
നിസ്സാർ, സംവിധായകൻ നിസാർ ഷൂട്ടിങ് ലൊക്കേഷനിൽ | ഫോട്ടോ: മാതൃഭൂമി
കോട്ടയം: സിനിമയിൽ കാൽനൂറ്റാണ്ട് പിന്നിടുന്ന സമയത്താണ് സംവിധായകൻ നിസാറിന്റെ വേർപാട്. സിനിമകളെ പേരുകൊണ്ടും വ്യത്യസ്തമാക്കിയ സംവിധായകൻ തന്റെ ഒരു ചിത്രത്തിന്റെ പേരിനെ ഓർമ്മിപ്പിച്ചുകൊണ്ടാണ് യാത്രയാകുന്നതും. ‘മലയാള മാസം ചിങ്ങം ഒന്ന്’ എന്നത് അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രം. ചിങ്ങം രണ്ടിന് അദ്ദേഹം വിടപറയുമ്പോൾ സ്വന്തമായ മുദ്ര ചാർത്തിയ സിനിമാജീവിതത്തിനാണ് അവസാനമാകുന്നത്.
ആദ്യസിനിമ സുദിനം. ജീവിതം സ്വന്തമായി കെട്ടിപ്പടുക്കുന്ന സ്ത്രീകഥാപാത്രമായി എത്തിയത് നടി മാധവി. ജയറാം, ദിലീപ് എന്നിവർ നടന്മാർ. സുദിനം എന്ന സിനിമ, ദിലീപ്, ഇന്ദ്രൻസ് എന്നിവരുടെ ചലച്ചിത്രജീവിതത്തിലെ നിർണായക വിജയമായതും ചരിത്രം.
ആ സിനിമയിലെ സാധാരണ നടനായ ദിലീപിനെ അടുത്ത ചിത്രമായ ത്രീമെൻ ആർമിയിൽ നായകനാക്കി നിസാർ. നടൻമാരുടെ താരമൂല്യം വാണിജ്യവിജയത്തിന് എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ശരിയായി മനസ്സിലാക്കിയിരുന്നു. തുടക്കക്കാരനായ ദിലീപിനൊപ്പം ശ്രദ്ധേയ വേഷങ്ങൾചെയ്ത വിജയരാഘവനുംകൂടി ചേർന്നപ്പോൾ നല്ലൊരു കൂട്ടുകെട്ടായി.
മിമിക്രി കലാകാരന്മാർ ഉൾപ്പെടെയുള്ള നവാഗത പ്രതിഭകൾക്ക് സിനിമയിൽ അദ്ദേഹം അവസരം നൽകി. ബ്രിട്ടീഷ് മാർക്കറ്റ്, അടുക്കള രഹസ്യം അങ്ങാടിപ്പാട്ട് എന്നിവയിൽ വിജയരാഘവനെ തുടർച്ചയായി നായകനാക്കി.
ചെറിയ പ്രതിഫലം പറ്റുന്ന താരങ്ങളും ചെറിയ മുതൽമുടക്കുമുള്ള ചിത്രങ്ങളുമാകുമ്പോൾ ഷൂട്ടിങ് ദിനങ്ങളും കുറയും-ഇതായിരുന്നു അദ്ദേഹത്തിന്റെ സാമ്പത്തികശാസ്ത്രം. ചെറിയസമയംകൊണ്ട് സിനിമ തീർത്ത് അദ്ദേഹം വിപണിയിൽ വിസ്മയം തീർത്തു.
“സാധാരണ സീനുകളിൽ ഡ്യൂപ്പുകളെ ഉപയോഗിച്ചും ചീറ്റിങ് ഷോട്ടുകളുടെ സാധ്യത പ്രയോജനപ്പെടുത്തിയുമാണ് ചിത്രീകരണം വേഗത്തിലാക്കുന്നത്. ഇക്കാര്യത്തിൽ പുലർത്തിയ പ്രായോഗിക രീതികളും ചില ടെക്നിക്കുകളുമാണ് നിസാർ സിനിമയുടെ വിജയം.”-സംവിധായകൻ ജോഷി മാത്യു പറയുന്നു. ആ മികവാണ് ജഗതി ശ്രീകുമാറിനെപ്പോലെ തിരക്കുള്ള നടനെ കുറഞ്ഞദിവസങ്ങളിൽ അഭിനയിപ്പിച്ച് മുഴുനീള കഥാപാത്രമാക്കാൻ കഴിഞ്ഞതിന് പിന്നിലും. ഇക്കാര്യത്തിൽ മലയാള സിനിമയിലെ പല സംവിധായകരുടെയും ഗുരുകൂടിയായി.
പല ചലച്ചിത്രോത്സവങ്ങളിലും പങ്കെടുത്ത് സിനിമയുടെ പുതിയഭാഷ പഠിക്കാനും ശ്രമിച്ചു. ആ പഠനവഴികളിലൂടെ ചിത്രീകരിച്ച ‘ടു ഡേയ്സ്’ ഒട്ടേറെ ഫെസ്റ്റിെവലുകളിൽ പ്രദർശിപ്പിച്ചു.
Content Highlights: Malayalam Film Director Nisar Passes Away: A Legacy of Innovation and Efficiency
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·