രണ്ടു മാറ്റം ഏറെക്കുറെ ഉറപ്പ്, ഒരുപക്ഷേ മൂന്ന്; ‘വൈറ്റ് വാഷ്’ ഒഴിവാക്കാൻ ഇന്ത്യ ഇറങ്ങും, പരിശീലനം പോലുമില്ലാതെ

2 months ago 3

സിഡ്‌നി ∙ ആത്മവിശ്വാസത്തിന്റെ ആകാശത്തുനിന്ന് നിരാശയുടെ ആഴങ്ങളിലേക്ക് ടീം ഇന്ത്യയെ തള്ളിയിടാൻ ഓസ്ട്രേലിയയ്ക്ക് ആവശ്യമായി വന്നത് രണ്ടേരണ്ട് ഏകദിന മത്സരങ്ങൾ മാത്രമാണ്. പുതിയ നായകൻ ശുഭ്മൻ ഗില്ലിന്റെ അരങ്ങേറ്റവും സൂപ്പർ താരങ്ങളായ രോഹിത് ശർമയുടെയും വിരാട് കോലിയുടെയും തിരിച്ചുവരവും ആഘോഷിക്കാൻ കൊതിച്ച് ഓസ്ട്രേലിയയിൽ എത്തിയ ടീം ഇന്ത്യയെ തുടർച്ചയായി രണ്ടാം മത്സരത്തിലും തോൽപിച്ച ആതിഥേയർ 3 മത്സര പരമ്പര 2–0നു സ്വന്തമാക്കി. പരമ്പര ഓസീസ് തൂത്തുവാരാതിരിക്കാൻ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്കു ജയം അനിവാര്യമാണ്. ശനിയാഴ്ച സിഡ്നിയിലാണ് പരമ്പരയിലെ അവസാന മത്സരം.

ഒരു ദിവസത്തെ മാത്രം ഇടവേളയിലാണ് ഇന്ത്യ അടുത്ത മത്സരത്തിന് ഇറങ്ങുന്നത്. പ്രാദേശിക സമയം വെള്ളിയാഴ്ച വൈകിയാണ് താരങ്ങൾ സിഡ്‌നിയിൽ എത്തിയത്. അതുകൊണ്ടു തന്നെ പരിശീലനം ഒഴിവാക്കുകയും ചെയ്തു. ഒരുപക്ഷേ കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ ജയിച്ചിരുന്നെങ്കിൽ പരമ്പരയുടെ ‘ഫൈനൽ’ ആകുമായിരുന്ന പോരാട്ടത്തിനാണ് ഇത്തരത്തിലൊരു ‘ടൈറ്റ്’ ഷെഡ്യൂൾ. മതിയായ പരിശീലനം ഇല്ലാതെയാണ് ഇറങ്ങുന്നതെങ്കിലും ഇന്ത്യയെ സംബന്ധിച്ച് ‘ഫൈനൽ’ മത്സരം തന്നെയാണ് സിഡ്നിയിൽ അരങ്ങേറാൻ പോകുന്നത്. അഭിമാനപോരാട്ടത്തിനൊപ്പം ടീമിലെ ചിലരുടെയെങ്കിലും ഭാവിയും ഇതു നിശ്ചയിക്കും.

പരമ്പരയിൽ രണ്ടു മത്സരങ്ങളിലും നിരാശപ്പെടുത്തിയ വിരാട് കോലിയിൽ തന്നെയാണ് എല്ലാ കണ്ണുകളും. സിഡ്നിയിൽ താരത്തിന് തിളങ്ങാനാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ഒരു പക്ഷേ വിരാട് കോലിയുടെ പ്രഫഷനൽ ക്രിക്കറ്റ് കരിയറിൽ, ഓസ്ട്രേലിയൻ മണ്ണിലെ അവസാന പോരാട്ടമാകും ശനിയാഴ്ച സിഡ്നിയിൽ അരങ്ങേറുക. ടീമിൽ താരത്തിന്റെ ഭാവിയും മൂന്നാം ഏകദിനത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും. അഡ്‌ലെയ്ഡിൽ അർധസെഞ്ചറി തികച്ച രോഹിത്, ആശ്വാസത്തിലാണ്. മൂന്നാം മത്സരത്തിലും ‘ഇംപാക്ട്’ പ്രകടനം കാഴ്ചവച്ചാൽ രോഹിത്തിന് ടീമിൽ തുടരാൻ വലിയ വെല്ലുവിളിയുണ്ടാകില്ല.

രണ്ടു മത്സരങ്ങളിലും തോറ്റ അതേ ടീമുമായി മൂന്നാം മത്സരത്തിന് ഇന്ത്യ ഇറങ്ങാനുള്ള സാധ്യത വിരളമാണ്. പ്ലേയിങ് ഇലവനിൽ രണ്ടു മാറ്റം ഏറെക്കുറെ ഉറപ്പാണ്. ബാറ്റിങ്ങിൽ മോശം ഫോം തുടരുന്ന വാഷിങ്ടൻ സുന്ദറിന് പകരം കുൽദീപ് യാദവിനെ കളിപ്പിച്ചേക്കും. ബാറ്റിങ് ഡെപ്‌ത്തിനു വേണ്ടിയാണ് ഓൾറൗണ്ടറായ വാഷിങ്ടനെ കളിപ്പിക്കുന്നതെങ്കിലും കുൽദീപിനെ പോലൊരു സ്പിന്നറിന്റെ അഭാവം രണ്ടു മത്സരങ്ങളിലും പ്രകടമായിരുന്നു. അതുകൊണ്ടു തന്നെ കുൽദീപ് പ്ലേയിങ് ഇലവനിലേക്കു തിരിച്ചെത്തിയേക്കും. പേസർ ഹർഷിത് റാണയ്ക്കു പകരം പ്രസിദ്ധ് കൃഷ്ണയ്ക്കും സാധ്യതയുണ്ട്. രണ്ടാം ഏകദിനത്തിൽ റൺസ് വഴങ്ങിയ ഹർഷിതിന്റെ ബോളിങ്ങും ഇന്ത്യൻ തോൽവിക്ക് ഒരു കാരണമായിരുന്നു.

ധ്രുവ് ജുറേലാണ് പ്ലേയിങ് ഇലവനിൽ സ്ഥാനം പ്രതീക്ഷിക്കുന്ന മറ്റൊരു താരം. എന്നാൽ വിക്കറ്റ് കീപ്പറായി കെ.എൽ.രാഹുലുള്ളപ്പോൾ സ്പെഷലിസ്റ്റ് ബാറ്റർ മാത്രമായി ധ്രുവ് ജുറേലിനെ ടീമിലുൾപ്പെടുത്തുമോ എന്നു കണ്ടറിയണം. അങ്ങനെയെങ്കിൽ ഓൾറൗണ്ടറായ നിതീഷ് കുമാർ റെഡ്ഡിയെ ഒഴിവാക്കേണ്ടി വരും. ഓപ്പണിങ് സ്ലോട്ടിൽ ഒഴിവില്ലാത്തതിനാൽ യശ്വസി ജയ്സ്വാളിന് ഇനിയും കാത്തിരിക്കേണ്ടി വരും.

ഓസീസ് ടീമിലും മാറ്റങ്ങൾക്കും സാധ്യതയുണ്ട്. പേസർമാരായ മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെയ്‌സൽവുഡ് എന്നിവരിലൊരാൾക്കു വിശ്രമം അനുവദിച്ചേക്കും. ആഷസ് തുടങ്ങാനിരിക്കെ രണ്ടും പേർക്കും വിശ്രമം അനുവദിക്കാനും സാധ്യതയുണ്ട്. മൂന്നാം ഏകദിനത്തിന് തൊട്ടുമുൻപു സ്ക്വാഡിൽ ഉൾപ്പെടുത്തിയ ജാക്ക് എഡ്വേർഡ്‌സിനും പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചേക്കും.

സാധ്യതാ പ്ലേയിങ് ഇലവൻ:

ഇന്ത്യ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോലി, ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ, കെ.എൽ.രാഹുൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി/ധ്രുവ് ജുറൽ, വാഷിങ്ടൻ സുന്ദർ / കുൽദീപ് യാദവ്, ഹർഷിത് റാണ / പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്

ഓസ്ട്രേലിയ: ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ് (ക്യാപ്റ്റൻ), മാറ്റ് ഷോർട്ട്, മാറ്റ് റെൻഷാ, അലക്സ് കാരി (വിക്കറ്റ് കീപ്പർ), കൂപ്പർ കൊനോലി, മിച്ച് ഓവൻ, മിച്ചൽ സ്റ്റാർക്ക്/ജാക്ക് എഡ്വേർഡ്സ്, സേവ്യർ ബാർട്ട്ലെറ്റ്, ആദം സാംപ, ജോഷ് ഹെയ്സൽവുഡ്

English Summary:

India vs Australia ODI bid is presently favoring Australia. India needs to triumph the last ODI lucifer successful Sydney to debar a bid sweep. Virat Kohli's show and squad changes are important for India's chances of victory.

Read Entire Article