Published: August 28, 2025 09:29 PM IST
1 minute Read
തിരുവനന്തപുരം∙ വരാനിരിക്കുന്ന രഞ്ജി ട്രോഫിയിൽ കേരളത്തിനായി കളിക്കാൻ ജലജ് സക്സേനയുണ്ടാകില്ല. ഇനി കേരളത്തിനൊപ്പം കളിക്കാനില്ലെന്ന് സക്സേന ടീം മാനേജ്മെന്റിനെ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ടീം വിടുകയാണെന്നാണു വിശദീകരണം. ഏറെക്കാലമായി കുടുംബത്തിൽനിന്നു വിട്ടുനിൽക്കുന്ന ജലജ് സക്സേന, പ്രായമായ മാതാപിതാക്കളെ പരിചരിക്കാനായാണു കേരളം വിടുന്നതെന്നാണു വിവരം.
‘‘ജലജ് ഒരു ഇടവേളയെടുക്കാൻ താൽപര്യപ്പെടുന്നുണ്ട്. അടുത്ത രഞ്ജി ട്രോഫിയിൽ ജലജ് സക്സേന കളിക്കില്ല. അദ്ദേഹത്തിന് മറ്റേതെങ്കിലും ടീമിൽ ചേരാന്‍ താൽപര്യമുണ്ടോയെന്ന് എനിക്കറിയില്ല. പക്ഷേ അതിനു വേണ്ടിയുള്ള എൻഒസിക്കായി ജലജ് ഇതുവരെ കെസിഎയെ സമീപിച്ചിട്ടില്ല.’’– കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ പ്രതികരിച്ചു. കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസ് ടീമിനു വേണ്ടി ജലജ് സക്സേന കളിക്കുന്നുണ്ട്.
2016 മുതൽ രഞ്ജി ട്രോഫിയിൽ കേരളത്തിലെ പ്രധാന താരങ്ങളിലൊരാളാണ് ജലജ് സക്സേന. കേരളത്തിനായി 58 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം മൂന്ന് സെഞ്ചറികളും 11 അർധ സെഞ്ചറികളുമുള്‍പ്പടെ 2,252 റൺസ് സ്കോര്‍ ചെയ്തിട്ടുണ്ട്. 269 വിക്കറ്റുകൾ സ്വന്തമാക്കിയ താരം 23 തവണ അഞ്ച് വിക്കറ്റ് നേട്ടത്തിലുമെത്തി. കഴിഞ്ഞ തവണ കേരളം ആദ്യമായി രഞ്ജി ട്രോഫി ഫൈനൽ കളിച്ചപ്പോഴും ബാറ്റുകൊണ്ടും പന്തുകൊണ്ടും നിർണായക പ്രകടനങ്ങൾ നടത്താൻ ജലജിനു സാധിച്ചു.
38 വയസ്സുകാരനായ ജലജ് സക്സേന മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയാണ്. ആഭ്യന്തര ക്രിക്കറ്റിൽ മധ്യപ്രദേശിനു വേണ്ടിയും ഐപിഎലിൽ പഞ്ചാബ് കിങ്സ്, ഡൽഹി ക്യാപിറ്റൽസ്, റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു, മുംബൈ ഇന്ത്യൻസ് ടീമുകൾക്കു വേണ്ടിയും ജലജ് സക്സേന കളിച്ചിട്ടുണ്ട്. ജലജ് സക്സേനയ്ക്കു പുറമേ കഴിഞ്ഞ രഞ്ജി സീസണിൽ കേരളത്തിൽ കളിച്ച ആദിത്യ സർവാതെയും അടുത്ത സീസണിൽ കേരളത്തിനൊപ്പമുണ്ടാകില്ല. ഛത്തീസ്ഗഡിനു വേണ്ടി കളിക്കാനുള്ള താൽപര്യം അറിയിച്ച സർവാതെ, എൻഒസിക്കു വേണ്ടി കേരള ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ചിട്ടുണ്ട്.
English Summary:








English (US) ·