രണ്ടാം ഇന്നിങ്സിൽ ബാറ്റെടുത്തവർക്കെല്ലാം ഫിഫ്റ്റി, കരുത്തുകാട്ടി ഇന്ത്യ; 41 ഓവറിൽ ‍2 വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുത്തു നിൽക്കെ മത്സരം സമനിലയിൽ

7 months ago 8

മനോരമ ലേഖകൻ

Published: June 02 , 2025 05:48 PM IST Updated: June 02, 2025 10:03 PM IST

2 minute Read

karun-nair-wicket-celebration
ഇംഗ്ലിഷ് താരം ഡാൻ മൗസ്‌ലിയുടെ വിക്കറ്റിനായി അപ്പീൽ ചെയ്യുന്ന കരുൺ നായർ (വിഡിയോ ദൃശ്യം)

കാന്റർബറി (ഇംഗ്ലണ്ട്)∙ ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി നടക്കുന്ന അനൗദ്യോഗിക ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. ഒന്നാം ഇന്നിങ്സിൽ 30 റൺസിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ, രണ്ടാം ഇന്നിങ്സിൽ 41 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുത്തു നിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ നിരയിൽ ബാറ്റിങ്ങിന് ഇറങ്ങിയവരെല്ലാം അർധസെഞ്ചറി നേടി. ഒന്നാം ഇന്നിങ്സിൽ നിരാശപ്പെടുത്തിയ ക്യാപ്റ്റൻ അഭിമന്യു ഈശ്വരൻ 68 റൺസോടെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ടോപ് സ്കോററായി. 87 പന്തിൽ എട്ടു ഫോറുകളോടെയാണ് അഭിമന്യു ഈശ്വരൻ 68 റൺസെടുത്തത്.

ഏകദിന ശൈലിയിൽ തകർത്തടിച്ച യശസ്വി ജയ്സ്വാൾ 60 പന്തിൽ 64 റൺസെടുത്തു. എട്ടു ഫോറും രണ്ടു സിക്സും സഹിതമാണ് ജയ്‌സ്വാൾ 64 റൺസെടുത്തത്. വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേൽ 53 പന്തിൽ നാലു ഫോറുകളോടെ 53 റൺസോടെയും നിതീഷ് കുമാർ റെഡ്ഡി 47 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 52 റൺസോടെയും പുറത്താകാതെ നിന്നു. ഓപ്പണിങ് വിക്കറ്റിൽ ജയ്‌സ്വാൾ – അഭിമന്യു സഖ്യം സെഞ്ചറി കൂട്ടുകെട്ട് തീർത്തു. 118 പന്തിൽ ഇരുവരും അടിച്ചുകൂട്ടിയത് 123 റൺസ്. ഇന്ത്യയ്ക്ക് നഷ്ടമായ രണ്ടു വിക്കറ്റും റെഹാൻ അഹമ്മദ് സ്വന്തമാക്കി.

‌∙ ലീഡെടുത്ത് ഇംഗ്ലണ്ട്

മത്സരത്തിന്റെ നാലാം ദിനമായ ഇന്ന് അഞ്ചിന് 413 റൺസുമായി ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ട് 145.5 ഓവറിൽ 587 റൺസിന് എല്ലാവരും പുറത്തായി. ഒന്നാം ഇന്നിങ്സിൽ 557 റണ്‍സിന് പുറത്തായ ഇന്ത്യയ്‌ക്കെതിരെ 30 റൺസിന്റെ ലീഡ്. ഇന്ത്യയ്‌ക്കായി മുകേഷ് കുമാർ മൂന്നും ഷാർദുൽ ഠാക്കൂർ രണ്ടും അൻഷുൽ കംബോജ്, ഹർഷിത് റാണ, ഹർഷ് ദുബെ, നിതീഷ് റെഡ്ഡി, കരുൺ നായർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ഇംഗ്ലണ്ട് ഇന്നിങ്സിലെ മൂന്നാം സെഞ്ചറി കുറിച്ച ഡാൻ മൗസ്‍ലിയുടെ ഇന്നിങ്സാണ് മത്സരത്തിന്റെ നാലാം ദിനം ഇംഗ്ലണ്ട് ഇന്നിങ്സിലെ ഹൈലൈറ്റ്. 157 പന്തുകൾ നേരിട്ട മൗസ്‌ലി 113 റണ്‍സെടുത്ത് പുറത്തായി. 10 ഫോറും ഒരു സിക്സും ഉൾപ്പെടുന്നതാണ് മൗസ്‌ലിയുടെ ഇന്നിങ്സ്. മലയാളി താരം കരുൺ നായരാണ് മൗസ്‌ലിയെ പുറത്താക്കിയത്. മൂന്നാം ദിനം കളി നിർത്തുമ്പോൾ 167 റൺസുമായി ക്രീസിലുണ്ടായിരുന്ന ഓപ്പണർ ടോം ഹൈനസ് 171 റൺസെടുത്ത് പുറത്തായി. 279 പന്തിൽ 19 ഫോറുകളോടെയാണ് ടോം ഹൈനസ് 171 റൺസെടുത്തത്. സമാൻ അക്തർ (89 പന്തിൽ 41), എഡ്വാർഡ് ജാക്ക് (65 പന്തിൽ 25), ജോഷ് ഹൾ (10 പന്തിൽ രണ്ട്) എന്നിവരാണ് നാലാം ദിനം പുറത്തായ മറ്റ് ഇംഗ്ലിഷ് താരങ്ങൾ. അജീത് ഡെയ്ൽ 45 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 27 റൺസുമായി പുറത്താകാതെ നിന്നു.

സ്കോർ ബോർഡിൽ 138 റൺസുള്ളപ്പോൾ ഒൻപതാം വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങുമെന്ന തോന്നലുയർന്നെങ്കിലും, പത്താം വിക്കറ്റിൽ തകർപ്പൻ പോരാട്ടം കാഴ്ചവച്ച് 49 റൺസ് കൂട്ടിച്ചേർത്ത ജാക്ക് – അജീത് സഖ്യമാണ് ഇംഗ്ലണ്ടിനെ ലീഡിലേക്ക് നയിച്ചത്. അർധസെഞ്ചറി കൂട്ടുകെട്ടിന് ഒരേയൊരു റൺ അകലെ നിതീഷ് റെഡ്ഡിയാണ് ജാക്കിനെ പുറത്താക്കിയത്. ധ്രുവ് ജുറേൽ ക്യാച്ചെടുത്തു.

നേരത്തേ, ഇരട്ട സെ‍ഞ്ചറി നേടിയ കരുൺ നായരുടെ (204) ബലത്തിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ എ 557 റൺസ് നേടിയിരുന്നു. പിന്നീട് ബോളിങ്ങിലും ഒരു കൈ നോക്കിയ കരുൺ സെഞ്ചറി നേടിയ മൗസ്‌ലിയെ പുറത്താക്കി കരുത്തുകാട്ടി. കരുണിന്റെ പന്തിൽ എൽബിയിൽ കുരുങ്ങിയാണ് മൗസ്‍ലി പുറത്തായത്.

English Summary:

England Lions Take First Innings Lead Against India astatine Canterbury

Read Entire Article