Published: May 22 , 2025 10:41 AM IST
2 minute Read
-
മുംബൈ ഇന്ത്യൻസ് ഐപിഎൽ പ്ലേ ഓഫിൽ; ഡൽഹി പുറത്ത്
മുംബൈ ∙ അൽപം പോലും പ്രതീക്ഷയ്ക്കു വകകൊടുക്കാതെ, മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനെ ഐപിഎൽ പ്ലേ ഓഫ് പോരാട്ടക്കളത്തിൽനിന്നു പുറത്താക്കി. ഡൽഹിക്കെതിരെ മുംബൈയ്ക്ക് 59 റൺസ് വിജയം. ഇതോടെ ഈ സീസണിൽ പ്ലേ ഓഫില്‍ സ്ഥാനമുറപ്പിക്കുന്ന നാലാമത്തെ ടീമായി മുംബൈ മാറി. ഗുജറാത്ത്, ബെംഗളൂരു, പഞ്ചാബ് ടീമുകൾ നേരത്തേ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. 11–ാം തവണയാണു മുംബൈ ഐപിഎൽ പ്ലേ ഓഫിലെത്തുന്നത്. 43 പന്തിൽ 73 റൺസ് നേടി പുറത്താകാതെനിന്ന മുംബൈ ബാറ്റർ സൂര്യകുമാർ യാദവാണു പ്ലെയർ ഓഫ് ദ് മാച്ച്.
സ്കോർ: മുംബൈ 20 ഓവറിൽ 5ന് 180; ഡൽഹി– 18.2 ഓവറിൽ 121 ഓൾഔട്ട്. 181 റൺസ് വിജയലക്ഷ്യത്തിലേക്കു ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയെ ഒരു നേരത്തും നിലംതൊടാൻ അനുവദിക്കാതെ വരിഞ്ഞുമുറുക്കിയാണു മുംബൈ ജേതാക്കളായത്. ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ടായി ബാറ്റിങ് ഓപ്പൺ ചെയ്ത കെ.എൽ. രാഹുൽ (11), പനി ബാധിച്ച അക്ഷർ പട്ടേലിനു പകരം ക്യാപ്റ്റനായ സഹ ഓപ്പണർ ഫാഫ് ഡുപ്ലെസി (6), അഭിഷേക് പൊറേൽ (6) എന്നീ മുൻനിര ബാറ്റർമാരെ മുംബൈ ബോളർമാർ നിലയുറപ്പിക്കാൻ അനുവദിക്കാതെ വീഴ്ത്തിയതോടെ ഡൽഹിയുടെ കാലിടറി. മധ്യനിരയിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ച സമീർ റിസ്‌വി (35 പന്തിൽ 39) യാണു ഡൽഹിയുടെ ടോപ് സ്കോറർ. മറ്റു ബാറ്റർമാരിലാർക്കും അധികനേരം ക്രീസിൽ നിൽക്കേണ്ടി വന്നില്ല. മുംബൈയ്ക്കായി ജസ്പ്രീത് ബുമ്രയും മിച്ചൽ സാന്റ്നറും 3 വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തേ, 3ന് 58 എന്ന നിലയിൽ പരുങ്ങിയതിനു ശേഷമാണു മുംബൈ അവസാന ഓവറിലെ തകർപ്പനടിയിലൂടെ മികച്ച സ്കോറിലെത്തിയത്. സൂര്യകുമാർ യാദവും നമാൻ ധിറും (8 പന്തിൽ 24*) ചേർന്ന് അവസാന 2 ഓവറിൽ നേടിയ 48 റൺസാണ് മുംബൈയ്ക്കു വിജയമൊരുക്കിയത്. മുംബൈ ഇന്നിങ്സിൽ 30 റൺസിലധികം നേടിയ ഏക ബാറ്ററും സൂര്യകുമാർ യാദവാണ്.
അതിനു മുൻപ്, മധ്യ ഓവറുകളിൽ മുംബൈ ബാറ്റിങ്ങിനെ വരിഞ്ഞുമുറുക്കുന്നതിൽ ഡൽഹി ബോളർമാർ വിജയിച്ചു. വേഗം കുറഞ്ഞ പിച്ച് സ്പിന്നർമാരെ തുണച്ചപ്പോൾ സൂര്യയും തിലക് വർമയും (27) ബൗണ്ടറികൾക്കായി വിയർത്തു. കുൽദീപ് യാദവും വിപ്‍രാജ് നിഗവും ചേർന്നെറിഞ്ഞ 8 ഓവറുകളിൽ 47 റൺസ് മാത്രമായിരുന്നു മുംബൈയ്ക്കു നേടാനായത്. 15–ാം ഓവറിൽ തിലകും പിന്നാലെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും (6 പന്തിൽ 3) പുറത്തായതോടെ ഡെത്ത് ഓവറിൽ സ്കോറുയർത്താമെന്ന മുംബൈയുടെ പ്രതീക്ഷകൾക്കും മങ്ങലേറ്റു. പക്ഷേ അവസാന 2 ഓവറിൽ വാങ്കഡെ സ്റ്റേഡിയത്തിലെ ആരാധകരെ ത്രസിപ്പിച്ച പ്രകടനത്തിലൂടെ സൂര്യകുമാർ യാദവും നമാൻ ധിറും മുംബൈ ഇന്ത്യൻസിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ സഫലമാക്കി.
2 ഓവറിലെ മാജിക് 18 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 132 എന്ന നിലയിലായിരുന്നു മുംബൈ ടീം. ടോട്ടൽ 150 കടക്കുമോയെന്നുവരെ ആരാധകർ ആശങ്കപ്പെട്ട നേരം. 35 പന്തിൽ 45 റൺസുമായി സൂര്യകുമാർ യാദവ് ക്രീസിൽ. 3 ഓവറിൽ 21 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്ത മുകേഷ് കുമാർ ബോളിങ് എൻഡിൽ. ആ ഓവറിൽ 3 സിക്സും 2 ഫോറും ഉൾപ്പെടെ മുകേഷ് കുമാറിനെതിരെ മുംബൈ അടിച്ചെടുത്തത് 27 റൺസ്. അവസാന ഓവറിൽ ദുഷ്മന്ത് ചമീരയ്ക്കെതിരെ 21 റൺസ് കൂടി അടിച്ചെടുത്താണ് സൂര്യയും നമാൻ ധിറും ടീം സ്കോർ 180ൽ എത്തിച്ചത്. മുംബൈ ആ 2 ഓവറുകളിൽ നേടിയ 48 റൺസ് ഡൽഹിക്കു ലക്ഷ്യത്തിലേക്കുള്ള അകലം കൂട്ടി; വിജയത്തിലേക്കും.
English Summary:








English (US) ·