Published: June 12 , 2025 06:25 PM IST Updated: June 12, 2025 11:12 PM IST
1 minute Read
ലണ്ടൻ∙ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്ക് രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകർച്ച. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ 40 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 144 റൺസെന്ന നിലയിലാണ് ഓസീസ് ഉള്ളത്. വാലറ്റത്ത് മിച്ചൽ സ്റ്റാർക്കും (47 പന്തിൽ 16), നേഥൻ ലയണുമാണ് (നാലു പന്തിൽ ഒന്ന്) ബാറ്റിങ് തുടരുന്നത്. ഓസ്ട്രേലിയയ്ക്ക് നിലവിൽ 218 റൺസിന്റെ ലീഡുണ്ട്. അലക്സ് ക്യാരി (50 പന്തിൽ 43), മാർനസ് ലബുഷെയ്ൻ (64 പന്തിൽ 22), സ്റ്റീവ് സ്മിത്ത് (25 പന്തിൽ 13) എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയയുടെ പ്രധാന സ്കോറർമാർ.
ഓസ്ട്രേലിയയുടെ അഞ്ച് താരങ്ങൾ രണ്ടക്കം കടക്കാൻ സാധിക്കാതെ പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി പേസർമാരായ കഗിസോ റബാദയും ലുങ്കി എൻഗിഡിയും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. 73 റൺസെടുക്കുന്നതിനിടെ ഏഴു വിക്കറ്റുകൾ നഷ്ടമായ ഓസീസിനെ അലക്സ് ക്യാരിയും മിച്ചൽ സ്റ്റാർക്കും ചേർന്നാണു 100 കടത്തിയത്.
ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 212 റൺസെടുത്തപ്പോൾ, ദക്ഷിണാഫ്രിക്കയുടെ മറുപടി 57.1 ഓവറിൽ 138 ൽ അവസാനിച്ചിരുന്നു. 18.1 ഓവറുകള്‍ പന്തെറിഞ്ഞ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസ് 28 റൺസ് വഴങ്ങി ആറു വിക്കറ്റുകള്‍ വീഴ്ത്തി. 111 പന്തിൽ 45 റൺസടിച്ച ഡേവിഡ് ബെഡിങ്ങാമാണ് ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ടെംബ ബാവുമ (84 പന്തിൽ 36), റയാൻ റിക്കിൾട്ടൻ (23 പന്തിൽ 16), കൈൽ വെരെയ്നെ (39 പന്തിൽ 13) എന്നവരാണ് കുറച്ചെങ്കിലും പിടിച്ചുനിന്ന മറ്റു ദക്ഷിണാഫ്രിക്കൻ ബാറ്റര്‍മാർ. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയയ്ക്ക് 74 റൺസ് ലീഡുണ്ടായിരുന്നു.
പാറ്റ് കമിൻസ് ടെസ്റ്റിലെ 300 വിക്കറ്റുകളെന്ന നേട്ടത്തിലേക്കും ഈ മത്സരത്തോടെ എത്തി. നാലു വിക്കറ്റ് നഷ്ടത്തിൽ 43 റൺസെന്ന നിലയിലാണ് രണ്ടാം ദിനം ദക്ഷിണാഫ്രിക്ക ബാറ്റിങ് തുടങ്ങിയത്. സ്കോർ 94 ൽ നിൽക്കെ ബാവുമയെ പാറ്റ് കമിൻസിന്റെ പന്തിൽ മാർനസ് ലബുഷെയ്ൻ ക്യാച്ചെടുത്താണു പുറത്താക്കിയത്. 124 ൽ കൈൽ വെരെയ്നെ പാറ്റ് കമിൻസ് എൽബിഡബ്ല്യുവിൽ കുടുക്കി. ഡേവിഡ് ബേഡിങ്ങാമിനെയും കമിൻസ് മടക്കിയതോടെ ദക്ഷിണാഫ്രിക്കൻ വാലറ്റം പോരാടാൻ നിൽക്കാതെ കീഴടങ്ങുകയായിരുന്നു.
English Summary:








English (US) ·