Published: April 04 , 2025 07:36 AM IST
1 minute Read
കൊൽക്കത്ത∙ ഐപിഎലിൽ നാടകീയ അരങ്ങേറ്റം കുറിച്ച് ശ്രീലങ്കൻ ഓൾറൗണ്ടർ കമിന്ദു മെൻഡിസ്. അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറിൽ 2 കൈകൊണ്ടും പന്തെറിഞ്ഞാണ് സൺറൈസേഴ്സ് ഹൈദരാബാദ് താരം ആരാധകരെ ഞെട്ടിച്ചത്. മത്സരത്തിൽ ഒരേയൊരു ഓവർ മാത്രം ബോൾ ചെയ്ത മെൻഡിസ്, നാലു റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. 32 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 50 റൺസുമായി കൊൽക്കത്ത ഇന്നിങ്സിന് അടിത്തറയിട്ട യുവതാരം അംഗ്കൃഷ് രഘുവംശിയാണ് മെൻഡിസിന്റെ പന്തിൽ പുറത്തായത്.
13–ാം ഓവറിൽ മെൻഡിസ് പന്തെറിയാനെത്തുമ്പോൾ അംഗ്ക്രിഷ് രഘുവംശിയായിരുന്നു ബാറ്റിങ് ക്രീസിൽ. വലംകൈ ബാറ്ററായ രഘുവംശിക്കെതിരെ മെൻഡിസ് ഇടംകൈ സ്പിൻ ആണ് എറിഞ്ഞത്. ആദ്യ പന്തിൽ സിംഗിളെടുത്ത രഘുവംശി അർധ സെഞ്ചറിയും തികച്ചു. അടുത്ത പന്ത് നേരിട്ട ഇടംകൈ ബാറ്റർ വെങ്കടേഷ് അയ്യർക്കെതിരെ വലംകൈ കൊണ്ടു മെൻഡിസ് ഓഫ് സ്പിൻ എറിഞ്ഞു. ഓവറിലെ നാലാം പന്തിൽ അംഗ്ക്രിഷ് രഘുവംശിയെ പുറത്താക്കിയ മെൻഡിസ് ഐപിഎലിലെ തന്റെ കന്നി വിക്കറ്റും സ്വന്തമാക്കി.
ശ്രീലങ്കൻ ടീമിൽ സ്ഥിരാംഗമായ ഇരുപത്താറുകാരൻ കമിന്ദു മെൻഡിസ് രാജ്യാന്തര ക്രിക്കറ്റിൽ മുൻപും രണ്ടുകൈകൾ കൊണ്ടും പന്തെറിഞ്ഞിട്ടുണ്ട്. അതേസമയം, ആദ്യ ഓവറിൽത്തന്നെ കൊൽക്കത്തയെ പിടിച്ചുകെട്ടിയ മെൻഡിസിനെ പിന്നീട് ബോളിങ്ങിന് ഉപയോഗിക്കാതിരുന്ന സൺറൈസേഴ്സ് നായകൻ പാറ്റ് കമിൻസിന്റെ നീക്കം പാളിപ്പോയതായി വിമർശനങ്ങളുണ്ട്.
മെൻഡിസിന്റെ ഓവർ പൂർത്തിയാകുമ്പോൾ 13 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 108 റൺസ് എന്ന നിലയിലായിരുന്നു കൊൽക്കത്ത. അടുത്ത ഏഴ് ഓവറിൽനിന്ന് രണ്ടു വിക്കറ്റ് മാത്രം നഷ്ടമാക്കി അവർ അടിച്ചുകൂട്ടിയത് 92 റൺസാണ്! അതിൽത്തന്നെ അവസാന 4 ഓവറിൽനിന്ന് അടിച്ചെടുത്തത് 66 റൺസ്!
English Summary:








English (US) ·