രണ്ടുദിവസംകൊണ്ട് 50 കോടി, അഞ്ചാം ദിനത്തില്‍ 100 കോടി; ഐതിഹാസികവിജയവുമായി ധനുഷിന്റെ 'കുബേര'

6 months ago 7

തമിഴ് സൂപ്പര്‍ താരം ധനുഷിനെ നായകനാക്കി സൂപ്പര്‍ഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ ശേഖര്‍ കമ്മൂല ഒരുക്കിയ ബിഗ് ബജറ്റ് പാന്‍ഇന്ത്യന്‍ ചിത്രം 'കുബേര' 100 കോടി ക്ലബില്‍ ഇടം പിടിച്ചു. റിലീസ് ചെയ്ത് ആദ്യ അഞ്ചുദിനംകൊണ്ട് ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷന്‍ നൂറു കോടി പിന്നിട്ടു എന്ന വിവരമാണ് ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുന്നത്. ആദ്യദിനം മുതല്‍ തന്നെ ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിന് വമ്പന്‍ നിരൂപക പ്രശംസയും ലഭിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ എത്തിച്ചത്. കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ധനുഷിന്റെ കരിയറിലെതന്നെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഓപ്പണിങ് ചിത്രം നേടി. ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബില്‍ ഇടം പിടിക്കുന്ന ധനുഷ് ചിത്രങ്ങളിലൊന്ന് കൂടിയാണ് 'കുബേര'. ആദ്യദിനം ആഗോള ഗ്രോസ് ആയി 30 കോടിയോളം സ്വന്തമാക്കിയ ചിത്രം, രണ്ടാം ദിനം കൊണ്ട് തന്നെ 50 കോടി പിന്നിട്ടിരുന്നു. മൂന്നാം ദിനവും നാലാം ദിനവും ബോക്‌സ് ഓഫീസില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ചിത്രം നടത്തിയത്. തമിഴിലും തെലുങ്കിലുമായി ഒരുക്കിയ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ബ്ലോക്ക്ബസ്റ്റര്‍ കുതിപ്പാണ് നടത്തുന്നത്. ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ തെലുങ്ക് ഗ്രോസ്സര്‍ ആയും ചിത്രം മാറുകയാണ്.

വിദേശ മാര്‍ക്കറ്റുകളിലും ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഗ്രോസ്സര്‍ ആയി 'കുബേര' മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യവീക്കെന്‍ഡില്‍ ബുക്ക് മൈ ഷോയിലും ടിക്കറ്റ് വില്പനയില്‍ റെക്കോര്‍ഡ് ട്രെന്‍ഡിങ് ആണ് ചിത്രം കാഴ്ചവെച്ചത്. ധനുഷിനൊപ്പം തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയും പ്രധാന വേഷം ചെയ്ത ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് രശ്മിക മന്ദാനയാണ്. വമ്പന്‍ കാന്‍വാസില്‍ ഒരുക്കിയ ചിത്രം ആക്ഷന്‍ ഡ്രാമ, പ്രതികാരം, വൈകാരിക നിമിഷങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി, തീവ്രമായ കഥാസന്ദര്‍ഭങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നത്. ദേവ എന്ന് പേരുള്ള ഒരു യാചകനായി വേഷമിട്ട ധനുഷിന്റെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

ദീപക് ആയി നാഗാര്‍ജുന, സമീറ ആയി രശ്മിക, നീരജ് എന്ന വില്ലന്‍ വേഷത്തില്‍ ജിം സര്‍ഭ് എന്നിവരും തങ്ങളുടെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടി. ഹരീഷ് പേരടി, ദലിപ് താഹില്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. പാന്‍ ഇന്ത്യന്‍ ചിത്രമായി തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളില്‍ ആണ് ചിത്രം റിലീസ് ചെയ്തത്. സുനില്‍ നാരംഗ്, പുസ്‌കര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറില്‍ നിര്‍മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ് ആണ്.

ഛായാഗ്രഹണം: നികേത് ബൊമ്മി, എഡിറ്റര്‍: കാര്‍ത്തിക ശ്രീനിവാസ് ആര്‍, സംഗീതം: ദേവിശ്രീ പ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈന്‍: തൊട്ട ധരണി.

Content Highlights: Dhanush`s Kuber, directed by Sekhar Kammula, surpasses ₹100 crore globally successful conscionable 5 days

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article