
റാവൽപിണ്ടി ക്രിക്കറ്റ് സ്‌റ്റേഡിയം | AP
ന്യൂഡല്‍ഹി: പാകിസ്താൻ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ പാകിസ്താന്‍ സൂപ്പര്‍ ലീഗ് (പിഎസ്എൽ) അനിശ്ചിതത്വത്തില്‍. റാവല്‍പിണ്ടി ക്രിക്കറ്റ് സ്‌റ്റേഡിയം ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ പിഎസ്എല്ലിലെ രണ്ട് മത്സരങ്ങള്‍ റദ്ദാക്കി. അതേസമയം, വിദേശതാരങ്ങൾ നാട്ടിലേക്ക് മടങ്ങാനുള്ള നീക്കം നടത്തുന്നതായും വിവരമുണ്ട്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) പിഎസ്എല്‍ ഫ്രാഞ്ചൈസികളുമായി അടിയന്തരയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് യോഗം. ടൂര്‍ണമെന്റിന്റെ മുന്നോട്ടുപോക്ക് സംബന്ധിച്ച കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുക.
വ്യാഴാഴ്ച റാവല്‍പിണ്ടി സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന കറാച്ചി കിങ്‌സ്-പെഷവാര്‍ സല്‍മി മത്സരവും വെള്ളിയാഴ്ചത്തെ ലാഹോര്‍ ക്വാലാന്‍ഡേഴ്‌സ്-പെഷവാര്‍ സല്‍മി മത്സരവും റദ്ദാക്കിയതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാക്കി മത്സരങ്ങളുടെ വേദി മാറ്റാനും സാധ്യതയുണ്ട്. കറാച്ചി, ദോഹ, ദുബായ് എന്നിവിടങ്ങളിലേക്ക് വേദി മാറ്റാനാണ് അധികൃതര്‍ ആലോചിക്കുന്നത്.
സംഭവത്തിന്റെ ഞെട്ടലിലാണ് വിദേശതാരങ്ങളടക്കമുള്ളവരെന്നാണ് റിപ്പോര്‍ട്ട്. താരങ്ങള്‍ പിഎസ്എല്‍ വിടാനൊരുങ്ങുന്നതായും വിവരമുണ്ട്. ടെലഗ്രാഫിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇംഗ്ലണ്ട് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങാനുള്ള നീക്കം നടത്തുകയാണ്. ജെയിംസ് വിന്‍സ്, ടോം കറന്‍, സാം ബില്ലിങ്‌സ്, ക്രിസ് ജോര്‍ദാന്‍, ഡേവിഡ് വില്ലി തുടങ്ങിയ ഇംഗ്ലീഷ് താരങ്ങള്‍ പിഎസ്എല്ലില്‍ കളിക്കുന്നുണ്ട്.
റാവൽപിണ്ടി സ്റ്റേഡിയത്തിന് സമീപത്തുള്ള ഒരു റെസ്‌റ്റോറന്റ് കെട്ടിടം ഭാഗികമായി തകര്‍ന്നതായാണ് വിവരം. പ്രദേശം അധികൃതര്‍ സീല്‍ ചെയ്തതായും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും പാക് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡ്രോണിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ഡ്രോണില്‍ പേ ലോഡ് ഉണ്ടായിരുന്നോ എന്ന കാര്യം പരിശോധിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പിഎസ്എല്ലില്‍ കളിക്കുന്ന താരങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഇംഗ്ലണ്ട്, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുകള്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. പിസിബിയുമായും ഇസ്ലാമാബാദിലെ ബംഗ്ലാദേശ് ഹൈകമ്മിഷനുമായും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ബന്ധപ്പെടുന്നുണ്ട്. താരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് ബിസിബി പ്രസ്താവനയില്‍ അറിയിച്ചു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും സാഹചര്യം നിരീക്ഷിച്ചുവരുകയാണ്.
നടക്കാനിരിക്കുന്ന പാകിസ്താന്‍-ബംഗ്ലാദേശ് ടി20 പരമ്പരയും അനിശ്ചിതത്വത്തിലാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര മേയ് 25-നാണ് തുടങ്ങുന്നത്. നിലവിലെ സ്ഥിതിഗതികള്‍ക്കനുസരിച്ച് മാത്രമേ പരമ്പര നടക്കൂ. ബംഗ്ലാദേശ് പാകിസ്താനില്‍ പോയി കളിക്കുമോ എന്നതില്‍ വ്യക്തത വരാനുണ്ട്.
Content Highlights: Pakistan Super League Matches Cancelled cognition sindoor pcb meeting








English (US) ·