കൊൽക്കത്ത∙ ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക, രണ്ടാം ദിനം അവസാനിക്കുമ്പോൾ 7ന് 93 റൺസെന്ന നിലയിലാണ്. മൂന്നു വിക്കറ്റു മാത്രം ശേഷിക്കെ ആകെ 63 റൺസിന്റെ ലീഡ് മാത്രമാണ് സന്ദർശകർക്കുള്ളത്.
ക്യാപ്റ്റൻ ടെംബ ബാവുമ (78 പന്തിൽ 29*), കോർബിൻ ബോഷ് (4 പന്തിൽ 1*) എന്നിവരാണ് ക്രീസിൽ. 91 റൺസെടുക്കുന്നതിനിടെയാണ് ദക്ഷിണാഫ്രിക്കയുടോെ ഏഴു വിക്കറ്റുകൾ വീണത്. പുറത്തായവരിൽ മൂന്നു പേർ മാത്രമാണ് രണ്ടക്കം കടന്നത്. റയാൻ റിക്കിൾട്ടൻ (23 പന്തിൽ 11), എയ്ഡൻ മാർക്രം (23 പന്തിൽ 4), വിയാൻ മുൾഡർ (30 പന്തിൽ 11), ടോണി ഡെ സോർസി (2 പന്തിൽ 2), ട്രിസ്റ്റൻ സ്റ്റബ്സ് (18 പന്തിൽ 5), കെയ്‌ൽ വെറൈൻ (16 പന്തിൽ 9), മാർക്കോ യാൻസനുമാണ് (16 പന്തിൽ 13) എന്നിവരാണു പുറത്തായത്.
സ്പിന്നർമാരായ രവീന്ദ്ര ജഡേജ നാലും കുൽദീപ് യാദവ് രണ്ടും അക്ഷർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി. ബാറ്റിങ്ങിനിടെ പരുക്കേറ്റ ശുഭ്മാൻ ഗില്ലിനു പകരം വൈസ് ക്യാപ്റ്റൻ ഋഷഭ് പന്താണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ നയിക്കുന്നത്. രണ്ടാം ഓവർ മുതൽ സ്പിന്നർമാരെ പന്തേൽപ്പിക്കാനുള്ള ഋഷഭിന്റെ തീരുമാനം മികച്ചതായി. ഗില്ലിനു പകരം ദേവ്‌ദത്ത് പടിക്കലാണ് ഫീൽഡിങ്ങിന് ഇറങ്ങിയത്.
ഇന്ത്യയ്ക്ക് 30 റൺസ് ലീഡ്
ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 189 റൺസെടുത്തു പുറത്തായിരുന്നു. 30 റൺസ് ലീഡാണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കൻ ബോളർമാർ തകർത്തെറിഞ്ഞതോടെ ഇന്ത്യ 200 ൽ താഴെയുള്ള സ്കോറിലേക്ക് ഒതുങ്ങുകയായിരുന്നു. 119 പന്തുകൾ നേരിട്ട് 39 റൺസെടുത്ത കെ.എൽ. രാഹുലാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. വാഷിങ്ടൻ സുന്ദര്‍ (82 പന്തിൽ 29), ഋഷഭ് പന്ത് (24 പന്തിൽ 27), രവീന്ദ്ര ജഡേജ (45 പന്തിൽ 27) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറര്‍മാർ. ദക്ഷിണാഫ്രിക്കയ്ക്കായി സ്പിൻ ബോളർ സിമോൺ ഹാർമർ നാലും പേസർ മാർകോ യാൻസൻ മൂന്നും വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസെന്ന നിലയിലായിരുന്നു ആദ്യ ദിനം ഇന്ത്യ കളി അവസാനിപ്പിച്ചത്. 12 റൺസെടുത്ത യശസ്വി ജയ്സ്വാളാണു ആദ്യ ദിവസം പുറത്തായത്. രണ്ടാം ദിവസം സ്കോര്‍ 75ൽ നിൽക്കെ വാഷിങ്ടൻ സുന്ദറിനെ സിമോൺ ഹാർമറിന്റെ പന്തിൽ എയ്ഡൻ മാർക്രം ക്യാച്ചെടുത്തു പുറത്താക്കി. ക്യാപ്റ്റൻ ഗിൽ പരുക്കേറ്റ് ബാറ്റിങ് അവസാനിപ്പിച്ചു മടങ്ങുകയായിരുന്നു. സ്കോർ 100 പിന്നിട്ടതിനു പിന്നാലെ രാഹുലിനെ ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജ് പുറത്താക്കി.
മികച്ച രീതിയിൽ തുടങ്ങിയ ഋഷഭ് പന്തിലും വലിയ സ്കോർ കണ്ടെത്താൻ സാധിച്ചില്ല. രണ്ടു വീതം സിക്സുകളും ഫോറുകളും ബൗണ്ടറി കടത്തിയ പന്തിനെ കോർബിൻ ബോഷിന്റെ ബോളിൽ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പർ കൈൽ വെരെയ്ന്‍ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. ധ്രുവ് ജുറേലിനെയും രവീന്ദ്ര ജഡേജയെയും അക്ഷർ പട്ടേലിനെയും പുറത്താക്കിയ ഹാർമർ ഇന്ത്യന്‍ മധ്യനിരയുടെ നടുവൊടിച്ചു. വാലറ്റവും പ്രതിരോധമില്ലാതെ കീഴടങ്ങിയതോടെ 200 റൺസെത്തും മുൻപേ ഇന്ത്യ ഓൾഔട്ട്. പരുക്കേറ്റു മടങ്ങിയ ഗിൽ വീണ്ടും ബാറ്റിങ്ങിന് ഇറങ്ങിയതുമില്ല.
ബുമ്രയ്ക്ക് അഞ്ച് വിക്കറ്റ്, ദക്ഷിണാഫ്രിക്ക 159ന് പുറത്ത്
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സിൽ 159 റൺസിന് ഓൾഔട്ടായിയിരുന്നു. 6 വർഷത്തിനുശേഷം ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണർമാർ നല്ല തുടക്കമാണ് നൽകിയത്. വിക്കറ്റ് നഷ്ടമില്ലാതെ 57 റൺസ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയുടെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞത്. കരിയറിലെ 16–ാം 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ബുമ്രയുടെ ഈഡൻ ഗാർഡൻസിലെ ആദ്യ ടെസ്റ്റ് മത്സരമാണിത്.
ജസ്പ്രീത് ബുമ്രയെ കരുതലോടെ നേരിട്ടെങ്കിലും ന്യൂബോളിൽ താളം നഷ്ടമായ മുഹമ്മദ് സിറാജിനെ ആക്രമിച്ച് എയ്ഡൻ മാർക്രവും (31) റയാൻ റിക്കൽട്ടനും (23) സ്കോറുയർത്തി. ആദ്യ 3 ഓവറിൽ 25 റൺസ് വഴങ്ങിയ സിറാജിനെ പിൻവലിച്ച ക്യാപ്റ്റൻ ഗിൽ, ഏഴാം ഓവറിൽ സ്പിന്നർ അക്ഷർ പട്ടേലിനെ പന്തേൽപിച്ചു. പക്ഷേ ആദ്യ 2 ഓവറിൽ 15 റൺസ് വഴങ്ങി അക്ഷറും നിരാശപ്പെടുത്തി. എന്നാൽ 11–ാം ഓവറിൽ റിയാൻ റിക്കൽട്ടന്റെ ഓഫ് സ്റ്റംപ് തെറിപ്പിച്ച് പാഞ്ഞ ബുമ്രയുടെ മൂന്നാം പന്തിൽ കളിയുടെ ഗതി മാറി. 13–ാം ഓവറിൽ മാർക്രത്തിന്റെ പ്രതിരോധം തകർത്തതും ബുമ്ര തന്നെ. ഷോർട് ലെങ്തിൽനിന്ന് കുത്തിയുയർന്ന എക്സ്ട്രാ ബൗൺസർ മാർക്രത്തിന്റെ ബാറ്റിലുരസി വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ കയ്യിൽ. കുൽദീപ് യാദവിന്റെ രണ്ടാം ഓവറിൽ ടെംബ ബവൂമയും (3) പുറത്തായതോടെ സന്ദർശകർ കൂടുതൽ പരുങ്ങലിലായി.
3 വിക്കറ്റ് നഷ്ടത്തിൽ 105 റൺസുമായി ഉച്ചഭക്ഷണത്തിനു പിരിഞ്ഞ ദക്ഷിണാഫ്രിക്ക അതിനുശേഷം നേരിട്ടത് കൂട്ടത്തകർച്ച. 54 റൺസിനിടെ അവശേഷിക്കുന്ന 7 വിക്കറ്റുകളും അവർക്കു നഷ്ടമായി. തുടക്കത്തിൽ നിറംമങ്ങിയ മുഹമ്മദ് സിറാജ് രണ്ടാം സ്പെല്ലിൽ ഒരോവറിൽ 2 വിക്കറ്റ് നേടി തിരിച്ചുവന്നു. 74 പന്തിൽ 15 റൺസുമായി ട്രിസ്റ്റൻ സ്റ്റബ്സ് പിടിച്ചുനിന്നെങ്കിലും മറുവശത്ത് തുടരെ വിക്കറ്റുകൾ വീണു. മൂന്നാം സെഷന്റെ തുടക്കത്തിൽ ഒരോവറിൽ 2 വിക്കറ്റ് വീഴ്ത്തിയ ബുമ്ര 5 വിക്കറ്റ് നേട്ടം പൂർത്തിയാക്കി ദക്ഷിണാഫ്രിക്കൻ ഇന്നിങ്സ് ക്ലോസ് ചെയ്തു. സ്റ്റംപിനു നേർക്ക് പന്തെറിഞ്ഞ് ബാറ്റർമാരെ പ്രതിരോധത്തിലാക്കിയ ഇന്ത്യയുടെ ഗെയിം പ്ലാനാണ് വിജയിച്ചത്. 3 ദക്ഷിണാഫ്രിക്കൻ താരങ്ങൾ ബോൾഡായി പുറത്തായപ്പോൾ 5 പേർ വിക്കറ്റിനു മുന്നിൽ കുരുങ്ങുകയായിരുന്നു.
English Summary:








English (US) ·