Published: July 02 , 2025 03:53 AM IST Updated: July 02, 2025 09:42 AM IST
1 minute Read
ബ്രിസ്റ്റോൾ ∙ ശുഭ്മൻ ഗില്ലും സംഘവും ഇന്ന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലൂടെ ശക്തമായ തിരിച്ചുവരവിന് ലക്ഷ്യമിടുന്നതിനിടെ, ഇംഗ്ലണ്ടിനെതിരായ തുടർച്ചയായ രണ്ടാം ട്വന്റി20 മത്സരത്തിലും തകർപ്പൻ വിജയവുമായി ഇന്ത്യൻ വനിതാ ടീം. ബ്രിസ്റ്റോളിലെ കൗണ്ടി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 24 റൺസിനാണ് ഇന്ത്യൻ വനിതകൾ ഇംഗ്ലണ്ട് വനിതകളെ വീഴ്ത്തിയത്. ഇതോടെ അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 2–0ന് മുന്നിലെത്തി. ചരിത്രത്തിലാദ്യമായാണ് ഇംഗ്ലണ്ട് വനിതകൾ അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന ഒരു ദ്വിരാഷ്ട്ര പരമ്പരയിൽ രണ്ടു മത്സരങ്ങൾ തോൽക്കുന്നത്. ബ്രിസ്റ്റോളിൽ ഇംഗ്ലിഷ് ടീം ഒരു രാജ്യാന്തര ട്വന്റി20 മത്സരം തോൽക്കുന്നതും ഇതാദ്യം.
അർധസെഞ്ചറിയുമായി പടനയിച്ച ജമീമ റോഡ്രിഗസ് (41 പന്തിൽ 63), അമൻജ്യോത് കൗർ (40 പന്തിൽ പുറത്താകാതെ 63) എന്നിവരുടെ നേതൃത്വത്തിൽ ബാറ്റർമാരും, ഇംഗ്ലിഷ് വനിതകൾക്ക് കാര്യമായ അവസരങ്ങൾ നൽകാതെ ശ്രീ ചരണിയുടെ നേതൃത്വത്തിലുള്ള ബോളർമാരും ചേർന്നാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 181 റൺസെടുത്തത്. ജമീമ റോഡ്രിഗസ്, അമൻജ്യോത് കൗർ എന്നിവരുടെ അർധസെഞ്ചറികൾക്കു പുറമേ, 20 പന്തിൽ ആറു ഫോറുകളോടെ 32 റൺസുമായി പുറത്താകാതെ നിന്ന റിച്ച ഘോഷിന്റെ ഇന്നിങ്സും നിർണായകമായി. പിരിയാത്ത അഞ്ചാം വിക്കറ്റിൽ അമൻജ്യോത് – റിച്ച ഘോഷ് സഖ്യം 34 പന്തിൽ കൂട്ടിച്ചേർത്ത 57 റൺസാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്.
ആദ്യ മത്സരത്തിൽ സെഞ്ചറിയുമായി തിളങ്ങിയ ഓപ്പണർ സ്മൃതി മന്ഥന ഇത്തവണ 13 പന്തിൽ 13 റൺസെടുത്ത് പുറത്തായി. ഷഫാലി വർമ (നാലു പന്തിൽ മൂന്ന്), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (രണ്ടു പന്തിൽ ഒന്ന്) എന്നിവർ നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി ലോറൻ ബെൽ നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത് അർധസെഞ്ചറി നേടിയ ടാമി ബ്യൂമണ്ട് (35 പന്തിൽ 54), ആമി ജോൺസ് (27 പന്തില് 32), സോഫി എക്ലസ്റ്റോൺ (23 പന്തിൽ 35) എന്നിവർ മാത്രം. ഇന്ത്യയ്ക്കായി ശ്രീ ചരണി നാല് ഓവറിൽ 28 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ദീപ്തി ശർമ, അമൻജ്യോത് കൗർ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
Disclaimer: ഈ വാർത്തയ്‌ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് X/@BCCIWomen എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
English Summary:








English (US) ·