Published: July 21 , 2025 09:22 PM IST
1 minute Read
മുംബൈ∙ ശരീര ഭാരം കുറച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള തിരിച്ചുവരവ് ലക്ഷ്യമിട്ട് യുവതാരം സർഫറാസ് ഖാൻ. ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം നടത്തുമ്പോഴും ഫിറ്റ്നസ് പ്രശ്നങ്ങളുടെ പേരിൽ സീനിയർ ടീമിലേക്കു സർഫറാസിനെ പലപ്പോഴും പരിഗണിച്ചിരുന്നില്ല. കഠിന പരിശീലനത്തിനും ഭക്ഷണ നിയന്ത്രണങ്ങൾക്കും ഒടുവിൽ 17 കിലോയാണ് സർഫറാസ് ഖാൻ കുറച്ചത്. രണ്ടു മാസം കൊണ്ടാണ് സർഫറാസ് ഭാരം കുറച്ചത്. ജിമ്മിൽ നിന്നുള്ള ചിത്രങ്ങൾ സർഫറാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടെ താരമാണ് സർഫറാസ്. ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിരാശപ്പെടുത്തിയ സർഫറാസിനെ, ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. സർഫറാസിനെ ഇംഗ്ലണ്ടിൽ കളിപ്പിക്കാത്തതിൽ നിരാശയുണ്ടെന്ന് മുന്‍ ഇന്ത്യൻ താരം ഹർഭജൻ സിങ് പ്രതികരിച്ചിരുന്നു. ഇന്ത്യയ്ക്കായി ആറു ടെസ്റ്റുകൾ കളിച്ചിട്ടുള്ള സർഫറാസ് ഒരു സെഞ്ചറിയും മൂന്നു അർധ സെഞ്ചറികളും നേടിയിട്ടുണ്ട്.
വാങ്കഡെ സ്റ്റേഡിയത്തിൽ കഴിഞ്ഞ വർഷം നവംബറിൽ ന്യൂസീലൻഡിനെതിരായ മൂന്നാം ടെസ്റ്റിലാണ് താരം അവസാനമായി ഇന്ത്യൻ ജഴ്സിയിൽ ഇറങ്ങിയത്. ആദ്യ ഇന്നിങ്സിൽ റണ്ണൊന്നുമെടുക്കാൻ സാധിക്കാതെ പുറത്തായ സർഫറാസ്, രണ്ടാം ഇന്നിങ്സിൽ നേടിയത് ഒരു റൺ. ജൂണിൽ ഇംഗ്ലണ്ട് ലയൺസിനെതിരായ സന്നാഹ മത്സരത്തിൽ താരം തിളങ്ങിയിരുന്നു. 119 പന്തുകൾ നേരിട്ട സർഫറാസ് 92 റൺസടിച്ചാണു പുറത്തായത്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @SarfarazKhan എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്
English Summary:








English (US) ·