10 June 2025, 03:10 PM IST

Photo: PTI
ന്യൂഡല്‍ഹി: രോഹിത് ശര്‍മയുടെ വിരമിക്കലിന് പിന്നാലെയാണ് ഇന്ത്യ ശുഭ്മാന്‍ ഗില്ലിനെ ടെസ്റ്റ് ടീമിന്റെ നായകനായി നിയമിച്ചത്. ഗില്ലിന്റെ വരവോടെ ഇന്ത്യക്ക് മൂന്നുഫോര്‍മാറ്റിലും മൂന്നുവ്യത്യസ്ത നായകന്മാരുമായി. ടി20 യില്‍ നിന്നും പടിയിറങ്ങിയ രോഹിത് ഏകദിനത്തില്‍ മാത്രമാണ് ഇന്ത്യക്കായി കളിക്കുന്നത്. എന്നാല്‍ രോഹിത്തിന്റെ നായകസ്ഥാനവും ഭീഷണിയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 2027 ഏകദിനലോകകപ്പില്‍ രോഹിത് നായകനായി ഉണ്ടായേക്കില്ലെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ചാമ്പ്യന്‍സ് ട്രോഫിക്കു പിന്നാലെ രോഹിത് ഏകദിനത്തില്‍ നിന്ന് വിരമിക്കുമെന്ന് ബിസിസിഐ പ്രതീക്ഷിച്ചിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. സത്യത്തില്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയ ശേഷം രോഹിത് ഏകദിന ഫോര്‍മാറ്റില്‍ നിന്ന് മാറിയേക്കുമെന്ന് തങ്ങളില്‍ പലരും കരുതിയിരുന്നുവെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. അജിത്ത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുമായി രോഹിത് യാതൊരു ചര്‍ച്ചയും നടത്തിയിട്ടുമില്ല. ഈ പശ്ചാത്തലത്തിൽ രോഹിത് ശർമ അധികകാലം ഏകദിന നായകസ്ഥാനത്ത് തുടരില്ലെന്നും റിപ്പോർട്ടിലുണ്ട്.
2025 മാര്‍ച്ച് ഒമ്പതിന് ന്യൂസിലന്‍ഡിനെതിരേ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലാണ് രോഹിത് അവസാനമായി ഇന്ത്യയ്ക്കായി ഏകദിനം കളിച്ചത്. അടുത്ത ലോകകപ്പിലേക്ക് ഇനിയും രണ്ടു വര്‍ഷത്തെ ദൂരമുണ്ട്. അപ്പോഴേക്കും രോഹിത്തിന് 40 വയസ് തികയും. ഫിറ്റ്‌നസും സമീപകാലത്തെ ഫോമും രോഹിത്തിന് ഒട്ടും ആശ്വാസകരമല്ല. ഏകദിന ടീമില്‍ രോഹിത്തിന്റെ സ്ഥാനം പോലും ഇപ്പോള്‍ സംശയമാണ്. സൂര്യകുമാര്‍ യാദവിനെ ടി20 ക്യാപ്റ്റനായും ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റനായും നിയമിച്ചുകഴിഞ്ഞ ക്രിക്കറ്റ് ബോര്‍ഡ് ഏകദിനത്തിലും രോഹിത്തിന് പകരം അടുത്തുതന്നെ മറ്റൊരാളെ പരിഗണിച്ചേക്കുമെന്ന് ഉറപ്പാണ്. സമീപകാലത്ത് മികച്ച ഫോമിലുള്ള ശ്രേയസ് അയ്യരുടെ പേര് ഇന്ത്യന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്.
Content Highlights: rohit-sharma-odi-retirement-bcci-report-odi-series








English (US) ·