ജി ട്രോഫി കളിക്കുന്നതെന്നും ഇക്കാര്യം ഇടയ്ക്കിടയ്ക്ക് ബിസിസിഐയെ അറിയിക്കാൻ സാധിക്കില്ലെന്നും മുഹമ്മദ് ഷമി തുറന്നടിച്ചു. ചാംപ്യൻസ് ട്രോഫിയിലാണു മുഹമ്മദ് ഷമി ഒടുവിൽ ഇന്ത്യയ്ക്കായി കളിച്ചത്. പരുക്കിന്റെ പിടിയിലായിരുന്ന താരം ഫിറ്റ്നസ് വീണ്ടെടുത്തെങ്കിലും ഷമിയെ ടീമിലേക്കു പരിഗണിച്ചിരുന്നില്ല.

‘‘സിലക്ഷന്റെ കാര്യം ഒരിക്കലും എന്റെ നിയന്ത്രണത്തിലല്ല. എന്തെങ്കിലും ഫിറ്റ്നസ് പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽ, ഞാൻ ബംഗാളിനു വേണ്ടിയും കളിക്കില്ലല്ലോ. ഞാൻ എന്തെങ്കിലും പറഞ്ഞ് വിവാദം ഉണ്ടാക്കാൻ നോക്കുന്നില്ല. രഞ്ജി ട്രോഫിയിലെ ദിവസങ്ങൾ നീണ്ട മത്സരങ്ങൾ എനിക്കു കളിക്കാനാകുമെങ്കിൽ, 50 ഓവർ ക്രിക്കറ്റിലും ഇറങ്ങാൻ സാധിക്കും.– ഉത്തരാഖണ്ഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോൾ ഷമി പറഞ്ഞു.

ഷമിയുടെ ഫിറ്റ്നസിനെക്കുറിച്ച് ഒരു വിവരവും തനിക്കു ലഭിച്ചിട്ടില്ലെന്നാണ് ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരകൾക്കുള്ള ടീം പ്രഖ്യാപിച്ച ശേഷം ഇന്ത്യൻ ടീം സിലക്ടർ അജിത് അഗാർക്കർ പറഞ്ഞത്. എന്നാൽ ഫിറ്റ്നസ് കാര്യം സിലക്ടർമാരെ അറിയിക്കുകയെന്നത് തന്റെ ജോലിയല്ലെന്ന് ഷമി തിരിച്ചടിച്ചു.

‘‘ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പോയി മത്സരങ്ങൾക്കായി തയാറെടുക്കുകയാണ് എന്റെ ചുമതല. അവിടെയുള്ളവരാണ് അപ്‍ഡേറ്റ് കൊടുക്കുകയും കൊടുക്കാതിരിക്കുകയും ചെയ്യേണ്ടത്. അതെന്റെ ജോലിയല്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കളിക്കുന്നത് അപമാനമായാണ് ഇന്ന് ചിലർ‍ കാണുന്നത്. പക്ഷേ എനിക്ക് അങ്ങനെയല്ല. താരങ്ങൾ രഞ്ജി കളിക്കണം.’’– ഷമി വ്യക്തമാക്കി.

English Summary:

Mohammed Shami expresses his disappointment astatine not being selected for the Indian elder squad contempt being fit. He emphasizes his information successful the Ranji Trophy for Bengal arsenic impervious of his fitness, portion besides stating that perpetually updating the BCCI is not his responsibility. Shami besides highlights the value of players participating successful the Ranji Trophy.

Read Entire Article