Published: June 01, 2026 10:16 PM IST Updated: June 02, 2026 09:25 AM IST
1 minute Read
അഹമ്മദാബാദ് ∙ ഐപിഎലിൽ തുടർച്ചയായി രണ്ടാം കിരീടം നേടി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ചരിത്രം കുറിച്ച സീസണിൽ പക്ഷേ ഏറ്റവും ചർച്ചയായത് ഒരു രാജസ്ഥാൻ റോയൽസ് താരമാണെന്നതിൽ തർക്കമില്ല. പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയുടെ മിന്നുംപ്രകടനത്തിനാണ് ടൂർണമെന്റ് സാക്ഷ്യം വഹിച്ചത്. സീസണിലാകെ 776 റൺസ് അടിച്ചുകൂട്ടിയ വൈഭവ്, ഏറ്റവും കൂടുതൽ റൺസ് നേടിയതിനുള്ള ഓറഞ്ച് ക്യാപും സ്വന്തമാക്കി.
ഐപിഎൽ 2025നു മുന്നോടിയായി 1.10 കോടി രൂപയ്ക്കാണ് വൈഭവിനെ രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചത്. ഈ വർഷവും താരത്തിന്റെ പ്രതിഫലം ഇതുതന്നെയായിരുന്നെങ്കിലും രണ്ടു മാസം കൊണ്ട് പതിനഞ്ചുകാരൻ ‘കീശയിൽ’ ആക്കിയത് ഈ തുകയുടെ ഇരട്ടിയിലേറെയാണ്. അത് എങ്ങനെയാണെന്ന് നോക്കാം:
പ്ലെയർ ഓഫ് ദ് ടൂർണമെന്റ് അവാർഡിനു സമാനമായി ഐപിഎലിൽ നൽകുന്ന ‘മോസ്റ്റ് വാല്യബിൾ പ്ലെയർ’ ആണ് തുക അടിസ്ഥാനത്തിൽ ഏറ്റവും വലിയ പുരസ്കാരം. ഇതുൾപ്പെടെ അഞ്ച് അവാർഡുകളാണ് വൈഭവ് നേടിയത്.
∙ മോസ്റ്റ് വാല്യബിൾ പ്ലെയർ (എംവിപി): 15 ലക്ഷം രൂപ
∙ ഓറഞ്ച് ക്യാപ് (ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ്): 10 ലക്ഷം രൂപ
∙ സൂപ്പർ സ്ട്രൈക്കർ ഓഫ് ദ് സീസൺ (മികച്ച സ്ട്രൈക്ക് റേറ്റ്): 10 ലക്ഷം രൂപ (കൂടാതെ ടാറ്റ സിയാറ എസ്‌യുവിയും)
∙ സൂപ്പർ സിക്സസ് ഓഫ് ദ് സീസൺ: 10 ലക്ഷം രൂപ (72 സിക്സറുകൾ പറത്തിയതിന്)
∙ എമർജിങ് പ്ലെയർ ഓഫ് ദ് സീസൺ: 10 ലക്ഷം രൂപ
ഈ അഞ്ച് അവാർഡുകളിലൂടെ മാത്രം 55 ലക്ഷം രൂപയും ഒരു കാറുമാണ് വൈഭവ് നേടിയത്. വാർഷിക പ്രതിഫലമായ 1.10 കോടി രൂപയ്ക്കും ക്യാഷ് അവാർഡുകൾക്കും പുറമെ, കളിച്ച ഓരോ മത്സരത്തിനും 7.5 ലക്ഷം രൂപ വീതം മാച്ച് ഫീയായും സൂര്യവംശിക്ക് ലഭിച്ചു. ഈ സീസണിൽ രാജസ്ഥാനായി ആകെ 16 മത്സരങ്ങൾ കളിച്ച വൈഭവ്, മാച്ച് ഫീസായി മാത്രം 1.20 കോടി രൂപ സമ്പാദിച്ചു.
‘പ്ലെയർ ഓഫ് ദ് മാച്ച്’, മറ്റു മാച്ച്-ഡേ പ്രകടനങ്ങൾക്കുള്ള പുരസ്കാരങ്ങൾ എന്നിവയിലൂടെയും താരം പണം വാരി. ടൂർണമെന്റിൽ പല മത്സരങ്ങളിലും ‘ഇലക്ട്രിക് സ്ട്രൈക്കർ ഓഫ് ദ് മാച്ച്’, ‘മോസ്റ്റ് സിക്സസ് ഓഫ് ദ് മാച്ച്’ തുടങ്ങിയവ വൈഭവിന് ലഭിച്ചിട്ടുണ്ട്. ഇവ ഓരോനിന്നും ഒരു ലക്ഷം രൂപ വീതമാണ് ലഭിക്കുന്നത്. ഇങ്ങനെ കണക്കാക്കിയാൽ ഐപിഎൽ 2026 സീസണിൽനിന്നുള്ള വൈഭവിന്റെ ആകെ വരുമാനം 2.50 കോടി രൂപയ്ക്കു മുകളിലാണ്.
English Summary:








English (US) ·