രണ്ടാം തവണ മിന്നുമണി ‘മിന്നി’, ഒടുവിൽ പ്രതികയും; ആശയ്ക്ക് ‘ബംപർ’, ചരിത്രം കുറിച്ച് ദീപ്തി; അലീസയെ ആർക്കും വേണ്ട

1 month ago 2

ഓൺലൈൻ ഡെസ്‌ക്

Published: November 27, 2025 05:38 PM IST Updated: November 27, 2025 10:14 PM IST

2 minute Read

മിന്നുമണി, പ്രതിക റാവൽ,  ലോറൻ ബെൽ (Facebook)
മിന്നുമണി, പ്രതിക റാവൽ, ലോറൻ ബെൽ (Facebook)

ന്യൂഡൽഹി∙ വനിതാ പ്രിമിയർ ലീഗ് (ഡബ്ല്യുപിഎ‍ൽ) ട്വന്റി20 ക്രിക്കറ്റിന്റെ താരലേലത്തിൽ വിലകൂടിയ താരമായി ഇന്ത്യൻ ഓൾറൗണ്ടർ ദീപ്തി ശർമ. 3.2 കോടി രൂപയ്ക്കാണ് ദീപ്തിയെ യുപി വോറിയേഴ്സ് സ്വന്തമാക്കിയത്. ലേലത്തിന് മുന്നോടിയായി ദീപ്തിയെ ഒഴിവാക്കിയ യുപി, ആർടിഎം (റൈറ്റ് ടു മാച്ച്) വഴി സംവിധാനത്തിലൂടെയാണ് താരത്തെ തിരികെയെത്തിച്ചത്. തുടക്കത്തിൽ അടിസ്ഥാന വിലയയായ 50 ലക്ഷം രൂപയ്ക്കു ദീപ്തിയെ ഡൽഹി വിളിച്ചെടുത്തിരുന്നു.

പിന്നാലെയാണ് യുപി വോറിയേഴ്സ്, ആർടിഎം സംവിധാനം ഉപയോഗിച്ചത്. ഇതോടെ രണ്ട് വ്യത്യസ്ത ഡബ്ല്യുപിഎ‍ൽ ലേലങ്ങളിൽ 2.5 കോടി രൂപയിൽ കൂടുതൽ വിലയ്ക്ക് വിറ്റുപോയ ആദ്യ വനിതാ ക്രിക്കറ്റ് താരമായി ദീപ്തി ശർമ മാറി. രണ്ട് തവണയും യുപി വോറിയേഴ്സാണ് താരത്തെ  വാങ്ങിയത്. ഡബ്ല്യുപിഎ‍ൽ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ രണ്ടാമത്തെ താരമായും ദീപ്തി മാറി. 3.4 കോടി രൂപയ്ക്കു ആർസിബി നിലനിർത്തിയ സ്മൃതി മന്ഥനയാണ് ഏറ്റവും വിലകൂടിയ താരം.

മലയാളി താരം ആശ ശോഭനയെയും യുപി വോറിയേഴ്സ് വമ്പൻ തുകയ്ക്ക് ടീമിലെത്തിച്ചു. സ്പിൻ ബോളറായ ആശയെ 1.1 കോടി രൂപയ്ക്കാണ് യുപി ടീമിലെത്തിച്ചത്. ആർസിബി ഉയർത്തിയ കടുത്ത ‘വെല്ലുവിളി’ മറികടന്നാണ് 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ആശയെ യുപി സ്വന്തമാക്കിയത്. ഇന്ത്യൻ ഓൾറൗണ്ടർ ശിഖ പാണ്ഡയെയും വൻ തുകയ്ക്ക് യുപി ടീമിലെത്തിച്ചു. 2.4 കോടി രൂപയാണ് ശിഖയ്ക്കു വേണ്ടി യുപി മുടക്കിയത്. 2023ലാണ് ശിഖ അവസാനമായി ഇന്ത്യൻ ടീമിൽ കളിച്ചത്. മറ്റൊരു മലയാളി താരമായ സ‍ജന സജീവനെ 75 ലക്ഷം രൂപയ്ക്കു മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയപ്പോൾ ആദ്യം ലേലത്തിന് എത്തിയപ്പോൾ ആരും വാങ്ങാതിരുന്ന മിന്നുമണിയെ അവസാനഘട്ടത്തിൽ 40 ലക്ഷത്തിന് ഡൽഹി ക്യാപ്റ്റിൽസ് സ്വന്തമാക്കി.

ആശ ശോഭന,  ദീപ്തി ശർമ, അമേലിയ കെർ

ആശ ശോഭന, ദീപ്തി ശർമ, അമേലിയ കെർ

ഇന്ത്യയുടെ ലോകകപ്പ് താരമായ ശ്രീ ചരണിയെ 1.3 കോടി രൂപയ്ക്ക് ഡ‍ൽഹി ക്യാപ്റ്റിൽസ് ടീമിലെത്തിച്ചു. രാധ യാദവിനെ 65 ലക്ഷം രൂപയ്ക്ക് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും രേണുക സിങ് ഠാക്കൂറിനെ 60 ലക്ഷം രൂപയ്ക്ക് ഗുജറാത്ത് ജയന്റ്സും സ്വന്തമാക്കി. സ്നേഹ റാണയെ 50 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസും ഹൽലീൻ ഡിയോളിനെയും ക്രാന്തി ഗൗഡിനെയും 50 ലക്ഷം വീതം രൂപയ്ക്ക് യുപി വോറിയേഴ്സും ടീമിലെത്തിച്ചു. ലോകകപ്പിനിടെ പരുക്കേറ്റ് ടീമിൽനിന്നു പുറത്തായ പ്രതിക റാവലിനെ മൂന്നാം തവണ ലേലത്തിന് എത്തിയപ്പോൾ 50 ലക്ഷത്തിന് യുപി വോറിയേഴ്സ് സ്വന്തമാക്കി. ആദ്യ രണ്ടു തവണയും പ്രതിക അൺസോൾഡ് ആയിരുന്നു. എന്നാൽ ലോകകപ്പ് ടീമിൽ കളിച്ച ഉമ ഛേത്രി ‘അൺസോൾഡ്’ ആയി.

മാർക്വീ താരങ്ങളിൽ ദീപ്‌തിക്കു ശേഷം ന്യൂസീലൻ‍ഡ് താരം അമേലിയ കെറിനാണ് പിന്നീട് ഏറ്റവും കൂടുതൽ തുക ലഭിച്ചത്. മൂന്നു കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസാണ് താരത്തെ ടീമിലെത്തിച്ചത്. ലേലത്തിന് മുൻപ് അമേലിയയെ നിലനിർത്താതിരുന്ന മുംബൈ, വമ്പൻ തുകയ്ക്ക് താരത്തെ തിരിച്ചു ടീമിലെത്തിക്കുകയായിരുന്നു. മറ്റൊരു ന്യൂസീലൻഡ് താരം സോഫി ഡിവൈനെ രണ്ടു കോടി രൂപയ്ക്ക് ഗുജറാത്ത് ജയന്റ്സ് സ്വന്തമാക്കി. വാശിയേറിയ വിളിക്കൊടുവിലാണ് താരത്തെ ഗുജറാത്ത് സ്വന്തമാക്കിയത്.

ഓസീസ് താരം മെഗ് ലാനിങ്ങിനെ 1.9 കോടിക്കും ഇംഗ്ലിഷ് താരം സോഫി എക്ലെസ്റ്ററിനെ 85 ലക്ഷം രൂപയ്ക്കും യുപി വോറിയേഴ്സ് സ്വന്താക്കി. വനിതാ ലോകകപ്പിൽ തിളങ്ങിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവർട്ടിനെ 1.1 കോടി രൂപയ്ക്ക് ഡൽഹി ക്യാപ്റ്റിൽസ് സ്വന്തമാക്കിയപ്പോൾ, വെസ്റ്റിൻഡീസ് ഓൾറൗണ്ടർ ചിനെല്ലെ ഹെൻറിയാണ് ലേലത്തിലെ മറ്റൊരു കോടിപതി. 1.3 കോടിക്ക് ഡൽഹി ക്യാപ്റ്റിൽസാണ് താരത്തെ ടീമിലെത്തിച്ചത്. 90 ലക്ഷത്തിന് ടീമിലെത്തിച്ച ഇംഗ്ലണ്ട് പേസർ ലോറൻ ബെല്ലിനു വേണ്ടിയാണ് ആർസിബി ഏറ്റവും കൂടുതൽ പണം മുടക്കിയത്. ഓസീസ് താരം ഫോബ് ലിച്ച്ഫീൽഡിനെ 1.2 കോടിക്ക് യുപി വോറിയേഴ്സ് ടീമിലെത്തിച്ചപ്പോൾ ഓസീസ് ക്യാപ്റ്റൻ അലീസ ഹീലി ‘അൺസോൾഡ്’ ആയത് ഏവരെയും ഞെട്ടിച്ചു. ആമി ജോൺസ്, ഉമ ഛേത്രി, ഹീതർ നൈറ്റ്, ചാമാരി അത്തപ്പത്ത് എന്നിവരാണ് ‘അൺസോൾഡ്’ ആയ മറ്റു പ്രമുഖർ.

ലേലത്തിനുണ്ടായിരുന്ന 277 താരങ്ങളിൽ 67 പേരെയാണ് അഞ്ച് ഫ്രാഞ്ചൈസികൾ ചേർന്നു വാങ്ങിയത്. ഇതിൽ 23 പേർ വിദേശ താരങ്ങളാണ്. ആകെ 40.8 കോടി രൂപയാണ് ടീമുകൾ ചേർന്നു ചെലവഴിച്ചത്. യുപി വോറിയേഴ്സാണ് ഏറ്റവുമധികം ചെലവഴിച്ചത്. ജനുവരി 6 മുതൽ ഫെബ്രുവരി 5 വരെയൊണ് അടുത്ത വർഷം ഡബ്ല്യുപിഎൽ. നവി മുംബൈ, വഡോദര എന്നിവടങ്ങളിലായാണ് മത്സരങ്ങൾ അരങ്ങേറുക.

English Summary:

WPL Auction 2026 LIVE Updates

Read Entire Article