രണ്ടുതവണ ലാന്‍ഡിങ് പരാജയപ്പെട്ടു, പതറാതെ വനിതാ പൈലറ്റ്; രോമാഞ്ചമെന്ന് പെപ്പെ

6 months ago 6

Antony Varghese pepe indigo flight

ആന്റണി വർഗീസ്, പ്രതീകാത്മക ചിത്രം | Photo: Instagram/ antony varghese, X/ Indigo Airlines

ഹൈദരാബാദില്‍നിന്ന് കൊച്ചിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ തനിക്കുണ്ടായ അനുഭവം പങ്കുവെച്ച് നടന്‍ ആന്റണി വര്‍ഗീസ് (പെപ്പെ). പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് രണ്ടുതവണ പരാജയപ്പെട്ട ലാന്‍ഡിങ് സുരക്ഷിതമായി പൂര്‍ത്തിയാക്കിയതിന് വിമാന ജീവനക്കാര്‍ക്ക് ആന്റണി വര്‍ഗീസ് നന്ദി പറഞ്ഞു. വിമാനത്തിലെ വനിതകളായ മുഴുവന്‍ ജീവനക്കാരും സാഹചര്യം കൈകാര്യംചെയ്ത രീതി പ്രചോദനകരമായിരുന്നുവെന്ന് പെപ്പെ കുറിച്ചു. വനിതാ പൈലറ്റിന്റെ ധീരതയേയും പെപ്പെ പ്രശംസിച്ചു.

ആന്റണി വര്‍ഗീസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ്:
ഇന്നലെ നടന്ന സംഭവത്തിന്റെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല. 'ഐ ആം ഗെയി'മിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി ഞാന്‍ ഇന്‍ഡിഗോയുടെ 6ഇ 6707 വിമാനത്തില്‍ ഹൈദരാബാദില്‍നിന്ന് കൊച്ചിയിലേക്ക് തിരിച്ചു.

ഞങ്ങള്‍ കൊച്ചിയോട് അടുത്തപ്പോള്‍ കാലാവസ്ഥ വളരേ മോശമായി. റണ്‍വേയില്‍നിന്ന് ഏതാനും അടി ഉയരത്തില്‍വെച്ച് ആദ്യത്തെ ലാന്‍ഡിങ് ശ്രമം ഉപേക്ഷിച്ചു. രണ്ടാംശ്രമത്തില്‍ ഞങ്ങള്‍ ഏതാണ്ട്‌ നിലത്തെത്തി എന്ന ഘട്ടത്തില്‍ പൈലറ്റ് വീണ്ടും ഉയര്‍ന്ന് പറക്കാന്‍ തീരുമാനമെടുത്തു. റണ്‍വേയില്‍ തൊടാതെ അവര്‍ വീണ്ടും വിമാനം ആകാശത്തേക്കുയര്‍ത്തി. രോമാഞ്ചം!

അവിശ്വസനീയമായ സമചിത്തതയോടേയും വ്യക്തതയോടേയും അവര്‍, ഇന്ധനം നിറയ്ക്കുന്നതിനായി വിമാനം കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടു. കാബിനിലെ ഞങ്ങള്‍ക്ക് ആശങ്ക അനുഭവപ്പെട്ടു. ആളുകള്‍ പരിഭ്രാന്തരായി.

എന്നാല്‍, വിമാനത്തിലെ വനിതകളായ മുഴുവന്‍ ജീവനക്കാരും സാഹചര്യം കൈകാര്യംചെയ്ത രീതി പ്രചോദനകരമായിരുന്നു. ഇന്ധനം നിറച്ച ശേഷം വീണ്ടും കൊച്ചിയിലേക്ക് പറന്നു, സുരക്ഷിതമായി പുറത്തിറങ്ങി. ചക്രങ്ങള്‍ നിലത്തുതൊട്ടപ്പോള്‍ ക്യാബിനില്‍ കൈയ്യടി ഉയര്‍ന്നു.

കോക്പിറ്റിലും ക്യാബിനിലുമുണ്ടായിരുന്ന അസാധാരണ വനിതകളോട്- നിങ്ങളുടെ ധ്രുതഗതിയിലുള്ള തീരുമാനങ്ങള്‍, കൃത്യത, പ്രൊഫഷണലിസം എന്നിവ ഭീകരമായ ഒരു സാഹചര്യത്തെ ആഴത്തിലുള്ള ബഹുമാനത്തിന്റേയും കൃതജ്ഞതയുടേയും നിമിഷമാക്കി മാറ്റി. സമ്മര്‍ദങ്ങള്‍ക്കിടയിലും യഥാര്‍ഥ ധീരത എന്താണെന്ന് കാണിച്ചുതന്നതിന് നന്ദി.

Content Highlights: Antony Varghese (Pepe) shares his acquisition of a turbulent formation from Hyderabad to Kochi

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article