11 July 2025, 06:09 PM IST

Photo: PTI
ലണ്ടന്‍: ലോര്‍ഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിലും കളത്തിലിറങ്ങാതെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ഋഷഭ് പന്ത്. ഒന്നാം ദിനം പന്തുകൊണ്ട് ഇടത് ചൂണ്ടുവിരലിനേറ്റ പരിക്കാണ് താരത്തിനും ഇന്ത്യയ്ക്കും തിരിച്ചടിയായിരിക്കുന്നത്. പന്തിന് പകരം ധ്രുവ് ജുറെല്‍ തന്നെയാണ് രണ്ടാം ദിനവും ഇന്ത്യയ്ക്കായി വിക്കറ്റ് കീപ്പ് ചെയ്യുന്നത്.
ഇന്ത്യന്‍ മെഡിക്കല്‍ ടീം ഇപ്പോഴും പന്തിന്റെ പരിക്കിന്റെ പുരോഗതി നിരീക്ഷിക്കുകയാണെന്ന് ബിസിസിഐ അറിയിച്ചു. ജസ്പ്രീത് ബുംറയെറിഞ്ഞ പന്ത് പിടിക്കുന്നതിനിടെയാണ് താരത്തിന്റെ വിരലിന് പരിക്കേല്‍ക്കുന്നത്. മത്സരത്തിന്റെ ഒന്നാം സെഷനിടെ വിക്കറ്റിനു പിന്നില്‍ പന്ത് പിടിക്കുന്നതിനിടെ ഋഷഭിന് വേദന അനുഭവപ്പെട്ടിരുന്നു. പിന്നീട് രണ്ടാം സെഷനിടെ ഇന്നിങ്സിന്റെ 34-ാം ഓവറില്‍ ഒലി പോപ്പിനെതിരേ ബുംറയെറിഞ്ഞ പന്ത് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും ഋഷഭിന്റെ വിരലില്‍ പന്ത് തട്ടി. ഇതോടെ വേദനകൊണ്ട് പുളഞ്ഞ താരത്തെ ടീം ഫിസിയോ എത്തി പരിശോധിക്കുകയും വിരലില്‍ വേദന അകറ്റുന്നതിനുള്ള സ്പ്രേ അടിക്കുകയും ചെയ്തു. പക്ഷേ തുടര്‍ന്നും താരം വേദന കാരണം അസ്വസ്ഥത കാണിച്ചു. ഇതോടെ ടീം ഡോക്ടര്‍മാര്‍ കോച്ച് ഗൗതം ഗംഭീറിനോട് പന്തിനെ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. കടുത്ത വേദന ഉണ്ടായിരുന്നിട്ടും ആദ്യം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങാന്‍ പന്ത് ഒരുക്കമല്ലായിരുന്നു. പിന്നാലെ വിക്കറ്റ് കീപ്പിങ് പുനരാരംഭിച്ചെങ്കിലും ഗ്ലൗ ധരിക്കുമ്പോള്‍ താരത്തിന് കടുത്ത വേദന അനുഭവപ്പെടുന്നത് കാണാമായിരുന്നു. ഒടുവില്‍ മൂന്ന് പന്തുകള്‍ക്ക് ശേഷം താരം മടങ്ങാന്‍ തയ്യാറാകുകയായിരുന്നു.
ലോര്‍ഡ്‌സില്‍ പന്തിന് ബാറ്റിങ്ങിനിറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ അത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകും. ലീഡ്‌സില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറിയുമായി തിളങ്ങിയ ഋഷഭ് പന്ത് എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
Content Highlights: Rishabh Pant misses the 2nd time of the Lord`s Test owed to a digit wounded sustained connected Day 1








English (US) ·