Published: June 28 , 2025 12:40 PM IST
1 minute Read
കൊളംബോ ∙ ‘സമനില തെറ്റാതെ’ പിടിച്ചുനിന്നെങ്കിലും ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വിറപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത ബംഗ്ലദേശിനെതിരെ, രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്നിങ്സ് വിജയവുമായി ശ്രീലങ്കയുടെ തിരിച്ചടി. കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബിൽ നടന്ന ആവേശപ്പോരാട്ടത്തിൽ, ഇന്നിങ്സിനും 78 റൺസിനുമാണ് ശ്രീലങ്ക ബംഗ്ലദേശിനെ തകർത്തത്. 211 റൺസിന്റെ ഒന്നാം ഇന്നിങ്സ് കടവുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ബംഗ്ലദേശ്, നാലാം ദിനമായ ഇന്ന് ആദ്യ സെഷനിൽത്തന്നെ 133 റൺസിന് ഓൾഔട്ടായി. ഇതോടെ രണ്ടു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പര ശ്രീലങ്ക 1–0ന് സ്വന്തമാക്കി.
ഒന്നാം ഇന്നിങ്സിൽ തകർപ്പൻ സെഞ്ചറിയുമായി ശ്രീലങ്കൻ നിരയിൽ തിളങ്ങിയ ഓപ്പണർ പാത്തും നിസ്സങ്കയാണ് കളിയിലെ കേമൻ. പരമ്പരയുടെ താരവും നിസ്സങ്ക തന്നെ. മത്സരം തോറ്റ് പരമ്പരയും കൈവിട്ടതിനു പിന്നാലെ, ബംഗ്ലദേശ് നായകൻ നജ്മുൽ ഹുസൈൻ ഷാന്റോ ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു. ടെസ്റ്റ് ഫോർമാറ്റിൽ നായകനായി തുടരാൻ ഇനി താൽപര്യമില്ലെന്ന് മത്സരശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് ഷാന്റോ പ്രഖ്യാപിച്ചത്.
ആറു വിക്കറ്റ് നഷ്ടത്തിൽ 115 റൺസുമായി നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ബംഗ്ലദേശിന്, ഇന്ന് ആദ്യ സെഷനിൽ 18 റണ്‍സ് കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും ശേഷിച്ച നാലു വിക്കറ്റുകളും നഷ്ടമായി. ലിറ്റൻ ദാസ് (43 പന്തിൽ 14), നയീം ഹസൻ (എട്ടു പന്തിൽ അഞ്ച്), തയ്ജുൽ ഇസ്‍ലാം (15 പന്തിൽ ആറ്), എബാദത്ത് ഹുസൈൻ (ഏഴു പന്തിൽ ആറ്) എന്നിവരാണ് ഇന്ന് പുറത്തായത്.53 പന്തിൽ രണ്ടു ഫോറുകളോടെ 26 റൺസെടുത്ത മുഷ്ഫിഖുർ റഹിമാണ് രണ്ടാം ഇന്നിങ്സിൽ ബംഗ്ലദേശിന്റെ ടോപ് സ്കോറർ.
ഷദ്മാൻ ഇസ്‍ലാം (24 പന്തിൽ 12), അനാമുൽ ഹഖ് (19 പന്തിൽ 19), മോമിനുൽ ഹഖ് (33 പന്തിൽ 15), ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോ (48 പന്തിൽ 19), മെഹ്ദി ഹസൻ മിറാസ് (16 പന്തിൽ 11) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. ശ്രീലങ്കയ്‌ക്കായി പ്രഭാത് ജയസൂര്യ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. 18 ഓവറിൽ 56 റൺസ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ക്യാപ്റ്റൻ ധനഞ്ജയ ഡിസിൽവ, തരിന്ദു രത്‌നനായകെ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ശേഷിക്കുന്ന ഒരു വിക്കറ്റ് അസിത ഫെർണാണ്ടോയ്ക്കാണ്.
നേരത്തെ, ഓപ്പണർ പാത്തും നിസ്സങ്കയുടെ തുടർച്ചയായ രണ്ടാം സെഞ്ചറിയുടെ (158) മികവിലാണ് ശ്രീലങ്ക ഒന്നാം ഇന്നിങ്സിൽ മികച്ച സ്കോറിൽ എത്തിയത്. 254 പന്തിൽ 19 ഫോറുകളോടെയാണ് നിസ്സങ്ക 158 റൺസെടുത്തത്. ഏകദിന ശൈലിയിൽ തകർത്തടിച്ച് 87 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതം 84 റൺസെടുത്ത കാമിന്ദു മെൻഡിസിന്റെ സംഭാവന കൂടി ചേർന്നതോടെ ശ്രീലങ്ക 116.5 ഓവറിൽ 458 റൺസെടുത്തു. ദിനേഷ് ചണ്ഡിമൽ 153 പന്തിൽ 93 റൺസെടുത്തപ്പോൾ, ഉഡാര 65 പന്തിൽ 40 റൺസെടുത്ത് പുറത്തായി. 41 പന്തിൽ 33 റൺസെടുത്ത കാമിന്ദു മെൻഡിസിന്റെ ഇന്നിങ്സും ശ്രദ്ധേയമായി. ബംഗ്ലദേശിനായി തയ്ജുൽ ഇസ്‍ലാം 42.5 ഓവറിൽ 131 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. നയീം ഹസൻ മൂന്നു വിക്കറ്റ് വീഴ്ത്തി
English Summary:








English (US) ·